പൊതുമേഖലയിലെ ജീവനക്കാരോടുള്ള ചിറ്റമ്മനയം അവസാനിപ്പിക്കണമെന്ന് എംഎംഹസ്സന്‍

പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാരോടുള്ള സര്‍ക്കാരിന്‍റെ ചിറ്റമ്മനയം അവസാനിപ്പിക്കണമെന്ന്
യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍.കേരളവാട്ടര്‍ അതോറിറ്റി സ്റ്റാഫ് അസോസിയേഷന്‍റെ നേതൃത്വത്തില്‍ വെള്ളയമ്പലം വാട്ടര്‍ അതോറിറ്റി ആസ്ഥാനമന്ദിരത്തിന് മുന്നില്‍ ശമ്പളപരിഷ്‌ക്കരണം വെെകുന്നതിനെതിരെ ആരംഭിച്ച അനിശ്ചിതകാല സത്യാഗ്രഹം ഉദ്ഘാടനം ചെയ്തു സംസാരിക്കുക ആയിരുന്നു അദ്ദേഹം.

വാട്ടര്‍ അതോറിറ്റിയെ തകര്‍ക്കുന്ന സമീപനം സര്‍ക്കാര്‍ തിരുത്തണം.തൊഴിലാളി ദ്രോഹ നിലപാടുകളാണ് പിണറായി സര്‍ക്കാരിന്‍റെത്. മുന്‍കാലങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്‌ക്കരണം നടപ്പാക്കിയ ഉടന്‍ വാട്ടര്‍ അതോറിറ്റിയിലും പെ റിവിഷന്‍ നടപ്പാക്കുന്നത്. 2019 ജൂലെെ 1 ന് ശമ്പള പരിഷ്‌ക്കരണ കാലാവധി അവസാനിച്ചു. ഇന്നേക്ക് മൂന്ന് വര്‍ഷം തിക‍ഞ്ഞു.പതിനൊന്നാം ശമ്പള കമ്മീഷന്റെ ശുപാര്‍ശ പ്രകാരമുള്ള പരിഷ്‌ക്കരണം 2021 ഫെബ്രുവരിയില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നടപ്പാക്കിയിരുന്നു. തുടര്‍ന്ന് അതേ വര്‍ഷം ജൂലൈ മാസത്തില്‍ വാട്ടര്‍ ആതോറിറ്റിയിലെ ശമ്പള പരിഷ്‌ക്കരണ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറിയെങ്കിലും ഇതുവരെ ഉത്തരവ് ഇറങ്ങിയിട്ടില്ല മുട്ടാപ്പോക്ക് ന്യായങ്ങള്‍ പറഞ്ഞ് ധനകാര്യമന്ത്രി ഫയല്‍ തിരിച്ചയച്ചിരിക്കുകയാണ്.
ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും നല്‍കാനുള്ള പ്രോവിഡന്‍സ് ഫണ്ട്,ഗ്രാറ്റുവിറ്റി, കമ്യൂട്ടേഷന്‍സ് കുടിശിക ഇനത്തില്‍ 600 കോടി രൂപ വാട്ടര്‍ അതോറിറ്റിക്ക് ബാധ്യത ഉണ്ട്.ഈ ആനുകൂല്യം നല്‍കുന്നതിനായി സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും ഹസ്സന്‍ ആവശ്യപ്പെട്ടു.

കേരള വാട്ടര്‍ അതോറിറ്റി സ്റ്റാഫ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റും മുന്‍ എംഎല്‍എയുമായ തമ്പാനൂര്‍ രവി അധ്യക്ഷത വഹിച്ചു. എെഎസിസി അംഗം കെ.എസ്.ഗോപകുമാര്‍, കേരള വാട്ടര്‍ അതോറിറ്റി സ്റ്റാഫ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി പി.ബിജു,,ബി.രാഗേഷ്,പി.സന്ധ്യ ഡിഎസ് ജോയല്‍ സിംഗ്, സുഭാഷ്,വിനോദ്, റിജിത്ത്, റ്റിഎസ് ഷാജി, അനില്‍ കുളപ്പട തുടങ്ങിയവര്‍ സംസാരിച്ചു. .കേരളവാട്ടര്‍ അതോറിറ്റി സ്റ്റാഫ് അസോസിയേഷന്‍റെ നേതൃത്വത്തില്‍ വിവിധ ജില്ലകളില്‍ വാട്ടര്‍ അതോറിറ്റി ഓഫീസിന് മുന്നില്‍ കരിദിനം ആചരിച്ചു.

Leave Comment