
നമ്മെ വിട്ടുപിരിഞ്ഞ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷനായിരുന്ന പാണക്കാട് സയിദ് ഹൈദരലി ശിഹാബ് തങ്ങൾ എന്നും മതസൗഹാർദത്തെ നെഞ്ചോട് ചേർത്ത വ്യക്തിയായിരുന്നു. രാഷ്ട്രീയത്തിനപ്പുറം വ്യക്തിബന്ധം സൂക്ഷിക്കാനും അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചു. രാഷ്ട്രീയ മേഖലയിലെ സൗമ്യ മുഖമായിരുന്നു അദ്ദേഹം.
രാഷ്ട്രീയേതര സംഘടനകളിലും അദ്ദേഹം പ്രവർത്തിച്ചു. അനാഥ മന്ദിരങ്ങളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും നേതൃത്വത്തിലും അദ്ദേഹം ഉണ്ടായിരുന്നു. സമസ്ത കേരള ജം ഇയ്യത്തുൽ ഉലമയുടെ നേതാവ് എന്ന നിലയിലും അദ്ദേഹത്തിന്റെ പ്രവർത്തനം ശ്രദ്ധേയമായിരുന്നു. ഇസ്ലാമിക പണ്ഡിതൻ എന്ന നിലയിൽ അദ്ദേഹം ഏറെ ആദരവ് നേടി. നിരവധി മഹല്ലുകളുടെ ഖാസി എന്ന നിലയിൽ ബഹുമാനം ഏറ്റുവാങ്ങി അദ്ദേഹം.
ഒരു രാഷ്ട്രീയ പാർട്ടി എന്ന നിലയ്ക്ക് മുസ്ലിം ലീഗിന് കനത്ത നഷ്ടമാണ് അദ്ദേഹത്തിന്റെ നിര്യാണത്തിലൂടെ ഉണ്ടായിരിക്കുന്നതാണ്. ചലനപാതയിൽ ലീഗിന് ഇടർച്ച ഉണ്ടായപ്പോൾ ഒക്കെ വലിയ വ്യതിയാനമില്ലാതെ പാർട്ടിയെ നയിക്കാൻ അദ്ദേഹത്തിനായി.
അതിതീവ്ര നിലപാടുകളോട് അദ്ദേഹം വിട്ടുവീഴ്ചയില്ലാത്ത നിലപാട് എടുത്തു. ഈ നിലപാട് ഉയർത്തിപിടിച്ചു തന്നെ അദ്ദേഹം പാർട്ടിയെ നയിച്ചു. അദ്ദേഹത്തിന്റെ നയങ്ങളെ അതേ അർത്ഥത്തിൽ പിന്തുടരുക എന്നത് ലീഗിന്റെ പുതുനേതൃത്വത്തിന് അക്ഷരാർത്ഥത്തിൽ വെല്ലുവിളി തന്നെയാണ്. അദ്ദേഹത്തിന്റെ ഓർമകൾക്ക് മുന്നിൽ ശിരസ് നമിക്കുന്നു.