എയിംസ് കേരളത്തിന് ലഭിക്കേണ്ടത്, മെഡിക്കൽ കോളേജ് പൂർണ സജ്ജമാക്കും: മുഖ്യമന്ത്രിപറഞ്ഞു.

ഇരിവേരി സിഎച്ച്‌സി കെട്ടിട സമുച്ചയം പ്രവൃത്തി ഉദ്ഘാടനം ചെയ്തു.

കണ്ണൂർ: നമ്മുടെ ആരോഗ്യമേഖലയുടെ മികവിന്റെ അടിസ്ഥാനത്തിൽ ലഭിക്കേണ്ട എയിംസ് എന്ന ആവശ്യം കേന്ദ്രം പരിഗണിച്ചില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മാറ്റം അനിവാര്യമായതിനാൽ, കേരളത്തിലെ ഒരു മെഡിക്കൽ കോളേജ് എങ്കിലും കിഫ്ബി സഹായത്തോടെ എല്ലാ രീതിയിലും പൂർണമായും സജ്ജമാക്കുമെന്ന് ഇരിവേരി സാമൂഹികാരോഗ്യ കേന്ദ്രത്തിന് പുതുതായി നിർമ്മിക്കുന്ന കെട്ടിട സമുച്ചയത്തിന്റെ പ്രവൃത്തി ഉദ്ഘാടനം നിർവഹിച്ച് മുഖ്യമന്ത്രി പറഞ്ഞു.

നാം നേടിയ നേട്ടങ്ങൾക്കനുസൃതമായ പിന്തുണ നൽകാൻ കേന്ദ്ര സർക്കാറിന് കഴിയാത്തത് കേരളത്തിന്റെ ദുർഗതിയാണ്. നമ്മുടെ നാടിനെ ഇന്നത്തെ അവസ്ഥയിൽ നിർത്തിയാൽ പോരാ. കാലാനുസൃതമായ മാറ്റങ്ങൾ അനിവാര്യമാണ്. ആരോഗ്യ രംഗം മാത്രമല്ല എല്ലാ മേഖലയും നവീകരിക്കപ്പെടണം. നാടിന്റെ കരുത്ത് ജനങ്ങളുടെ ഒരുമയിലും ഐക്യത്തിലുമാണ്. ജനങ്ങൾ ആഗ്രഹിക്കുന്ന കാര്യങ്ങൾ മറ്റൊരു സമ്മർദ്ദത്തിനും വഴങ്ങാതെ പ്രവർത്തികമാക്കുകയെന്ന ബോധ്യത്തോടെയാണ് സർക്കാർ മുന്നോട്ട് പോകുന്നത്. 2016 മുതൽ 2021 വരെ സർക്കാർ ചെയ്ത പ്രവർത്തനങ്ങൾ ജനങ്ങൾ അംഗീകരിച്ചു. തുടർന്നും ഈ രീതിയിലാണ് കാര്യങ്ങൾ നിർവഹിക്കുക. കൊവിഡിന് കീഴ്‌പ്പെടുത്താൻ കഴിയാതെ ആരോഗ്യമേഖലയെ ഫലപ്രദമായി നവീകരിക്കാൻ നമുക്ക് കഴിഞ്ഞു. പ്രാഥമികരോഗ്യ കേന്ദ്രങ്ങളുടെ ശാക്തീകരണം ഇതിൽ പ്രധാന പങ്കുവഹിച്ചു. എല്ലാവരും ആശ്രയിക്കുന്ന ആരോഗ്യ കേന്ദ്രമായി ഇവ മാറി. കേരളത്തിന്റെ അഭിമാന നേട്ടങ്ങളിൽ ഒന്നാണത്-മുഖ്യമന്ത്രി പറഞ്ഞു.

Leave Comment