ആസാദിക അമൃത് മഹോത്സവ്; എ കെ ജി യെ ആദരിച്ചു മകൾ ലൈല ആദരം ഏറ്റുവാങ്ങി

ആസാദിക അമൃത് മഹോത്സവിന്റെ ഭാഗമായി സ്വാതന്ത്ര്യ സമര സേനാനിയും ആദ്യ ലോക്‌സഭ അംഗവുമായിരുന്ന മഹാനായ എകെജി യെ കണ്ണൂർ ജില്ലാ ഭരണ സംവിധാനം ആദരിച്ചു. മുൻ കാസർകോട് എം പി പി.കരുണാകരന്റെ പത്നിയും എ കെ ജിയുടെ മകളുമായ ലൈല യെകണ്ണൂർ ജില്ലാ കളക്ടർ എസ്. ചന്ദ്രശേഖർ നീലേശ്വരം പള്ളിക്കരയിലെ വീട്ടിലെത്തിയാണ് ആദരിച്ചത്. മുൻ എം പി പി.കരുണാകരൻ, മകൾ ദിയ, മകളുടെ ഭർത്താവ് മർസിദ് ശുഹൈൽ, പേര കുട്ടികളായ റുഹാരിയ, നിഹാരിക എന്നിവരും ആദരവ് ഏറ്റുവാങ്ങി. പള്ളിക്കരയിലെ വസതിയായ അമരാവതിയിൽ നടന്ന ലളിതവും പ്രൗഢഗംഭീരവുമായ ചടങ്ങിൽ എം.രാജഗോപാലൻ എം എൽ എ അധ്യക്ഷത വഹിച്ചു. അഡ്വ. സി എച്ച് കുഞ്ഞമ്പു എം എൽ എ, മുൻ എം എൽ എ കെപി സതീഷ് ചന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്പി. ബേബി ബാലകൃഷ്ണൻ, തഹസിൽദാർ എൻ. മണിരാജ് എന്നിവർ സംസാരിച്ചു.കണ്ണൂർ ജില്ലാ കളക്ടർ എസ്.ചന്ദ്രശേഖറിനോടൊപ്പം എ ഡി എം കെ കെ ദിവാകരൻ, സീനിയർ ഫിനാൻസ് ഓഫീസർ കെ.സതീശൻ , ജില്ലാ ലോ ഓഫീസർ എൻ വി സന്തോഷ്, ഹുസൂർ ശിരസ്തദാർ പി പ്രേമരാജ് , ജില്ലാസർവ്വേ സൂപ്രണ്ട് രാജീവൻ പട്ടത്താരി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥര്യം ജീവനക്കാരും ആദരിക്കാനെത്തിയിരുന്നു. മഹാനായ എ കെ ജി യെ കുറിച്ചുള്ള ദീപ്തമായ സ്മരണകൾ പങ്കു വെച്ച ലളിതമായ ചടങ്ങിൽ എ കെ ജിയോടൊപ്പം പ്രവർത്തിച്ച പി. അമ്പാടി ചരിത്രകാരൻ ഡോ.സി. ബാലൻതുടങ്ങിയവരും നാട്ടുകാരും സംബന്ധിച്ചു.

Leave Comment