യുവാവിന്റെ കഴുത്തില്‍ ചുറ്റിയ പെരുമ്പാമ്പിനെ വെടിവച്ചു കൊന്നു

പെന്‍സില്‍വേനിയ: ഇരുപത്തിയെട്ടു വയസ്സുള്ള യുവാവിന്റെ വളര്‍ത്തു ജീവിയാണ് 15 അടിയിലധികം നീളം വരുന്ന പെരുമ്പാമ്പ്. പാമ്പിനെ വളര്‍ത്തുക എന്നത് ഇയാളുടെ വിനോദമായിരുന്നു.

പാമ്പിന് യജമാനനോടുള്ള സ്‌നേഹം വര്‍ധിച്ചപ്പോള്‍ അത് പ്രകടിപ്പിച്ചത് കഴുത്തില്‍ വരിഞ്ഞു മുറുക്കിയായിരുന്നു. ഇതിനെ തുടര്‍ന്ന് യുവാവ് ശ്വാസം കിട്ടാതെ ബോധരഹിതനായി നിലത്തു വീണു. ഇത് കണ്ട് കൂടെയുണ്ടായിരുന്ന കുടുംബാംഗം പൊലീസനെ വിവരം അറിയിച്ചു. പൊലീസ് സ്ഥലത്തെത്തുമ്പോള്‍ യുവാവ് മരണത്തിലേക്ക് നീങ്ങുകയായിരുന്നു. യുവാവിന്റെ കഴുത്തില്‍ ചുറ്റി വളഞ്ഞു തല മുകളിലേക്കുയര്‍ത്തിയ പാമ്പിന്റെ തലയ്ക്കു നേരെ പൊലീസ് വെടിയുതിര്‍ത്തു. വെടിയേറ്റ് ജീവന്‍ നഷ്ടപ്പെട്ട പാമ്പിന്റെ ശരീരം സാവകാശത്തില്‍ നിലത്തേക്കു പതിച്ചു.

പാമ്പിന്റെ പിടിയില്‍ നിന്നും രക്ഷപ്പെട്ട യുവാവിനെ പൊലീസ് ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജീവന്‍ തിരിച്ചു കിട്ടിയെങ്കിലും താന്‍ ഓമനിച്ചു വളര്‍ത്തിയ പെരുമ്പാമ്പിന്റെ മരണം തന്നെ കൂടുതല്‍ തളര്‍ത്തിയതായി യുവാവ് പറഞ്ഞു.

Leave Comment