ഡാളസ് കൗണ്ടിയില്‍ മങ്കിപോക്‌സ് കേസ്സുകള്‍ വര്‍ദ്ധിക്കുന്നു

ഡാളസ് : ഡാളസ് കൗണ്ടിയില്‍ മങ്കിപോക്‌സ് കേസ്സുകള്‍ വര്‍ദ്ധിക്കുന്നു. ഇതുവരെ ലഭിച്ച റിപ്പോര്‍ട്ടനുസരിച്ചു കൗണ്ടിയില്‍ മാത്രം 52 കേസ്സുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ടുപേര്‍ക്കു കൂടി മങ്കിപോക്്‌സ് സംശയിക്കുന്നുണ്ട്. ടെക്‌സസ്സില്‍ ഇതുവരെ 107 കേസ്സുകളാണ് സ്ഥിരീകരിച്ചിട്ടുള്ളത്.

അമേരിക്കയിലെ മറ്റു സംസ്ഥാനങ്ങളിലും മങ്കിപോക്‌സ് കേസ്സുകള്‍ വര്‍ദ്ധിച്ചുവരികയാണ്.

കാലിഫോര്‍ണിയയില്‍(350), ന്യൂയോര്‍ക്കില്‍(581), വാഷിംഗ്ടണ്‍ ഡി.സി.(122) കേസ്സുകള്‍ സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പു അധികൃതര്‍ വെളിപ്പെടുത്തി.

ഡാളസ് കൗണ്ടിയില്‍ മങ്കിപോക്‌സിനുള്ള വാക്‌സിനു ക്ഷാമം അനുഭവപ്പെടുന്നതായി കൗണ്ടി ആരോഗ്യവകുപ്പു ഡയറക്ടര്‍ ഡോ.ഫിലിപ്പ് വാങ്ങ് പറഞ്ഞു. ഫെഡറല്‍ ഗവണ്‍മെന്റ് എത്ര ഡോസ് വാക്‌സിന്‍ അയക്കുമെന്നും വ്യക്തമല്ലെന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു. ഡാളസ്‌കൗണ്ടി ഹെല്‍ത്ത് ആന്റ് ഹൂമണ്‍ സര്‍വീസസ് കഴിഞ്ഞ ആഴ്ചയില്‍ തന്നെ വാക്‌സിന്‍ ആവശ്യപ്പെട്ടു ഫെഡറല്‍ ഗവണ്‍മെന്റ് കത്തയച്ചിരുന്നു.

മങ്കിപോക്‌സിന്റെ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങി നാലുദിവസത്തിനകം വാക്‌സിന്‍ സ്വീകരിക്കുന്നതായിരിക്കും കൂടുതല്‍ ഫലപ്രദം. എന്നാല്‍ 14 ദിവസത്തികമാണെങ്കില്‍ രോഗലക്ഷണങ്ങള്‍ കുറക്കുമെന്നല്ലാതെ രോഗത്തെ തടയുവാന്‍ കഴിയുകയില്ലെന്ന് സി.ഡി.സി. അധികൃതര്‍ പറഞ്ഞു.

ആവശ്യമായ വാക്‌സിന്‍ ലഭ്യമല്ലാത്തതിനാല്‍ പ്രതിരോധ കുത്തിവെപ്പിനുള്ള തിയ്യതി നല്‍കാന്‍ കഴിയുന്നില്ലെന്നും ഡാളസ് ആരോഗ്യവകുപ്പു അധികൃതര്‍ അറിയിച്ചു.

Leave Comment