സംസ്ഥാനത്ത് വൈദ്യുതി നിരക്കു പരിഷ്‌കരണം പ്രഖ്യാപിച്ചു

Spread the love

സംസ്ഥാനത്ത് വൈദ്യുതി നിരക്കു പരിഷ്‌കരണം പ്രഖ്യാപിച്ചു. 1000 വാട്ട് വരെ കണക്റ്റഡ് ലോഡും പ്രതിമാസം 40 യൂണിറ്റ് വരെ ഉപഭോഗവുമുള്ള ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള ഗാർഹിക ഉപഭോക്താക്കൾക്കു താരിഫ് വർധന ഇല്ല. പ്രതിമാസം 50 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്ന ഗാർഹിക ഉപഭോക്താക്കളെയും നിരക്കു വർധനയിൽനിന്ന് ഒഴിവാക്കി.

അനാഥാലയങ്ങൾ, വൃദ്ധസദനങ്ങൾ, അംഗൻവാടികൾ തുടങ്ങിയ വിഭാഗങ്ങൾക്കു താരിഫ് വർധന ഇല്ല. ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവരും 1000 വാട്ട് വരെ കണറ്റഡ് ലോഡ് ഉള്ളതുമായ കുടുംബങ്ങളിൽ ക്യാൻസർ രോഗികളോ സ്ഥിരമായി അംഗവൈകല്യം ബാധിച്ചവരോ ഉള്ളവർക്കും വർധന ഇല്ല. എൻഡോസൾഫാൻ ദുരിതബാധിതർക്കുള്ള സൗജന്യ നിരക്ക് അതേപടി നിലനിർത്തി. ചെറിയ പെട്ടിക്കടകൾ, തട്ടുകടകൾ തുടങ്ങിയ വിഭാഗത്തിനുള്ള കുറഞ്ഞ നിരക്കിലുള്ള താരിഫിന്റെ ആനുകൂല്യം 1000 വാട്ടിൽനിന്ന് 2000 വാട്ടായി വർധിപ്പിച്ചു.

10 കിലോവാട്ട് വരെ കണക്റ്റഡ് ലോഡുള്ള ചെറുകിട വ്യവസായങ്ങളായ അരിപൊടിക്കുന്ന മില്ലുകൾ, തയ്യൽ ജോലി ചെയ്യുന്നവർ, തുണിതേച്ചു കൊടുക്കുന്നവർ തുടങ്ങിയ ചെറുകിട സംരംഭകർക്കുള്ള വൈദ്യുതി നിരക്കിലുള്ള ആനുകൂല്യം തുടരും. ഈ വിഭാഗങ്ങൾക്കു ശരാശരി 15 പൈസയുടെ വർധനവേ വരുത്തിയിട്ടുള്ളൂ. പ്രതിമാസം 150 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ഗാർഹിക ഉപഭോക്താക്കൾക്ക് പരമാവധി വർധന യൂണിറ്റിന് 25 പൈസയിൽ താഴെ മാത്രമാണ്. നിരക്കു പരിഷ്‌കരണം 26-ജൂൺ-2022 മുതൽ പ്രാബല്യത്തിൽവരും.