കശുവണ്ടി തൊഴിലാളികൾക്ക് 20 ശതമാനം ബോണസ്

Spread the love

കശുവണ്ടി മേഖലയിലെ തൊഴിലാളികൾക്കും ഫാക്ടറി ജീവനക്കാർക്കും ഈ വർഷം 20 ശതമാനം ബോണസും 9500 രൂപ ഓണം ബോണസ് അഡ്വാൻസും നൽകുന്നതിന് തീരുമാനമായി. നിയമസഭാ കോംപ്ലക്‌സിലെ കോൺഫറൻസ് ഹാളിൽ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയുടെയും വ്യവസായ വകുപ്പ് മന്ത്രി പി രാജീവിന്റെയും സംയുക്ത സാന്നിദ്ധ്യത്തിൽ നടന്ന കശുവണ്ടി വ്യവസായ ബന്ധ സമിതിയിലാണ് ബോണസ് തീരുമാനമായത്. ബോണസ് അഡ്വാൻസ്

കുറച്ചുള്ള ഈ വർഷത്തെ ബോണസ് തുക 2023 ജനുവരി 31ന് മുമ്പ് തൊഴിലാളികൾക്ക് നൽകും. ഈ വർഷം ലഭ്യമാകുന്ന ബോണസ് തുക അഡ്വാൻസായി കൈപ്പറ്റിയ തുകയേക്കാൾ കുറവാണെങ്കിൽ അധിക തുക ഓണം ഇൻസെന്റീവായി കണക്കാക്കുന്നതിനും സമിതിയിൽ തീരുമാനമായി. എന്നാൽ തൊഴിലാളിയുടേതായ കാരണത്താൽ ജോലിക്ക് ഹാജരാകാത്ത സാഹചര്യത്തിലാണ് ബോണസ് തുകയിൽ കുറവ് വരുന്നതെങ്കിൽ ശമ്പളത്തിൽ നിന്നും തിരികെ പിടിക്കും.
കശുവണ്ടി ഫാക്ടറികളിലെ മാസശമ്പളക്കാരായ തൊഴിലാളികൾക്ക് മൂന്ന് മാസത്തെ ശമ്പളത്തിന് തുല്യമായ തുക അഡ്വാൻസ് ബോണസായി സെപ്തംബർ മൂന്നിനകം നൽകുന്നതിനും സമിതിയിൽ തീരുമാനമായി. ജൂലായ് മാസത്തെ ശമ്പളത്തെ അടിസ്ഥാനപ്പെടുത്തിയാണ് അഡ്വാൻസ് ബോണസ് നിർണയിക്കുക. ജൂലായ് 31 വരെ 75 ശതമാനം ഹാജർ ഉള്ളവർക്ക് മുഴുവൻ തുകയും മറ്റുള്ളവർക്കും ആനുപാതികമായും അഡ്വാൻസ് ബോണസ് അനുവദിക്കും. യോഗത്തിൽ ലേബർ കമ്മിഷണർ നവ്ജോത് ഖോസ, അഡീ ലേബർ കമ്മിഷണർമാരായ രഞ്ജിത് പി മനോഹർ, കെ ശ്രീലാൽ, കെ എം സുനിൽ തുടങ്ങിയവരും കശുവണ്ടി വ്യവസായ ബന്ധ സമിതി അംഗങ്ങളും പങ്കെടുത്തു.

Author