എന്റെ പാടം എന്റെ പുസ്തകം സംസ്ഥാന വ്യാപകമായി നടപ്പിലാക്കേണ്ട പദ്ധതി

സംസ്ഥാനത്ത് മുഴുവൻ നടപ്പിലാക്കേണ്ട പദ്ധതിയാണ് വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്തിന്റെ എന്റെ പാടം എന്റെ പുസ്തകം പദ്ധതിയെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു. അവസരം കിട്ടുന്ന വേദികളിലൊക്കെ പദ്ധതിയെക്കുറിച്ച് സംസാരിക്കുമെന്നും മന്ത്രി പറഞ്ഞു. സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് വെള്ളാങ്ങല്ലൂർ ബ്ലോക്ക്‌ പഞ്ചായത്ത് നടപ്പിലാക്കിയ എന്റെ പാടം എന്റെ പുസ്തകം പദ്ധതിയിൽ തെരഞ്ഞെടുക്കപ്പെട്ട മികച്ച കാർഷിക-സാഹിത്യ രചന പ്രതിഭകൾക്കും സംഘാടന മികവ് പുലർത്തിയ വായനശാലകൾക്കുമുള്ള സമ്മാനദാനം നിർവഹിക്കുകയായിരുന്നു മന്ത്രി.
എന്റെ പാടം എന്റെ പുസ്തകം പദ്ധതിയെ നിശബ്ദ വിപ്ലവം എന്നാണ് മന്ത്രി വിശേഷിപ്പിച്ചത്. ഭക്ഷ്യവസ്തുക്കൾക്കായി ഇതര സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന സാഹചര്യം ഇന്നും സംസ്ഥാനത്തുണ്ട്. ഇത് അവസാനിപ്പിക്കുന്നതിനാണ് സുഭിക്ഷ കേരളം, ഞങ്ങളും കൃഷിയിലേക്ക് തുടങ്ങിയ പദ്ധതികൾ ആവിഷ്കരിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ സ്ത്രീകൾക്കായി വായനയും കൃഷിയും കൂട്ടിയോജിപ്പിച്ചുകൊണ്ടുള്ള പദ്ധതി മാതൃകാപരമാണെന്നും മന്ത്രി വ്യക്തമാക്കി.
എന്റെ പാടം എന്റെ പുസ്തകം പദ്ധതി വഴി 22 വായനശാലകളിൽ രൂപീകരിച്ച വനിതാ കാർഷിക ക്ലബ്ബുകളിലൂടെ കൃഷിയിലും വായനയിലും അത്ഭുതകരമായ മുന്നേറ്റമാണുണ്ടായത്. 440 കുടുംബങ്ങളിൽ വീട്ടുകൃഷി സാധ്യമാക്കിയതിനൊപ്പം 440 സജീവ വനിതാ വായനക്കാരെയും പദ്ധതിയിലൂടെ സൃഷ്ടിക്കാനായി.
വെള്ളാങ്ങല്ലൂർ പി.സി.കെ. ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ അഡ്വ.വി ആർ സുനിൽ കുമാർ എംഎൽഎ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ 2022 -23 വർഷത്തെ ബ്ലോക്കിന്റെ നൂതന പദ്ധതികളുടെ പ്രഖ്യാപനം നടത്തി. വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷ്മി വിനയചന്ദ്രൻ, വൈസ് പ്രസിഡന്റ് സുധാ ദിലീപ്, കൃഷി അസിസ്റ്റന്റ് ഡയറക്ടർ പി ഐ മുഹമ്മദ്‌ ഹാരിസ്, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രസന്ന അനിൽകുമാർ, ബ്ലോക്കിന് കീഴിലുള്ള 5 പഞ്ചായത്തുകളുടെ പ്രസിഡന്റുമാർ, സെക്രട്ടറി ദിവ്യ കുഞ്ഞുണ്ണി, ആസൂത്രണ സമിതി ഉപാധ്യക്ഷൻ ഖാദർ പട്ടേപ്പാടം, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

Leave Comment