എയർ റെയിൽ സർക്കിൾ സർവ്വീസിന് തിങ്കളാഴ്ച മുതൽ

Spread the love

തിരുവനന്തപുരത്ത് ഇലക്ട്രിക് ബസുകളുടെ ട്രയൽ റൺ ഞായറാഴ്ച

തിരുവനന്തപുരം; ന​ഗരത്തിൽ ആദ്യമായി ഇലക്ട്രിക് ബസ് സർവ്വീസുകൾ ആരംഭിക്കുന്നു. സിറ്റി സർക്കുലറിലെ എട്ടാമത്തെ സർക്കിളായ എയർ റെയിൽ സിറ്റി സർക്കിളായാണ് ഇലക്ട്രിക് ബസുകൾ സർവ്വീസ് തുടങ്ങുന്നത്. ഇതിനോടൊപ്പം ബാക്കി സർക്കിളുകളിലും ഇലക്ട്രിക് ബസുകൾ അവതരിപ്പിക്കും. യാത്രക്കാർ കുറവുള്ള ബ്ലൂ സർക്കളിൽ നാല് ബസുകളും, ബാക്കി സർവ്വീസുകളിൽ രണ്ട് ഇലക്ട്രിക് ബസുകളുമാണ് ആദ്യ ഘട്ടത്തിൽ സർവ്വീസ് നടത്തുക. ക്ലോക്ക് വൈസും ആന്റി ക്ലോക്ക് വൈസുമായി ഈ ബസുകൾ സർവ്വീസ് നടത്തും. രണ്ട് ഇലക്ട്രിക് ബസുകൾ ചാർജിങ്ങിന് വേണ്ടി ഉപയോ​ഗിക്കും. സർവ്വീസ് നടത്തുന്ന ബസുകളിൽ ചാർജ് തീരുന്ന മുറയ്ക്ക് ചാർജ് ചെയ്യുന്ന ബസുകൾ മാറ്റി നൽകും.
വിമാനത്താവളം, റെയിൽവെ സ്റ്റേഷൻ, കെഎസ്ആർടിസി ബസ് സ്റ്റേഷൻ എന്നിവയെ ബന്ധിപ്പിച്ച് കൊണ്ട് 24 മണിയ്ക്കൂർ സർവ്വീസ് ആരംഭിക്കുന്ന എയർ – റെയിൽ സർക്കിൾ തിങ്കളാഴ്ച ( ആ​ഗസ്റ്റ് 1 മുതൽ ) സർവ്വീസ് ആരംഭിക്കും. തിരുവനന്തപുരത്തെ രണ്ട് എയർ പോർട്ടുകളായ ഡൊമസ്റ്റിക് (T1), ഇന്റർനാഷണൽ (T2) ടെർമിനലുകളിലേക്ക് തമ്പാനൂർ ബസ് സ്റ്റേഷനിൽ നിന്നും, സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്നുമുള്ള യാത്രക്കാരെ അങ്ങോട്ടും, തിരിച്ചും എത്തിക്കുന്ന തരത്തിലാണ് എയർ- റെയിൽ സർക്കുലർ സർവ്വീസ് നടത്തുന്നത്.
ഈ സർവ്വീസിന്റെ ഉ​ദ്ഘാടനം തിങ്കളാഴ്ച രാവിലെ 9 മണിക്ക് തമ്പാനൂർ സെൻട്രർ ബസ് സ്റ്റേഷൻ വെച്ച് ​ഗതാ​ഗത വകുപ്പ് മന്ത്രി ആന്റണി രാജു ഫ്ലാ​ഗ്ഓഫ് ചെയ്യും.
ആദ്യ ഘട്ടത്തിൽ ഒരോ ബസ് വീതം അര മണിയ്ക്കൂറിലും ഈ രണ്ട് ടെർമിനലുകളിൽ എത്തുന്ന വിധമാണ് സർവ്വീസ് ക്രമീകരിക്കുക. തിരുവനന്തപുരം സെൻട്രൽ ബസ് സ്റ്റേഷനിൽ ആരംഭിച്ച് പൊന്നറ ശ്രീധർ പാർക്ക് ചുറ്റി, സെൻട്രൽ റെയിൽവെ സ്റ്റേഷന് മുന്നിൽ വന്ന് യാത്രക്കാരെ കയറ്റി ഓവർബ്രിഡ്ജ്, കിഴക്കേകോട്ട, അട്ടക്കുളങ്ങര, മണക്കാട് , മുക്കോലയ്ക്കൽ, വലിയതുറ ഡൊമസ്റ്റിക് ടെർമിനൽ, ശംഖുമുഖം, ഓൾ സെയിൻ്റസ് കോളേജ് , ചാക്ക, ഇന്റർനാഷണൽ ടെർമിനൽ, ചാക്ക ജം​ഗ്ഷൻ , പേട്ട, പാറ്റൂർ, ജനറൽ ഹോസ്പിറ്റൽ , കേരള യൂണിവേഴ്സിറ്റി, പാളയം, സ്റ്റാച്യു, ഓവർബ്രിഡ്ജ് വഴി തമ്പാനൂരിൽ അവസാനിക്കുന്നതാണ് സർവ്വീസ്.

Author