ബഫര്‍സോണ്‍ നിയമസഭാപ്രമേയം രാഷ്ട്രീയ നാടകം; വേണ്ടത് നിയമനിര്‍മ്മാണം : അഡ്വ.വി.സി.സെബാസ്റ്റ്യന്‍

കൊച്ചി: ബഫര്‍സോണിന്റെ പേരിലുള്ള നിയമസഭാപ്രമേയം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള രാഷ്ട്രീയ നാടകം മാത്രമാണെന്നും നീതിന്യായകോടതികള്‍ മുഖവിലയ്‌ക്കെടുക്കുന്നത് പ്രമേയമല്ല നിയമങ്ങളാണെന്നും കര്‍ഷകസംഘടനകളുടെ ദേശീയ ഐക്യവേദിയായ രാഷ്ട്രീയ കിസാന്‍ മഹാസംഘ് സൗത്ത് ഇന്ത്യാ കണ്‍വീനര്‍ ഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ സൂചിപ്പിച്ചു.

പ്രമേയാവതരണമല്ല മറിച്ച് നിയമനിര്‍മ്മാണമാണ് നിയമസഭയുടെ ഉത്തരവാദിത്വം. 2019 ഒക്‌ടോബറിലെ ബഫര്‍സോണ്‍ ഒരു കിലോമീറ്ററെന്ന മന്ത്രിസഭാതീരുമാനവും അതിനെത്തുടര്‍ന്നുള്ള വനംവകുപ്പിന്റെ ഉത്തരവുകളും റദ്ദ്‌ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകാതെ കേന്ദ്രത്തെമാത്രം പഴിചാരി ഒളിച്ചോടുന്നത് ശരിയല്ല. ബഫര്‍സോണിന്റെ പേരില്‍ ജനങ്ങളെയിന്ന് വെല്ലുവിളിക്കുന്നതും തെറ്റിദ്ധരിപ്പിക്കുന്നതും ഇച്ഛാശക്തിയില്ലാത്ത ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളുമാണ്. ബഫര്‍സോണ്‍ വനാതിര്‍ത്തിക്കുള്ളില്‍ നിജപ്പെടുത്തി നിയമനിര്‍മ്മാണ ഭേദഗതിയുണ്ടാകുന്നില്ലെങ്കില്‍ സുപ്രീം കോടതി വിധിയെത്തുടര്‍ന്ന് കൊച്ചിയിലെ മരടില്‍ നടന്ന പൊളിച്ചടുക്കല്‍ മലയോരങ്ങളില്‍ ആവര്‍ത്തിക്കപ്പെടും. ജനങ്ങളെ തെരുവിലേയ്ക്ക് തള്ളിവിടുന്ന ക്രൂരതയ്ക്ക് സര്‍ക്കാര്‍ സംവിധാനങ്ങള്‍തന്നെയാണ് കൂട്ടുനില്‍ക്കുന്നത്. വനാതിര്‍ത്തിയിലെ കര്‍ഷകഭൂമിയുള്‍ക്കൊള്ളുന്ന റവന്യൂ രേഖകളില്‍പോലും വന്‍ തിരുത്തലുകള്‍ വന്നിട്ടുള്ളതായും സംശയിക്കപ്പെടുന്നു.

കേരളത്തിലെ 24 വന്യജീവി സങ്കേതങ്ങളുടെയും ദേശീയോദ്യാനങ്ങളുടെയും അതിര്‍ത്തി നിശ്ചയിച്ച് കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ചത് സംസ്ഥാന സര്‍ക്കാരാണ്. ഇക്കാര്യത്തില്‍ അന്തിമവിജ്ഞാപനമിറക്കിയിട്ടില്ലാത്തപ്പോള്‍ അതിര്‍ത്തികള്‍ പുനര്‍നിര്‍ണ്ണയിക്കുവാനും സംസ്ഥാന വനംവകുപ്പിനാകും. വന്യജീവി സങ്കേതങ്ങള്‍ വനത്തിനുള്ളിലായിരിക്കുമ്പോള്‍ അതിന്റെ ബഫര്‍സോണുകള്‍ വനാതിര്‍ത്തിവരെയെന്ന് സംസ്ഥാനത്തിനു നിശ്ചയിക്കാമെന്നിരിക്കെ ജനങ്ങളെ വിഢികളാക്കാന്‍ ശ്രമിക്കുന്നത് വിലപ്പോവില്ല. റവന്യൂ ഭൂമി കൈയേറി വനവല്‍ക്കരണം നടത്തുവാന്‍ വനംവകുപ്പിന് അധികാരമില്ലെന്നിരിക്കെ ഉദ്യോഗസ്ഥ തട്ടിപ്പിനുമുമ്പില്‍ ജനപ്രതിനിധികള്‍ അടിമകളാകുന്നത് അപമാനകരമാണെന്നും വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.

അഡ്വ. ബിനോയ് തോമസ്
സംസ്ഥാന ചെയര്‍മാന്‍
മൊബൈല്‍: 94476 91117

 

Leave Comment