കോട്ടയം ജില്ലയിലെ 177 റവന്യൂ ഓഫീസുകൾ ഇ-ഓഫീസാകും

കോട്ടയം ജില്ലയിലെ 177 റവന്യൂ ഓഫീസുകളും ഇ-ഓഫീസാക്കുള്ള നടപടി അവസാനഘട്ടത്തിലാണെന്നും ഓഗസ്റ്റ് ഒന്നോടെ ജില്ല ഇ-ജില്ലകളുടെ പട്ടികയിൽ ഇടം പിടിക്കുമെന്നും റവന്യൂ വകുപ്പു മന്ത്രി കെ. രാജൻ. തിരുവനന്തപുരത്തു നടന്ന കോട്ടയം ജില്ലയിലെ എം.എൽ.എ.മാരുടെ റവന്യൂ അസംബ്ലിയിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.ഡിജിറ്റൽ റീസർവേ സുതാര്യമായി നടന്നാൽ ജനകീയ വിപ്ലവമായിരിക്കും. പഴയ രീതിയിൽ സർവേ നടത്തിയ വില്ലേജുകളടക്കം 1550 വില്ലേജുകൾ ഡിജിറ്റൽ റീസർവേയുടെ ഭാഗമാക്കും. ഇതിന്റെ ഭാഗമായി ‘എന്റെ ഭൂമി’ എന്ന ഓൺലൈൻ പോർട്ടൽ സജ്ജമായി. ഓൺലൈനായി പരാതി നൽകാനുള്ള സൗകര്യം പൊതുജനങ്ങൾക്ക് ലഭ്യമാകും.കോട്ടയം ജില്ലയിലെ ഡാഷ്‌ബോർഡിൽ ഇടംപിടിച്ച 55 വിഷയങ്ങളിൽ 35 എണ്ണത്തിനും പരിഹാരം കണ്ടെത്താനായി. അതിൽ നയപരമായ പ്രശ്‌നങ്ങളും പട്ടയം സംബന്ധമായ പ്രശ്‌നങ്ങളും ഉൾപ്പെടുന്നുണ്ട്. കോട്ടയം ജില്ലയിലെ 15 വില്ലേജ് ഓഫീസുകൾ സ്മാർട്ട് വില്ലേജ് ഓഫീസുകളായി. കോട്ടയം ജില്ലയിൽ ആകെ 377 പട്ടയങ്ങൾ കൊടുത്തു തീർക്കാനായി. കരംമാറ്റവുമായി ബന്ധപ്പെട്ട 58 ശതമാനം പരാതികൾക്ക് തീർപ്പക്കാൻ കഴിഞ്ഞു.ജില്ലയിലെ ഭൂമി സംബന്ധമായ പ്രശ്‌നങ്ങൾക്ക് കിഫ്ബിയുമായി ചേർന്ന് പരിഹാരം കണ്ടെത്താനുള്ള നടപടികൾ സ്വീകരിക്കും. മലയോര ആദിവാസി മേഖലയിലെ പട്ടയ വിതരണത്തിനാണ് ഇത്തവണ സർക്കാർ പ്രാതിനിധ്യം കൊടുക്കുന്നത്. പട്ടയ വിതരണത്തിന് കോട്ടയം ജില്ലയിൽ നിന്ന് ആരംഭം കുറിക്കും. സമഗ്രമായ ഭൂവിനിയോഗ നിയമം കൊണ്ടുവരുമെന്നും കുളപുറമ്പോക്ക്, തോടുപുറമ്പോക്ക്, മേച്ചിൽപ്പുറ പുറമ്പോക്ക് തുടങ്ങി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധീനതയിലുള്ള മേഖലകളിലെ പട്ടയവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾക്ക് തദ്ദേശസ്വയംഭരണ വകുപ്പുമായി കൂടിച്ചേർന്ന് പരിഹാരം കാണുമെന്നും മന്ത്രി പറഞ്ഞു.

Leave Comment