ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്ലോബല്‍ നഴ്സിങ്ങ് അവാര്‍ഡ്: 10 ഫൈനലിസ്റ്റുകളെ പ്രഖ്യാപിച്ചു

84 രാജ്യങ്ങളില്‍ നിന്നുള്ള 24,000 നഴ്സുമാരില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഈ 10 ഫൈനലിസ്റ്റുകളില്‍ നിന്ന് അന്തിമ ജേതാവാകുന്ന ഒരു നഴ്സിന് 250,000 ഡോളര്‍ സമ്മാനത്തുകയുളള അവാര്‍ഡ് ലഭിക്കും.

കൊച്ചി: ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്ലോബല്‍ നഴ്സിങ്ങ് അവാര്‍ഡ് ഫൈനലിസ്റ്റ് പട്ടിക പ്രസിദ്ധീകരിച്ചു. 184-ലധികം രാജ്യങ്ങളില്‍ നിന്ന് അപേക്ഷിച്ച 24,000-ലധികം നഴ്സുമാരില്‍ നിന്നാണ് 10 ഫൈനലിസ്റ്റുകളെ തിരഞ്ഞെടുത്തത്.

ഇന്ത്യയില്‍ നിന്നും ലിന്‍സി പടിക്കാല ജോസഫ്, മഞ്ജു ദണ്ഡപാണി എന്നിവര്‍ക്ക് പുറമേ കെനിയയില്‍ നിന്നുള്ള അന്ന ഖബാലെ ദുബ, ദിദ ജിര്‍മ ബുല്ലെ, യുകെയില്‍ നിന്നുള്ള ഫ്രാന്‍സിസ് മൈക്കല്‍ ഫെര്‍ണാണ്ടോ, യുഎഇയില്‍ നിന്നുള്ള ജാസ്മിന്‍ മുഹമ്മദ് ഷറഫ്, യുകെയില്‍ നിന്നുള്ള ജൂലിയ ഡൊറോത്തി ഡൗണിംഗ്, ഓസ്‌ട്രേലിയയില്‍ നിന്നുള്ള മാത്യു ജെയിംസ് ബോള്‍, യുഎസില്‍ നിന്നുള്ള റേച്ചല്‍ എബ്രഹാം ജോസഫ്, അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള വൈസ് മുഹമ്മദ് ഖറാനി എന്നിവരാണ് ഫൈനലിസ്റ്റ് പട്ടികയില്‍ ഇടം നേടിയിട്ടുള്ളവര്‍.

അവാര്‍ഡിന്റെ സ്‌ക്രീനിംഗ് ജൂറിയുടെയും, ഗ്രാന്‍ഡ് ജൂറിയുടെയും സഹായത്തോടെ ഏണസ്റ്റ് ആന്റ് യംഗ് സ്വതന്ത്രമായി നടത്തിയ കര്‍ശനമായ അവലോകന പ്രക്രിയയിലൂടെയാണ് ഫൈനലിസ്റ്റുകളെ കണ്ടെത്തിയിരിക്കുന്നത്. ആദ്യം എല്ലാ അപേക്ഷകളും വിലയിരുത്തിയതിനുശേഷം അതില്‍ നിന്നും 181 പേരുടെ ഒരു ചുരുക്ക പട്ടികയുണ്ടാക്കുകയും, തുടര്‍ന്ന് സൂക്ഷ്മമായ വിലയിരുത്തലുകള്‍ക്ക് ശേഷം 41 മികച്ച അപേക്ഷകരെ കണ്ടെത്തുകയുമായിരുന്നു. ഈ 41 അപേക്ഷകളില്‍ ഗ്രാന്‍ഡ് ജൂറി നടത്തിയ അവലോകനത്തിന് ശേഷമാണ് മികച്ച 10 ഫൈനലിസ്റ്റുകളെ പ്രഖ്യാപിക്കുന്നത്. നേതൃത്വം, ഗവേഷണം/നവീകരണം, രോഗീപരിചരണം, സാമൂഹിക സേവനം എന്നീ നാല് രംഗങ്ങളില്‍ നടത്തിയ സംഭാവനകള്‍ വിശദീകരിച്ചുകൊണ്ട് എല്ലാ നഴ്‌സുമാരോടും അപേക്ഷ സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ടായിരുന്നു പ്രക്രിയയ്ക്ക് തുടക്കമായത്.

ആസ്റ്റര്‍ സ്ഥാപനങ്ങളുടെ പ്രധാന സ്തംഭമായി നിലകൊള്ളുന്നത് 7000-ത്തിലധികം വരുന്ന നഴ്സുമാരാണെന്ന് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയര്‍ സ്ഥാപക ചെയര്‍മാനും മാനേജിങ്ങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. മഹാമാരിയുടെ കാലത്ത്, സ്വന്തം സുരക്ഷയും ജീവിതവും പരിഗണിക്കാതെ, അര്‍പ്പണബോധത്തോടും ത്യാഗത്തോടും കൂടി ഈ നഴ്‌സുമാര്‍ നടത്തിയ നിര്‍ണായക സേവനങ്ങള്‍ ആഗോളതലത്തില്‍ ശ്രദ്ധിക്കപ്പെട്ടു. ശ്രേഷ്ഠമായ ഈ തൊഴിലെടുക്കുന്നവരെ അംഗീകരിക്കുന്നതിനായി നഴ്സുമാര്‍ക്ക് ആഗോളതലത്തില്‍ ഒരു അവാര്‍ഡ് ഏര്‍പ്പെടുത്തുന്നത് ഉചിതമാണെന്ന് മനസ്സിലാക്കിയാണ് ഇത്തരമൊരു അവാര്‍ഡ് ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചതെന്നും ഡോ. ആസാദ് മൂപ്പന്‍ വ്യക്തമാക്കി.

ഫൈനലിസ്റ്റുകളില്‍ നിന്ന് ഒന്നാം സ്ഥാനത്തെത്തുന്ന വിജയിക്ക് 250,000 യുഎസ് ഡോളറിന്റെ ഗ്രാന്‍ഡ് പ്രൈസ് സമ്മാനമായി ലഭിക്കും. മറ്റ് ഒമ്പത് ഫൈനലിസ്റ്റുകള്‍ക്ക് പ്രൈസ് മണി ഉള്‍പ്പെടുന്ന അവാര്‍ഡും ലഭിക്കും. അവസാന റൗണ്ടില്‍ ഫൈനലിസ്റ്റുകളായ ഓരോ നഴ്സുമാര്‍ക്കും വേണ്ടി പൊതുവോട്ടിങ്ങും, ഗ്രാന്‍ഡ് ജൂറി അംഗങ്ങളുമായുള്ള നേരിട്ടുള്ള അഭിമുഖവും ഏപ്രില്‍ 26 മുതല്‍ ആരംഭിക്കും. ഹോവാര്‍ഡ് കാറ്റണ്‍ – ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍, ഇന്റര്‍നാഷണല്‍ കൗണ്‍സില്‍ ഓഫ് നഴ്‌സസ്, സ്വിറ്റ്‌സര്‍ലന്‍ഡ്, പ്രൊഫ. ഷീല ത്‌ലോ – കോ-ചെയര്‍പേഴ്‌സണ്‍, ഗ്ലോബല്‍ എച്ച്‌ഐവി പ്രിവന്‍ഷന്‍ കോയലിഷന്‍, മുന്‍ ആരോഗ്യമന്ത്രി, പാര്‍ലമെന്റ് അംഗം – ഗവ. ഓഫ് ബോട്‌സ്വാന, പ്രൊഫ. ജെയിംസ് ബുക്കന്‍ – അഡ്ജങ്ക്റ്റ് പ്രൊഫസര്‍, ലോകാരോഗ്യ സംഘടനയുടെ നഴ്സിങ്ങിനുള്ള സഹകരണ കേന്ദ്രം, മുരളി തുമ്മാരുകുടി, ആക്ടിംഗ് ഹെഡ്, ഡിസാസ്റ്റേഴ്‌സ് ആന്‍ഡ് കോണ്‍ഫ്‌ലിക്ട്‌സ് ഗ്ലോബല്‍ സപ്പോര്‍ട്ട് ബ്രാഞ്ച്, യുണൈറ്റഡ് നേഷന്‍സ് എന്‍വയോണ്‍മെന്റ് പ്രോഗ്രാം, സ്വിറ്റ്‌സര്‍ലന്‍ഡ്, ഡോ. കരോലിന്‍ ഗോമസ്, ജമൈക്കയിലെ കരീബിയന്‍ വള്‍നറബിള്‍ കമ്മ്യൂണിറ്റീസ് കോളിഷന്‍ (സിവിസി) എക്സിക്യൂട്ടീവ് ഡയറക്ടര്‍ എന്നിവരാണ് അവാര്‍ഡ് നിര്‍ണയിക്കുന്ന ഗ്രാന്‍ഡ് ജൂറി അംഗങ്ങള്‍. മികച്ച 10 ഫൈനലിസ്റ്റുകളെക്കുറിച്ച് കൂടുതലറിയാന്‍, ദയവായി സന്ദര്‍ശിക്കുക: https://www.asterguardians.com/

Report :  (Vijin Vijayappan)

Leave Comment