കേരള ഖരമാലിന്യ പരിപാലന പദ്ധതി: ലോകബാങ്ക് പ്രതിനിധി സംഘവുമായി മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ ചര്‍ച്ചനടത്തി

Spread the love

കേരള ഖരമാലിന്യ പരിപാലന പദ്ധതി സംബന്ധിച്ച് ലോകബാങ്ക് പ്രതിനിധി സംഘവുമായി മന്ത്രി എം.വി.ഗോവിന്ദന്‍മാസ്റ്റര്‍ കൂടിക്കാഴ്ച നടത്തി. ലോകബാങ്ക് പ്രാക്ടീസ് മാനേജര്‍ മെസ്‌കെരം ബ്രഹനെ, സീനിയര്‍ അര്‍ബന്‍ ഇക്കണോമിസ്റ്റ് ആന്‍ഡ് ടാസ്‌ക് ടീം ലീഡര്‍ ഷിയു ജെറി ചെന്‍, അര്‍ബന്‍ കണ്‍സള്‍ട്ടന്റ് റിദിമാന്‍സാഹ എന്നിവരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍, കേരള ഖരമാലിന്യ പരിപാലന പദ്ധതി ഡയറക്ടര്‍ മിര്‍ മുഹമ്മദ്, ജോയിന്റ് ഡയറക്ടര്‍ യു.വി.ജോസ് എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു. മാലിന്യസംസ്‌കരണത്തിന്റെ ലോകമാതൃകയാക്കി ഖരമാലിന്യ പരിപാലന പദ്ധതിയെ മാറ്റുമെന്ന് മന്ത്രി പറഞ്ഞു.

പദ്ധതിയുടെ ഭാഗമായി ഖരമാലിന്യ പരിപാലനത്തിനും സംസ്‌കരണത്തിനുമായി തദ്ദേശ സ്ഥാപന തലങ്ങളിലും മേഖലാ തലങ്ങളിലും വിവിധ മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍ ഒരുക്കും. പ്രാദേശികമായ പ്രത്യേകതകള്‍ക്കനുസരിച്ച് ഓരോ നഗരസഭകളും തയ്യാറാക്കുന്ന സമഗ്ര ഖരമാലിന്യ പരിപാലന മാസ്റ്റര്‍ പ്ലാനിന് ആവശ്യമായ സാങ്കേതിക സഹായം നല്‍കും. ഇതിലൂടെ സാങ്കേതികമായും സാമ്പത്തികമായും പാരിസ്ഥിതികമായും സുസ്ഥിരമായ ഖരമാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍ വികസിപ്പിക്കുവാനും കാര്യക്ഷമമായി കൈകാര്യം ചെയ്യുന്ന തലത്തിലേക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ ശാക്തീകരിക്കുവാനും സാധിക്കും.
പദ്ധതിയുടെ ഭാഗമായി നഗരസഭകള്‍ക്ക് നിലവിലുള്ള മാലിന്യസംസ്‌കരണ സംവിധാനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും നടപ്പിലാക്കുന്നതുമായി ആദ്യഘട്ട ഗ്രാന്റുകള്‍ ലഭ്യമാക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. പരമ്പരാഗതമായി മാലിന്യം ഉപേക്ഷിക്കുന്ന സ്ഥലങ്ങളില്‍ ഭൂമി വീണ്ടെടുക്കുന്ന പ്രവര്‍ത്തനങ്ങളും ആദ്യഘട്ടത്തില്‍ ആരംഭിച്ചിട്ടുണ്ട്.നഗരങ്ങളിലെ മാലിന്യ സംസ്‌കരണ സേവനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും ആധുനിക ശാസ്ത്രീയ സാങ്കേതിക സംവിധാനങ്ങള്‍ ഒരുക്കുന്നതിനും ലോകബാങ്ക്, ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ബാങ്ക് സാമ്പത്തിക സഹായത്താല്‍ കേരള സര്‍ക്കാര്‍ വിഭാവനം ചെയ്ത പദ്ധതിയാണ് കേരള ഖരമാലിന്യ പരിപാലന പദ്ധതി. ആറുവര്‍ഷമാണ് പദ്ധതി കാലയളവ്. ഏകദേശം 2300 കോടി രൂപയാണ് പദ്ധതി അടങ്കല്‍ തുക.