നവകേരളം പച്ചത്തുരുത്ത് സംസ്ഥാന തല ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു

പച്ചത്തുരുത്ത് പദ്ധതി സ്വാഭാവിക ആവാസ വ്യവസ്ഥ പുനഃസ്ഥാപിക്കാൻ: മുഖ്യമന്ത്രി
കണ്ണൂർ: ഒരേയൊരു ഭൂമിയുടെ സ്വാഭാവിക ആവാസ വ്യവസ്ഥ പുനഃസ്ഥാപിക്കാനാണ് പച്ചത്തുരുത്ത് പദ്ധതി വ്യാപനത്തിലൂടെ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നവകേരളം കർമപദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന നവകേരളം പച്ചത്തുരുത്ത് പദ്ധതി സംസ്ഥാന തല ഉദ്ഘാടനം കണ്ണൂർ ജില്ലയിലെ മുഴക്കുന്ന് ഗ്രാമപഞ്ചായത്തിലെ അയ്യപ്പൻകാവിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പരിസ്ഥിതി ദിനത്തിൽ അയ്യപ്പൻ കാവിലെ പച്ചത്തുരുത്തിൽ എരിഞ്ഞി തൈ നട്ടാണ് മുഖ്യമന്ത്രി സംസ്ഥാന തല ഉദ്ഘാടനം നിർവ്വഹിച്ചത്.നിലവിൽ സംസ്ഥാനത്ത് 574 ഏക്കറിലാണ് പച്ചത്തുരുത്തുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതിൽ 158 ഏക്കറിൽ നടത്തിയ സാമ്പിൾ പഠനത്തിൽ ഈ പച്ചത്തുരുത്തുകൾ പ്രതിവർഷം 641 ടൺ കാർബൺ ആഗിരണം ചെയ്യുന്നതായാണ് കണ്ടെത്തിയത്. കാർബൺ ന്യൂട്രൽ എന്ന വിശാലമായ ലക്ഷ്യത്തിലേക്കുള്ള ചുവടുവെപ്പാണ് പച്ചത്തുരുത്തുകളെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഴക്കുന്നിലെ 136 ഏക്കറിൽ കൂടി പച്ചത്തുരുത്ത് വരുന്നത്തോടെ ആകെ 710 ഏക്കറിൽ പച്ചത്തുരുത്ത് ആകും. 2000 ഏക്കറിൽ പച്ചത്തുരുത്ത് സൃഷ്ടിക്കുകയാണ് ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.തദ്ദേശ സ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്തി എം.വി. ഗോവിന്ദൻ മാസ്റ്റർ അധ്യക്ഷനായി. നവകേരളം കർമ്മ പദ്ധതി സംസ്ഥാന കോ-ഓർഡിനേറ്റർ ഡോ. ടി.എൻ. സീമ പദ്ധതി വിശദീകരിച്ചു.സണ്ണി ജോസഫ് എം എൽ എ മുഖ്യാതിഥിയായി. പച്ചത്തുരുത്ത് ബ്രോഷർ പ്രകാശനം ഡോ. വി ശിവദാസൻ എം.പി. നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി. ദിവ്യ, ജില്ലാ കളക്ടർ എസ് ചന്ദ്രശേഖർ, മുൻ എംപി കെ കെ രാഗേഷ്, പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ സുധാകരൻ, മുഴക്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി ബിന്ദു, ഹരിതകേരള മിഷൻ ജില്ലാ കോ ഓർഡിനേറ്റർ ഇകെ സോമശേഖരൻ എന്നിവർ സംസാരിച്ചു.മുഴക്കുന്ന് ഗ്രാമപഞ്ചായത്തംഗം ഷെഫീന മുഹമ്മദ്, വനം വകുപ്പിലെ അജിത് കെ രാമൻ, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിൻറ് ഡയറക്ടർ അരുൺ ടിജെ, ജില്ലാ പ്ലാനിംഗ് ഓഫീസർ കെ പ്രകാശൻ, വിവിധ രാഷ്ട്രീയ കക്ഷിനേതാക്കൾ എന്നിവർ സംബന്ധിച്ചു. മുഴക്കുന്ന് ഗ്രാമ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള അയ്യപ്പൻകാവിലെ 136 ഏക്കർ ഭൂമിയിലാണ് പച്ചത്തുരുത്ത് ഒരുക്കുന്നത്. നിലവിൽ അഞ്ച് ഏക്കർ ഭൂമിയിൽ പച്ചത്തുരുത്തുണ്ട്. 136 ഏക്കറിൽ പച്ചത്തുരുത്ത് ഉൾപ്പെടെ ജൈവ വൈവിധ്യ ഉദ്യാനം ഒരുക്കാനാണ് ഗ്രാമ പഞ്ചായത്ത് ലക്ഷ്യമിടുന്നത്.

Leave Comment