ആറ് മിനിട്ട് കുട്ടികളെ കാറില്‍ തനിച്ചാക്കി പുറത്തുപോയ മാതാവ് അറസ്റ്റില്‍

Spread the love

ഒക്കലഹോമ: പുറത്തു ചുട്ടുപൊള്ളുന്ന വെയിലില്‍ കാറിനകത്തു രണ്ട് വയസ്സുള്ള രണ്ടു കുട്ടികളെ തനിച്ചിരുത്തി പുറത്തുപോയ മാതാവിനെ പോലീസ് അറസ്റ്റുചെയ്ത കേസ്സെടുത്തു.

ഞായറാഴ്ച വാള്‍മാര്‍ട്ടിന്റെ കാര്‍ പാര്‍ക്കിങ്ങിലായിരുന്നു സംഭവം. എലിസബത്തു ബാബ(29) എന്ന മാതാവിനെയാണ് പോലീസ് അറസ്റ്റു ചെയ്തു നിരുത്തരവാദപരമായി കുട്ടികളെ കാറില്‍ തനിച്ചിരുത്തിയതിന് കേസ്സെടുത്തത്.

ഉച്ചതിരിഞ്ഞു 2.22ന് കാര്‍ പാര്‍ക്കിങ്ങ് ലോട്ടില്‍ പാര്‍ക്ക് ചെയ്ത മാതാവ് പുറത്തുപോകുന്നതും, 2.28ന് തിരിച്ചു വരുന്നതും അവിടെ സ്ഥാപിച്ചിരുന്ന ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്.

ഇവര്‍ പുറത്തുപോയ ഉടനെ അതുവഴി വന്ന ഒരാള്‍ കാറിന്റെ സണ്‍റൂഫ് തുറന്നിരിക്കുന്നതും, അതിനകത്തു രണ്ടുവയസ്സുള്ള രണ്ടു കുട്ടികള്‍ ചൂടേറ്റ് അബോധാവസ്ഥയില്‍ കിടക്കുന്നതും കണ്ടെത്തി. ഉടനെ ഇയാള്‍ റൂഫിനുള്ളിലൂടെ ഇഴഞ്ഞ് കാറിന്റെ പിന്‍സീറ്റില്‍ ബല്‍റ്റിട്ടു ഇരുത്തിയിരുന്ന രണ്ടു കുട്ടികളേയും പുറത്തെടുത്തു തന്റെ എയര്‍കണ്ടീഷന്‍ ഓണാക്കിയ കാറിലേക്ക് കൊണ്ടുവന്നു. കാര്‍ ചുട്ടുപൊള്ളുന്ന അവസ്ഥയിലായിരുന്നുവെന്നാണ് ഇയാള്‍ പോലീസിനോട് പറഞ്ഞത്.

ഡി.എച്ച്.എസും, ഒക്കലഹോമ പോലീസ് ഡിപ്പാര്‍ട്ട്മെന്റും ബാബിനെ അറസ്റ്റു ചെയ്ത കാര്യം സ്ഥിരീകരിച്ചു. കുട്ടികളെ മെഡിക്കല്‍ ഇവാലുവേഷനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും പോലീസ് പറഞ്ഞു.