ചിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സില്‍ അഖില ലോക പ്രാര്‍ത്ഥനാദിനം ആചരിച്ചു – ബഞ്ചമിന്‍ തോമസ് (പി.ആര്‍.ഒ)

ചിക്കാഗോ: ചിക്കാഗോ എക്യൂമെനിക്കല്‍ സമൂഹം മാര്‍ച്ച് 12-നു ശനിയാഴ്ച വൈകുന്നേരം എല്‍മസ്റ്റ് സെന്റ് ഗ്രിഗോറിയോസ് മലങ്കര ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ പ്രാര്‍ത്ഥനാദിനാചരണം നടത്തി. പ്രാര്‍ത്ഥനകള്‍ക്ക് മുമ്പായി ബിഷപ്പും, വൈദീകരും, എക്യൂമെനിക്കല്‍ അംഗങ്ങളും പ്രദക്ഷിണമായി ദേവാലയത്തില്‍ പ്രവേശിച്ചു. തുടര്‍ന്ന് മുഖ്യാതിഥിയായ മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിന്റെ സഹായ മെത്രാപ്പോലീത്ത ഡോ. സഖറിയാസ് മാര്‍ അപ്രേം തിരുമേനി ഭദ്രദീപം തെളിയിച്ച് സമ്മേളനം ഉദ്ഘാടനം ചെയ്യുകയും, പ്രാരംഭ കൗമാ പ്രാര്‍ത്ഥനകള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തു.

എക്യൂമെനിക്കല്‍ കൗണ്‍സില്‍ വൈസ് പ്രസിഡന്റും ആതിഥേയത്വം നല്‍കിയ സെന്റ് ഗ്രിഗോറിയോസ് മലങ്കര ഓര്‍ത്തഡോക്‌സ് ഇടവക വികാരിയുമായ റവ.ഫാ. എബി ചാക്കോ ഏവരേയും സമ്മേളനത്തിലേക്ക് സ്വാഗതം ചെയ്തു. തുടര്‍ന്ന് എക്യൂമെനിക്കല്‍ കൗണ്‍സില്‍ പ്രസിഡന്റ് റവ. മോണ്‍ തോമസ് മുളവനാല്‍ നടത്തിയ അധ്യക്ഷ പ്രസംഗത്തില്‍ ചിന്താവിഷയമായ ‘നിങ്ങളെപ്പറ്റി ഒരു പദ്ധതി എന്റെ മനസ്സിലുണ്ട്, നാശത്തിനല്ല, ക്ഷേമത്തിനുള്ള പദ്ധതി’ എന്നതിനെ അധികരിച്ച് സംസാരിച്ചു. പ്രതിസന്ധികളിലൂടെയും, ആരോഗ്യ പ്രശ്‌നങ്ങളിലൂടെയും, കെടുതികളിലൂടെയും കടന്നുപോകുന്ന ഈ കാലഘട്ടത്തില്‍ പ്രാര്‍ത്ഥനയ്ക്ക് വലിയ പ്രാധാന്യം നല്‍കണമെന്ന് മോണ്‍. മുളവനാല്‍ എല്ലാവരേയും ഓര്‍മ്മിപ്പിച്ചു.

Picture2

തുടര്‍ന്ന് ഡോ. സൂസന്‍ വി. ചാക്കോ നടത്തിയ ആശംസാ പ്രസംഗത്തില്‍ പ്രാര്‍ത്ഥനയ്ക്കായി പ്രത്യേകം തെരഞ്ഞെടുക്കപ്പെട്ട രാജ്യമായ ബ്രിട്ടീഷ് ഐല്‍സിന്റെ വൈവിധ്യമാര്‍ന്ന സംസ്‌കാരം, ജീവിതരീതി എന്നിവ സംക്ഷിപ്തമായി വിവരിച്ചു.

അതിനുശേഷം, ബ്രിട്ടീഷ് ഐല്‍സിലെ സ്ത്രീകള്‍ അനുദിനം അനുഭവിക്കുന്ന കഷ്ടപ്പൈടുകളുടേയും, വേദനകളുടേയും കഥകള്‍ മഞ്ജു, ഷേരന്‍, അനിത എന്നിവര്‍ പങ്കുവെച്ചു. തുടര്‍ന്ന് നടന്ന അനുതാപ പ്രാര്‍ത്ഥനയ്ക്കും, മധ്യസ്ഥ പ്രാര്‍ത്ഥനയ്ക്കും, കൃതജ്ഞതാ പ്രാര്‍ത്ഥനയ്ക്കും സുമ ജോര്‍ജ്, ജയമോള്‍ സഖറിയ, റവ.ഫാ. എബി തോമസ് തരകന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

തെരഞ്ഞെടുക്കപ്പെട്ട വേദഭാഗം (ജെറ. 29: 1-14) സിനില്‍ ആന്‍ ഫിലിപ്പ് വായിച്ചു. അതേതുടര്‍ന്ന് റവ.ഫാ. തോമസ് മാത്യു മുഖ്യാതിഥിയായ അഭി. ഡോ. സഖറിയാസ് മാര്‍ അപ്രേം തിരുമേനിയെ സദസിന് പരിചയപ്പെടുത്തി.

തിരുമേനിയുടെ അനുഗ്രഹ പ്രഭാഷണത്തില്‍ നമ്മുടെ പ്രാര്‍ത്ഥനയുടെ ചക്രവാളം വിശാലമാകണം; കാലസമ്പൂര്‍ണ്ണതയില്‍ ക്രിസ്തു യേശുവില്‍ ഒന്നായി, സഭാ വ്യക്തിത്വം നഷ്ടമാകാതെ, ചിതറിക്കിടക്കുന്നതിനെ ഒന്നിച്ചുകൊണ്ടുവരുവാന്‍ ശ്രമിക്കണമെന്ന് അത്‌ബോധിപ്പിച്ചു. തുടര്‍ന്ന് സ്‌തോത്രക്കാഴ്ച എടുക്കുകയും, റവ.ഫാ. ജറി മാത്യു അതിന്മേല്‍ പ്രാര്‍ത്ഥിക്കുകയും ചെയ്തു. സംഭാവനകള്‍ വിതരണം ചെയ്യുന്നതിനെപ്പറ്റി ഷീബാ ഷാബു വിവരിച്ചു.

സാറാമ്മ തോമസ് സ്‌തോത്രപ്രാര്‍ത്ഥനയ്ക്കും, റവ.ഫാ. ഹാം ജോസഫ് സമര്‍പ്പണ പ്രാര്‍ത്ഥനയ്ക്കും നേതൃത്വം നല്‍കി. എക്യൂമെനിക്കല്‍ കൗണ്‍സില്‍ സെക്രട്ടറി ഏലിയാമ്മ പുന്നൂസ് ഏവര്‍ക്കും നന്ദി രേഖപ്പെടുത്തി. അഭി. അപ്രേം തിരുമേനിയുടെ ആശീര്‍വാദ പ്രാര്‍ത്ഥനയോടെ സമ്മേളനം സമാപിച്ചു.

ചിക്കാഗോലാന്റ് ഓര്‍ത്തഡോക്‌സ് ഗായകസംഘം ഗാനശുശ്രൂഷകള്‍ക്ക് നേതൃത്വം നല്കി. വേള്‍ഡ് ഡേ പ്രെയര്‍ കോര്‍ഡിനേറ്റര്‍ ഡോ. സിജി വര്‍ഗീസ് എംസിയായിരുന്നു. സെന്റ് ഗ്രിഗോറിയോസ് മലങ്കര ഓര്‍ത്തഡോക്‌സ് ഇടവക സ്‌നേഹവിരുന്ന് ക്രമീകരിച്ചിരുന്നു.

Leave Comment