ആസാദി കാ അമൃത് മഹോത്സവം സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികത്തിന്റെ ആഘോഷം മാത്രമല്ല, നാളെ മുതൽ രാജ്യം ഒരു അമൃത കാലത്തിലേക്ക് കൂടി കടക്കുകയാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി പാങ്ങോട് മിലിറ്ററി ക്യാമ്പിൽ വെച്ച് കന്യാകുമാരിയിൽ നിന്ന് ആരംഭിച്ച തിരംഗ യാത്രാ ടീമിനെ ഫ്‌ളാഗ് ഇൻ ചെയ്ത് സ്വീകരിക്കുകയായിരുന്നു അദ്ദേഹം. അറിയപ്പെടുന്നതും അറിയപ്പെടാത്തതുമായ ദേശാഭിമാനികളായ സ്വാതന്ത്ര്യ സമര സേനാനികളുടെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാനുള്ള കാലമാണിത്. അവർ നടത്തിയ ത്യാഗത്തിന്റെ ഫലമാണ് ഇന്ന് ഇന്ത്യക്കാർ അനുഭവിക്കുന്ന അഭിമാനത്തോടു കൂടിയ ജീവിതമെന്ന് ഗവർണർ അഭിപ്രായപ്പെട്ടു.2018ലെ വെള്ളപ്പൊക്കത്തിൽ കേരളത്തിൽ ആർമി നടത്തിയ രക്ഷാപ്രവർത്തനങ്ങളെ സ്മരിച്ചുകൊണ്ട് ഗവർണർ പാങ്ങോട് മിലിറ്ററി സ്റ്റേഷൻ കമാൻഡർ ബ്രിഗേഡിയർ ലളിത് ശർമ്മയെ നന്ദി അറിയിക്കുകയും ചെയ്തു.
മദ്രാസ് റെജിമെന്റ് കേരളത്തിന്റെ പാരമ്പര്യ ആയോധനകലയായ കളരിപ്പയറ്റും, മറാത്ത ലൈറ്റ് ഇൻഫെന്ററി ‘ജങ്ക് പഥക്’ എന്ന കലാരൂപവും ചടങ്ങിനോടനുബന്ധിച്ചു അവതരിപ്പിച്ചു. ഗ്യാലന്ററി അവാർഡ് ജേതാക്കൾക്കും ‘വീർ നാരി-വീർ മാതാ’ (രാജ്യത്തിനായി ജീവൻ ബലിയർപ്പിച്ച സൈനീകരുടെ അമ്മമാരും ഭാര്യമാരും) എന്നിവർക്കും ഗവർണർ ആദരവ് സമർപ്പിച്ചു. പ്രശസ്ത കലാകാരൻ ഡാവിഞ്ചി സുരേഷ് സംവിധാനം ചെയ്ത് സൈനികരും സ്‌കൂൾ കുട്ടികളും എൻ.സി.സി. കേഡറ്റുകളും ചേർന്ന് അവതരിപ്പിച്ച ആസാദി കാ അമൃത് മഹോത്സവത്തിന്റെ ലോഗോയുടെ ഹ്യൂമൻ ഇൻസിഗ്നിയ വേറിട്ട അനുഭവമായി.

Leave Comment