മൃഗങ്ങൾക്കും ഇനി തിരിച്ചറിയൽ കാർഡ്

Spread the love

പത്തനംതിട്ട : മനുഷ്യർക്കുള്ള ആധാർ നമ്പർ പോലെ മൃഗങ്ങൾക്കും ഒറ്റത്തവണ തിരിച്ചറിയൽ കാർഡ് നമ്പർ പ്രാബല്യത്തിൽ വന്നു. നിലവിൽ മൃഗങ്ങളുടെ കാതുകളിൽ കമ്മൽ ആയി ഉപയോഗിക്കുന്ന മഞ്ഞ പ്ലാസ്റ്റിക് ടാഗിന് പകരമായുള്ള ശാശ്വതപരിഹാരം ആണ് ഈ മൈക്രോ ചിപ്പ്. മൃഗങ്ങളുടെ തൊലിക്കടിയിൽ ഉപയോഗിക്കുന്ന RFID (റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ) മൈക്രോ ചിപ്പ് ഓരോ മൃഗങ്ങളുടെയും ജീവിതരേഖകൾ, ആരോഗ്യപുരോഗതി, ഇൻഷുറൻസ് എന്നീ രംഗത്ത് വൻ മാറ്റങ്ങൾക്ക് തുടക്കം കുറിക്കാൻ കാരണമാകും. റീ ബിൽഡ് കേരള’ യിൽ ഉൾപ്പെടുത്തിയ ഇ-സമൃദ്ധ പദ്ധതിയുടെ ഭാഗമായുള്ള മൈക്രോ ചിപ്പ്, പത്തനംതിട്ട ജില്ലയിൽ പൈലറ്റ് പ്രൊജക്റ്റ് ആയി നടപ്പാക്കിത്തുടങ്ങി. ഇതിന്റെ ഉദ്ഘാടനം മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി നിർവഹിച്ചു. ആരോഗ്യ മന്ത്രി വീണാ ജോർജ് അധ്യക്ഷ്യത വഹിച്ചു.മൃഗസംരക്ഷണ വകുപ്പ് പത്തനംതിട്ട ജില്ലയിൽ നടപ്പിലാക്കുന്ന മൈക്രോചിപ്പ് പദ്ധതി മുഴുവൻ ജില്ലകളിലേക്കും ഉടൻ വ്യാപിപ്പിക്കുമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. പത്തനംതിട്ട ഓമല്ലൂർ എ ജി ടി ഗ്രീൻ ഗാർഡൻ ഫാമിലെ ‘അമ്മിണി’ എന്ന പശുവിലാണ് ആദ്യത്തെ മൈക്രോ ചിപ്പ് ഘടിപ്പിച്ചത്.ചടങ്ങിൽ പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ, ഓമല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജോൺസൺ വിളവിനാൽ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാറാ തോമസ്, ബീനപ്രഭ, മറ്റു ജനപ്രതിനിധികൾ, രാഷ്ട്രീയകക്ഷി പ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ സംബന്ധിച്ചു.

Author