വാഷിംഗ്ടണ്‍ ഡി.സി.: യാതൊരു മുന്നറിയിപ്പും, വാറണ്ടും ഇല്ലാതെ ഫ്‌ളോറിഡായിലുള്ള വസതിയില്‍ അതിക്രമിച്ചു കയറി പിടിച്ചെടുത്തുവെന്ന് പറയപ്പെടുന്ന രേഖകള്‍ ഉടന്‍ പരസ്യപ്പെടുത്തണമെന്ന് ഡൊണാള്‍ഡ് ട്രമ്പ് ഒരു പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

രാഷ്ട്രീയ എതിരാളികളെ നിശ്ശബ്ദരാക്കുന്നതിന് റാഡിക്കല്‍ ഇടതുപക്ഷ ഡമോക്രാറ്റുകള്‍ കഴിഞ്ഞ ആറു വര്‍ഷമായി എനിക്കെതിരെ നടത്തുന്ന അടിസ്ഥാനരഹിത ആരോപണങ്ങളില്‍ ഏറ്റവും പുതിയതാണ് ഫ്‌ളോറിഡാ പാം ബീച്ചിലെ മാര്‍ എ ലാഗോയില്‍ സംഭവിച്ചതെന്ന് ട്രമ്പ് കുറ്റപ്പെടുത്തു.

ഈയ്യിടെ നടത്തിയ അഭിപ്രായ സര്‍വേകളില്‍ തിരഞ്ഞെടുപ്പു രംഗത്ത് പ്രവേശിക്കുന്നതിന് വോട്ടര്‍മാര്‍ നല്‍കുന്ന വര്‍ദ്ധിച്ച പിന്തുണയും, തിരഞ്ഞെടുപ്പു പ്രചരണങ്ങളോടനുബന്ധിച്ചു നടത്തുന്ന ഫണ്ട് കളക്ഷനിലുള്ള റിക്കാര്‍ഡ് തുകയും, മിഡ്‌ടേം തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി വന്‍നേട്ടം കൊയ്യുമെന്നതും ഡമോക്രാറ്റിക് പാര്‍ട്ടിയെ പ്രത്യേകിച്ചു ബൈഡനെ വിറളി പിടിച്ചിരിക്കുകയാണെന്നും ട്രമ്പിന്റെ പ്രസ്താവനയില്‍ പറയുന്നു.

ലോകരാഷ്ട്രങ്ങള്‍ അമേരിക്കയെ സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണ്. അതിര്‍ത്തിയില്‍ അമേരിക്ക അഭയാര്‍ത്ഥികളെ നിയന്ത്രിക്കുന്നതില്‍ പരാജയപ്പെടുന്നതും, വര്‍ദ്ധിച്ചുവരുന്ന അക്രമണ പ്രവണതകളും, അമേരിക്ക നേരിടുന്ന ഊര്‍ജ്ജ പ്രതിസന്ധിയും, നാഷ്ണല്‍ സെക്യൂരിറ്റിയില്‍ സംഭവിച്ചിരിക്കുന്ന പാകപിഴകളും ലോകരാഷ്ട്രങ്ങളുടെ മുമ്പില്‍ അമേരിക്കയെ തരം താഴ്ത്തിയിരിക്കുന്നു. ഇതില്‍ നിന്നും ജനശ്രദ്ധ തിരിച്ചു വിടുന്നതിനാണഅ അറ്റോര്‍ണി ജനറല്‍ മെറിക് ഗാര്‍ലന്റിനെ ഉപയോഗിച്ചു തന്റെ വീട് വാറണ്ടില്ലാതെ റെയ്ഡ് ചെയ്തതെന്നും ട്രമ്പ് ആരോപിച്ചു.

ജസ്റ്റീസ് ഡിപ്പാര്‍ട്ട്‌മെന്റ് ഫെഡറല്‍ ജഡ്ജിയോട് വാറന്റ് പുറപ്പെടുവിക്കുന്നതിന് ആവശ്യപ്പെട്ട രേഖകളും, രേഖകള്‍ അടങ്ങിയ പന്ത്രണ്ട് ബോക്ലുകളും വീട്ടില്‍ നിന്നും പിടിച്ചെടുത്തതിന്റെ വിവരങ്ങളും പ്രസിദ്ധീകരിക്കണമെന്നും ട്രമ്പ് ആവശ്യപ്പെട്ടു.

Leave Comment