സെന്റര്‍വില്ല (ടെക്സസ്): ജയില്‍ പുളളികളുമായി പോയിരുന്ന ടെക്സസ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ക്രിമിനല്‍ ജസ്റ്റിസിന്റെ ട്രാന്‍സ്പോര്‍ട്ട് ബസിലെ ഡ്രൈവറെ മര്‍ദ്ദിച്ചു വാഹനവുമായി രക്ഷപ്പെട്ട പ്രതിക്കുവേണ്ടി ലിയോണ്‍ കൗണ്ടി ഷെറിഫ് ഓഫീസ് അന്വേഷണം ശക്തമാക്കി. പ്രതിയെകുറിച്ചു വിവരം ലഭിക്കുന്നവര്‍ 911 വിളിച്ചോ, ഷെരീഫ് ഓഫീസുമായോ ബന്ധപ്പെടണമെന്ന് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു. മെയ് 12 വ്യാഴാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം.

ബസില്‍ ഉണ്ടായിരുന്ന ജയില്‍ പുള്ളി ഗൊണ്‍സാലൊ ലോപസ് (46), ബസിന്റെ ഡ്രൈവറെ മര്‍ദിച്ചു നിയന്ത്രണം ഏറ്റെടുത്തു. അതിവേഗത്തില്‍ മുന്നോട്ടുപോയ വാഹനം സെന്റര്‍ വില്ലയ്ക്കു രണ്ടു മൈല്‍ ദൂരെ അപകടത്തില്‍പെട്ടു. ഉടന്‍ ബസ്സില്‍ നിന്നും ഇറങ്ങി മരങ്ങള്‍ തിങ്ങി നിറഞ്ഞ പ്രദേശത്തിലൂടെ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. ബസിലുണ്ടായിരുന്ന മറ്റു പ്രതികള്‍ ആരും തന്നെ രക്ഷപ്പെടാന്‍ ശ്രമിച്ചില്ല. കാര്യമായ പരിക്കളും ഉണ്ടായിരുന്നില്ല.

ഹിഡന്‍ഗൊ കൗണ്ടിക്കു പുറത്തുച്ചെു നടത്തിയ കൊലപാതകത്തില്‍ ജീവപര്യന്തം ശിക്ഷ അനുഭവിച്ചു വന്നിരുന്ന പ്രതിക്ക് വെബ് കൗണ്ടിയിലെ മറ്റൊരു കൊലപാതക കേസില്‍ വിചാരണ നേരിട്ടു വരികയാണ്. രക്ഷപ്പെട്ട പ്രതി അപകടകാരിയാണെന്നും, ഇയാളെ കണ്ടെത്തിയാല്‍ നേരിട്ടു പിടികൂടാന്‍ ശ്രമിക്കരുതെന്നും, പോലീസിനെ അറിയിക്കണമെന്നും ലിയോണ്‍ കൗണ്ടി ഷെറിഫ് ഓഫീസ് അറിയിച്ചു.

Leave Comment