ന്യൂയോര്‍ക്ക് : 2022 നവംബറില്‍ നടക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി പരാജയപ്പെട്ടാല്‍ 2024ല്‍ നടക്കുന്ന പൊതുതിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ തിരിച്ചുവരവിന് സാധ്യത വിരളമാണെന്ന് മുന്‍ സൗത്ത് കരോലിനാ ഗവര്‍ണ്ണര്‍ നിക്കി ഹേലി. ആഗസ്‌ററിന് 7ന് അമേരിക്കയിലെ ഒരു പ്രമുഖ വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് നിക്കി ഹേലി തന്റെ അഭിപ്രായം പ്രകടിപ്പിച്ചത്.

ഈ നവംബറില്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ നല്ല പ്രകാരം കാഴ്ചവെക്കണമെങ്കില്‍ അച്ചടക്കത്തോടും, ചിട്ടയോടും, പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കണം. വോട്ടര്‍മാരുടെ അംഗീകാരം ഈ മാര്‍ഗ്ഗത്തിലൂടെ അല്ലാതെ നേടിയെടുക്കുവാന്‍ കഴിയുകയില്ലെന്നും അവര്‍ കൂട്ടിചേര്‍ത്തു.

2024ല്‍ ഡൊണാള്‍ഡ് ട്രമ്പ് മത്സരിക്കുകയാണെങ്കില്‍ മത്സരരംഗത്ത് കാണുകയില്ലെന്ന തീരുമാനത്തില്‍ ഇപ്പോഴും ഉറച്ചു നില്‍ക്കുന്നുണ്ടോ എന്ന ചോദ്യത്തിന്, ജനുവരി 6 കമ്മിറ്റി ഹിയറിംഗില്‍ ട്രമ്പിലുള്ള തന്റെ വിശ്വാസത്തിന് മങ്ങല്‍ ഏറ്റിരിക്കുന്നുവെന്നും, ഈ സാഹചര്യത്തില്‍ ഞാന്‍ തന്നെ മത്സരരംഗത്തിറങ്ങുമോ എന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും അവര്‍ പറഞ്ഞു.

ജനുവരി 6 സെലക്റ്റ് കമ്മിറ്റി ട്രമ്പിനെതിരെ തെളിവുകളുടെ കൂമ്പാരങ്ങള്‍ ചികഞ്ഞുണ്ടാക്കുന്നതില്‍ തനിക്ക് യോജിപ്പില്ലെന്നും നിക്കിഹേലി കൂട്ടിച്ചേര്‍ത്തു.

നിങ്ങള്‍ എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അതു പുരുഷനോടു ചോദിക്കണം, നിങ്ങള്‍ എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ അത് സ്ത്രീയോട് ചോദിക്കണം എന്ന് മാര്‍ഗരറ്റ് താച്ചറുടെ പ്രസ്താവന ചൂണ്ടികാട്ടിയാണ് നിക്കിഹേലി അഭിമുഖം അവസാനിപ്പിച്ചത്.

 

Leave Comment