ഏഷ്യയിലെ ഏറ്റവും വലിയ സസ്യാധിഷ്ഠിത പ്രോട്ടീന്‍ നിര്‍മ്മാതാക്കളായി മാറാന്‍ ലക്ഷ്യമിട്ട് സിമേഗ. കൊച്ചിയില്‍ നിര്‍മാണ യൂണിറ്റ് ആരംഭിക്കും

Spread the love

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയെ ആള്‍ട്ടര്‍നേറ്റീവ് പ്രോട്ടീനുകളുടെ നിര്‍മ്മാണ ഹബ്ബാക്കി മാറ്റാന്‍ 100 കോടി രൂപ ചെലവഴിക്കുന്നു

കൊച്ചി : പാചക ഉല്‍പന്നങ്ങള്‍, ഫ്ളേവേഴ്സ്, പ്രകൃതിദത്ത നിറങ്ങള്‍ എന്നിവയുടെ മുന്‍നിര നിര്‍മ്മാതാക്കളായ സിമേഗ ഫുഡ് ഇന്‍ഗ്രിഡിയന്റ്സ്, സസ്യാധിഷ്ഠിത പ്രോട്ടീന്‍ മേഖലയിലേക്ക് ചുവടുവെക്കുന്നു. അതിനായി കൊച്ചിയില്‍ പുതിയ നിര്‍മ്മാണ യൂണിറ്റ് ആരംഭിക്കുന്നതായും കമ്പനി അറിയിച്ചു. ഇന്ത്യയിലും വിദേശത്തും വര്‍ധിച്ചുവരുന്ന സസ്യാധിഷ്ഠിത ഭക്ഷണ ആവശ്യങ്ങള്‍ നിറവേറ്റാന്‍ അത്യാധുനിക ഗവേഷണ-വികസന ലബോറട്ടറിയും പ്രതിമാസം 150 മെട്രിക് ടണ്‍ ശേഷിയുള്ള ലൈനും, സസ്യാധിഷ്ഠിത ഭക്ഷ്യ ഉല്‍പ്പാദനത്തിന് പ്രത്യേകമായി ഏറ്റവും പുതിയ യന്ത്രങ്ങളും സിമേഗ ഒരുക്കുന്നു.

പൂര്‍ണ്ണമായും ബിസിനസ് ടു ബിസിനസ് ഓപ്പറേഷന്‍ നടത്തുന്ന സിമേഗയുടെ സസ്യാധിഷ്ഠിത ശ്രേണി പ്രാഥമികമായി ലക്ഷ്യമിടുന്നത് പാക്കേജ്ഡ് ഫുഡ് ബ്രാന്‍ഡ് ഉടമകളെയും, ഫുഡ് സര്‍വീസ് ശൃംഖലകളെയുമാണ്. നിലവില്‍ വിപണിയില്‍ ലഭ്യമായ ബദലുകളില്‍ നിന്ന് വ്യത്യസ്തമായി, സസ്യാധിഷ്ഠിത മാംസത്തിനും പാലിനുമുള്ള വര്‍ധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിനായി സൗകര്യപ്രദവും പോഷകസമൃദ്ധവും അലര്‍ജിയില്ലാത്തതുമായ ഫോര്‍മുലേഷനുകളാണ് സിമേഗ ലക്ഷ്യമിടുന്നത്.

സസ്യാധിഷ്ഠിത മാംസാഹാരമായാലും, പാല്‍, ചീസ് എന്നിവയ്ക്ക് പകരമുള്ള സസ്യാഹാരമായാലും, തീവ്രമായ ഗവേഷണത്തിന്റെയും വിപുലമായ സെന്‍സറി, രുചി, ഘടന, പോഷകം എന്നിവയുടെ മൂല്യനിര്‍ണ്ണയത്തിന്റെയും അടിസ്ഥാനത്തിലാണ് ഉല്‍പ്പന്നം വികസിപ്പിക്കുന്നത്. പീസ്, ഗോതമ്പ്, അരി, പയര്‍, ചക്ക എന്നിവയാണ് സസ്യാധിഷ്ഠിത ഭക്ഷണങ്ങളുടെ അടിസ്ഥാനമായ പ്രോട്ടീനുകളില്‍ ചിലത്.

ഈ വര്‍ഷം അവസാനത്തോടെ എക്‌സ്ട്രൂഡ് പ്രോട്ടീനുകള്‍ നിര്‍മ്മിക്കാനും നിലവിലുള്ള ശേഷി ഇരട്ടിയാക്കാനുള്ള ഗ്രീന്‍ഫീല്‍ഡ് സൗകര്യത്തില്‍ നിക്ഷേപിക്കാനുമുള്ള പദ്ധതിയും സിമേഗ പ്രഖ്യാപിച്ചു. 2030 ഓടെ യൂറോപ്പിലെയും ഏഷ്യയിലെയും സസ്യാധിഷ്ഠിത പ്രോട്ടീനുകളുടെ നിര്‍മ്മാണ കേന്ദ്രമായി ഇന്ത്യയെ മാറ്റാനാണ് സിമേഗ ലക്ഷ്യമിടുന്നത്.

സസ്യാധിഷ്ഠിത പ്രോട്ടീനുകള്‍ വീഗന്‍ ഭക്ഷണ ഇനങ്ങളില്‍ മാത്രം ഒതുങ്ങുന്നില്ല, ആരോഗ്യകരമായ ഭക്ഷണ ശീലങ്ങള്‍ക്കും സുസ്ഥിരമായ ജീവിതശൈലിക്കും യുക്തിസഹമായ ഒരു ബദലായി ഇത് അതിവേഗം വളരുന്നു. അതിനുള്ള ഗവേഷണ-വികസനങ്ങള്‍ക്കും, നിര്‍മ്മാണ ശേഷി വര്‍ധിപ്പിക്കലിനുമായി അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഞങ്ങള്‍ 100 കോടി രൂപ ചെലവഴിക്കും – സിമേഗ മാനേജിംഗ് ഡയറക്ടര്‍ സന്തോഷ് സ്റ്റീഫന്‍ പറഞ്ഞു.

ഉല്‍പ്പന്നങ്ങള്‍ വികസിപ്പിക്കുന്നതിനും നിര്‍മ്മിക്കുന്നതിനുമായി ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ സസ്യാധിഷ്ഠിത ഫുഡ് സ്റ്റാര്‍ട്ടപ്പായ വകാവോ നിലവില്‍ സിമേഗയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു.

Report : Dhananjay CS

Author