അതിജീവന പാതയിൽ ചേന്ദമംഗലം പഞ്ചായത്ത്

എറണാകുളം: കൈത്തറി മേഖലയും പൈതൃക കേന്ദ്രങ്ങളും കൊണ്ട് സമ്പന്നമായ പഞ്ചായത്താണ് ചേന്ദമംഗലം. പ്രളയത്തിൽ അപ്പാടെ തകർത്തെറിയപ്പെട്ടെങ്കിലും പതിയെ പതിയെ ഗ്രാമം അതിജീവിച്ചുകൊണ്ടിരിക്കുകയാണ്. ചേന്ദമംഗലം ഗ്രാമപഞ്ചായത്തിലെ വികസന പ്രവർത്തനങ്ങളെക്കുറിച്ചും ഭാവി പദ്ധതികളെക്കുറിച്ചും പ്രസിഡൻ്റ് ദിവ്യ ഉണ്ണികൃഷ്ണൻ സംസാരിക്കുന്നു…

അടിസ്ഥാന സൗകര്യവികസനം അതിവേഗത്തിൽ.

തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ഓരോ വാർഡിലും നാല് ലക്ഷം രൂപ ചെലവഴിച്ച് പുതിയ റോഡുകൾ നിർമിക്കുന്നു. കൂടാതെ എല്ലാ വാർഡുകളിലും ഒന്നര ലക്ഷം രൂപ ചെലവഴിച്ച് തോടുകൾ വൃത്തിയാക്കി. ജലജീവൻ പദ്ധതി വഴി എല്ലാ വീടുകളിലും കുടിവെള്ള കണക്ഷൻ എത്തിച്ചു. കൂടാതെ എല്ലാ വാർഡുകളിലും മിനി എംസിഎഫുകൾ സ്ഥാപിച്ച് ഹരിത കർമസേനയുടെ നേതൃത്വത്തിൽ മാലിന്യ ശേഖരണം നടത്തി, ഷ്രെഡിംഗ് യൂണിറ്റുകളിൽ പൊടിച്ച് മാലിന്യത്തിൽ നിന്ന് മൂല്യം ഉണ്ടാക്കുന്നു.

ആരോഗ്യമേഖല.

എല്ലാ സർക്കാർ ആശുപത്രികളിലും മരുന്ന് വാങ്ങുവാൻ ഫണ്ട് നൽകുന്നുണ്ട്. ആയുർവേദ ആശുപത്രിക്ക് 10 ലക്ഷം രൂപ, ഹോമിയോ ഡിസ്പെൻസറിക്ക് ആറ് ലക്ഷം, പ്രാഥമിക ആരോഗ്യകേന്ദ്രങ്ങൾക്ക് 10 ലക്ഷം എന്നിങ്ങനെ മരുന്ന് വാങ്ങുവാൻ ഫണ്ട് നൽകി.

കൃഷി.

കഴിഞ്ഞ ഓണത്തിന് പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ എല്ലാ വാർഡുകളിലും ജമന്തി കൃഷി നടത്തി വിളവെടുത്തിരുന്നു. ഇത്തവണ കൂടുതൽ പൂക്കൾ കൃഷി ചെയ്യാനാണ് തീരുമാനം. പഞ്ചായത്തിൽ കൂടുതലായും കാബേജ്, കോളിഫ്ലവർ, ചീര, വാഴ, കപ്പലണ്ടി, കൂൺ തുടങ്ങിയവയാണ് കൃഷി ചെയ്യുന്നത്.

സ്ത്രീ ശാക്തീകരണം.

പെൺകുട്ടികൾക്കായി പഞ്ചായത്ത് നേരിട്ട് കരാട്ടെ പരിശീലനം നൽകി വരുന്നു. 50 പേരുടെ രണ്ട് ബാച്ചുകൾക്ക് നിലവിൽ പരിശീലനം ലഭിക്കുന്നുണ്ട്. കൂടാതെ പഞ്ചായത്തിൻ്റെ വനിതാ ഘടക പദ്ധതി വഴിയും കുടുംബശ്രീ വഴിയും നിരവധി സ്ത്രീ കൂട്ടായ്മകൾക്ക് സംരംഭം തുടങ്ങാൻ ധനസഹായം നൽകുകയും ചെയ്യുന്നു.

ഭിന്നശേഷി സൗഹൃദ പഞ്ചായത്ത്.

ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട കുട്ടികൾക്കായി ബഡ്സ് സ്കൂൾ മികച്ച രീതിയിൽ പ്രവർത്തിച്ചുവരുന്നു. 28 വിദ്യാർത്ഥികൾ എത്തുന്ന സ്കൂളിൽ തൊഴിൽ പരിശീലനവും നൽകിവരുന്നു. വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി ഒരു ചവിട്ടി നിർമാണ യൂണിറ്റും ഇവിടെ പ്രവർത്തിക്കുന്നു. ഇതിനായി നാല് ലക്ഷം രൂപ മുടക്കി നാല് തറികൾ വാങ്ങിയിട്ടുണ്ട്. ഇവിടെ നിർമിക്കുന്ന ചവിട്ടികൾ പുറത്ത് വിൽപ്പനയ്ക്കായി കൊണ്ടുപോകുന്നു. കൂടാതെ ഇവർക്കായി സ്കോളർഷിപ്പും നൽകുന്നുണ്ട്.

മാറ്റച്ചന്ത.

എല്ലാ വർഷവും ഏപ്രിൽ 12, 13 തീയതികൾ മാറ്റ പാടം എന്നറിയപ്പെടുന്ന പാലിയം ഗ്രൗണ്ടിൽ മാറ്റച്ചന്ത നടക്കുന്നു. പഴയ ബാർട്ടർ സമ്പ്രദായത്തെ അനുസ്മരിപ്പിക്കും വിധം എല്ലാ ദേശത്ത് നിന്നുമുള്ള ആളുകൾ ഇവിടെ കച്ചവടത്തിനായി എത്തുന്നു.

പിന്നോക്കക്ഷേമം

ഗോതുരുത്തിൽ പഞ്ചായത്തിൻ്റെ സ്ഥലത്ത് പിന്നോക്കക്ഷേമ വകുപ്പിൻ്റെ ഒരു കെട്ടിടം നിർമിച്ചിട്ടുണ്ട്. അടുത്ത വർഷം പിന്നോക്ക വിഭാഗക്കാർക്കായി അവിടെ വെളിച്ചെണ്ണ യൂണിറ്റ് ആരംഭിക്കാൻ പഞ്ചായത്ത് തീരുമാനിച്ചിട്ടുണ്ട്. വിദ്യാർത്ഥികൾക്കായി സ്കോളർഷിപ്പ്, പഠനമുറി പദ്ധതി, വനിതകൾക്ക് വിവാഹ ധനസഹായം, കോളനി നവീകരണത്തിന് സഹായം എന്നിവ നൽകിവരുന്നു.

ചേന്ദമംഗലം കൈത്തറി.

നഷ്ടമായിക്കൊണ്ടിരിക്കുന്ന ചേന്ദമംഗലം കൈത്തറിയുടെ പ്രതാപം വീണ്ടെടുക്കുന്നതിനായി കൈത്തറി മ്യൂസിയം നിർമിക്കാൻ ഒരുങ്ങുകയാണ് പഞ്ചായത്ത്. 30 കോടി രൂപയുടെ പദ്ധതിയാണിത്. ഉടൻ തന്നെ നിർമാണം ആരംഭിക്കും.

തദ്ദേശീയ ഉത്പന്നങ്ങൾ പ്രോത്സാഹിപ്പിക്കുന്നു.

പഞ്ചായത്തിൽ ഉത്പാദിപ്പിക്കുന്ന തദ്ദേശീയ ഉത്പന്നങ്ങൾ അങ്കണവാടികളിൽ വിതരണം ചെയ്യാനുള്ള പദ്ധതി അടുത്ത മാസം മുതൽ നടപ്പിലാക്കും. കഴിഞ്ഞ മാസം കോഴി വിതരണം ഉണ്ടായിരുന്നു. ഈ കോഴികളുടെ മുട്ടകൾ അടുത്ത മാസം മുതൽ വിതരണം ചെയ്യാനാണ് തീരുമാനം.

Leave Comment