സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികാഘോഷം സംസ്ഥാനതല സമാപനം 2ന്; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

Spread the love

രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ സംസ്ഥാനതല സമാപനം ജൂൺ രണ്ടിന് തിരുവനന്തപുരത്ത് നടക്കും. നിശാഗന്ധി ഓഡിറ്റോറിയത്തിൽ വൈകിട്ട് 5ന് നടക്കുന്ന സാമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സർക്കാരിന്റെ പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി ചടങ്ങിൽ പ്രകാശനം ചെയ്യും. റവന്യു മന്ത്രി കെ. രാജൻ അധ്യക്ഷത വഹിക്കും.
മന്ത്രിമാരായ റോഷി അഗസ്റ്റിൻ, കെ. കൃഷ്ണൻകുട്ടി, എ. കെ. ശശീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ, ആന്റണിരാജു, വി. ശിവൻകുട്ടി, ജി. ആർ. അനിൽ, പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ, മേയർ ആര്യാ രാജേന്ദ്രൻ, എം. പിമാർ, എം. എൽ. എമാർ, മറ്റു ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും. ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ് സ്വാഗതം പറയുന്ന ചടങ്ങിൽ പൊതുഭരണം, ഇൻഫർമേഷൻ പബ്‌ളിക് റിലേഷൻസ് വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ. ആർ. ജ്യോതിലാൽ നന്ദി പറയും. ഉദ്ഘാടന സമ്മേളനത്തിനു ശേഷം ഗോപിസുന്ദർ അവതരിപ്പിക്കുന്ന മാജിക്കൽ മ്യൂസിക്ക് നൈറ്റ് പരിപാടി അരങ്ങേറും.

Author