ഒഐസിസി യുഎസ്എ നാഷണൽ കമ്മിറ്റി ചെയർമാനായി തിരഞ്ഞെടുത്ത ജെയിംസ് കൂടലിന് ജന്മനാട്ടിൽ സ്വീകരണം നൽകി.

പത്തനംതിട്ട: ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് യു.എസ്.എ നാഷണൽ കമ്മിറ്റി ചെയർമാനായി തിരഞ്ഞെടുത്ത ജെയിംസ് കൂടലിന് കലഞ്ഞൂർ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. 1992 ൽ കലഞ്ഞൂർ കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റായിരുന്ന ജെയിംസ് കൂടലിനെ കഴിഞ്ഞ ദിവസമാണ് ഒഐസിസി യുഎസ്എ നാഷണൽ കമ്മിറ്റി ചെയർമാനായി കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ നാമനിർദ്ദേശം ചെയ്തത്.

ജെയിംസ് കൂടലിൻ്റെ നേട്ടം ജില്ലയിലെ കോൺഗ്രസ് പ്രസ്ഥാനത്തിൻ്റെ കൂടി നേട്ടമാണെന്ന് ഡിസിസി പ്രസിഡൻ്റ് പ്രഫ. സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു. മണ്ഡലം പ്രസിഡൻ്റായി ഇരുന്ന കാലം മുതൽ ജെയിംസ് നടത്തിവന്ന പ്രവർത്തനങ്ങൾ ശ്രദ്ധേയമാണ്. അദ്ദേഹത്തിന് ആശംസകൾ നേരുന്നതിനൊപ്പം ജില്ലയിലെ കോൺഗ്രസ് പ്രസ്ഥാനത്തിന് നൽകി വരുന്ന പിന്തുണയ്ക്ക് നന്ദിയും രേഖപ്പെടുത്തി. കലഞ്ഞൂരിലെ കോൺഗ്രസ് പ്രവർത്തകരുടെ സ്നേഹവും പിന്തുണയുമാണ് തന്നെ നയിച്ചതെന്നും ജില്ലയിലെ കോൺഗ്രസ് പ്രസ്ഥാനത്തെ ശക്തിപ്പെടുത്താൻ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നതായും മറുപടി പ്രസംഗത്തിൽ ജെയിംസ് കൂടൽ പറഞ്ഞു.

ഡിസിസി പ്രസിഡൻ്റ് പ്രഫ. സതീഷ് കൊച്ചുപറമ്പിൽ, ഡി.സി.സി വൈസ് പ്രസിഡൻ്റ് അഡ്വ.എ.സുരേഷ്കുമാർ, ജനറൽ സെക്രട്ടറി എം.വി.ഫിലിപ്പ്, കോൺഗ്രസ് നേതാക്കളായ ശ്യാം എസ്. കോന്നി, മണ്ഡലം പ്രസിഡൻ്റ് അനീഷ് ഗോപിനാഥ് തുടങ്ങിയവർ സ്വീകരണത്തിന് നേതൃത്വം നൽകി.

Leave Comment