വത്തിക്കാന്‍ കൂരിയയില്‍ വനിതകള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ഒരുക്കുമെന്ന് ഫ്രാന്‍സിസ് പാപ്പ

വത്തിക്കാന്‍ സിറ്റി: വത്തിക്കാന്‍ കൂരിയയില്‍ വനിതകള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ഒരുക്കുമെന്ന് ഫ്രാന്‍സിസ് പാപ്പയുടെ തുറന്നുപറച്ചില്‍. കഴിഞ്ഞ ദിവസം ‘റോയിട്ടേഴ്സ്’ വാര്‍ത്ത ഏജന്‍സിയുടെ പ്രതിനിധിക്ക് നല്‍കിയ അഭിമുഖത്തിലാണ് വത്തിക്കാന്റെ വിവിധ ഡിക്കാസ്റ്ററികളില്‍ വനിതകള്‍ക്ക് കൂടുതല്‍ സാധ്യതകള്‍ ഒരുക്കുമെന്ന് ഫ്രാന്‍സിസ് പാപ്പ വെളിപ്പെടുത്തിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് മെത്രാന്മാര്‍ക്കായുള്ള വത്തിക്കാന്‍ ഡിക്കാസ്റ്ററിയില്‍ ആദ്യമായി രണ്ടു സ്ത്രീകള്‍ സേവനത്തിനായി പ്രവേശിക്കുമെന്ന് പാപ്പ വിശദീകരിച്ചു. വത്തിക്കാന്‍ കൂരിയയുടെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച, പ്രെദിക്കാത്തെ എവഞ്ചേലിയും എന്ന പുതിയ ഭരണസംഹിതയിലെ നിയമവ്യവസ്ഥകള്‍ അല്‍മായര്‍ക്കും സ്ത്രീകള്‍ക്കും വത്തിക്കാന്‍ കൂരിയയില്‍ എന്തുമാത്രം പ്രാധാന്യം നല്‍കുന്നുണ്ടെന്ന ചോദ്യവുമായി ബന്ധപ്പെട്ട് മറുപടി നല്‍കവേയാണ് പാപ്പ ഇങ്ങനെ പറഞ്ഞത്.

സ്ത്രീകള്‍ക്കും അല്‍മായര്‍ക്കും വത്തിക്കാന്‍ കൂരിയയില്‍ കൂടുതല്‍ സാദ്ധ്യതകള്‍ നല്‍കുക എന്നതിനോട് തനിക്ക് തുറന്ന മനോഭാവമാണെന്ന് വ്യക്തമാക്കിയ പാപ്പ, ഇപ്പോള്‍ത്തന്നെ വത്തിക്കാന്‍ ഗവര്‍ണറേറ്റിന്റെ ഡെപ്യൂട്ടി ഗവര്‍ണര്‍ സന്യാസിനിയായ സിസ്റ്റര്‍ റഫായേല പെട്രിനിയാണെന്ന കാര്യം ചൂണ്ടിക്കാട്ടി. അല്‍മായര്‍ക്കും, കുടുംബങ്ങള്‍ക്കും, ജീവനും വേണ്ടിയുള്ള ഡിക്കാസ്റ്ററി, സംസ്‌കാരത്തിനും വിദ്യാഭ്യാസത്തിനും വേണ്ടിയുള്ള ഡിക്കാസ്റ്ററി, ലൈബ്രറികള്‍ പോലെയുള്ള ഇടങ്ങള്‍ അല്‍മായരും സന്യസ്തരും നയിക്കുന്നതിനുള്ള സാധ്യതകള്‍ ഭാവിയില്‍ ഉണ്ടാകുമെന്ന് പാപ്പ പറഞ്ഞു.

സേവ്യര്‍ മിഷ്ണറി സമൂഹാംഗമായ സിസ്റ്റര്‍ നതാലി ബെക്വാര്‍ട്ട്, സമഗ്ര മാനവിക വികസനത്തിനായുള്ള ഡിക്കാസ്റ്ററിയുടെ സിസ്റ്റര്‍ അലെസാന്ദ്ര സ്മെറില്ലി, സന്യസ്തര്‍ക്കായുള്ള ഡിക്കാസ്റ്ററിയുടെ അണ്ടര്‍സെക്രട്ടറി സ്ഥാനത്ത് സിസ്റ്റര്‍ കാര്‍മെന്‍ റോസ് നോര്‍ത്തെസ് അടക്കം നിരവധി വനിതകളെ വത്തിക്കാന്‍ കൂരിയയില്‍ ഫ്രാന്‍സിസ് പാപ്പ നിയമിച്ചിട്ടുണ്ട്. വത്തിക്കാന്റെ വിദേശകാര്യമന്ത്രാലയത്തില്‍ അണ്ടര്‍ സെക്രട്ടറിയായ ഫ്രാഞ്ചെസ്‌ക്ക ജ്യോവന്നി, വത്തിക്കാന്‍ മ്യൂസിയത്തിന്റെ ആദ്യ വനിത ഡയറക്ടറായ ബാര്‍ബര ജാട്ടാ എന്നിവരടക്കമുള്ള വനിതകള്‍ നിലവില്‍ സേവനം ചെയ്യുന്ന കാര്യവും ഫ്രാന്‍സിസ് പാപ്പ ചൂണ്ടിക്കാണിച്ചു.

Leave Comment