സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിനു സംസ്ഥാനങ്ങളെ പ്രാപ്തരാക്കാൻ കേന്ദ്രം ഇടപെടണം : മുഖ്യമന്ത്രി

Spread the love

കോവിഡ് മഹാമാരിയുടെ ആഘാതം മറികടക്കുന്നതിന് സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിനു സംസ്ഥാനങ്ങളെ പ്രാപ്തരാക്കാൻ കേന്ദ്രം സജീവ ഇടപെടൽ നടത്തണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ നേരിടുന്ന പ്രധാന പ്രശ്‌നങ്ങളായ തീരശോഷണം, റെയിൽവേ, എയർപോർട്ട് നവീകരണം തുടങ്ങിയവയുടെ കാര്യത്തിലും കേന്ദ്ര സർക്കാർ പ്രത്യേക ശ്രദ്ധവയ്ക്കണമെന്നു മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം കോവളത്ത് നടന്ന 30-ാമത് സതേൺ സോണൽ കൗൺസിൽ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൺകറണ്ട് ലിസ്റ്റിനെ അടിസ്ഥാനമാക്കിയുള്ള നിയമനിർമാണങ്ങൾ പാർലമെന്റ് പാസാക്കുന്നതിനു മുൻപ് ഫലപ്രദമായ ചർച്ചകൾ നടത്തണമെന്നു മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ തർക്കങ്ങളുണ്ടാകാം. പക്ഷേ, ചർച്ചകളിലൂടെയും സംവാദങ്ങളിലൂടെയും അഭിപ്രായ വ്യത്യാസങ്ങൾ കുറയ്ക്കാനും സമവായമുണ്ടാക്കാനും കഴിയും. ഇതാണ് ആരോഗ്യകരമായ ഫെഡറൽ ജനാധിപത്യത്തിന്റെ അന്തസത്ത. കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടേയും നിയമ നിർമാണതലങ്ങളെക്കുറിച്ചു ഭരണഘടനയിൽ വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ട്. കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലും സംസ്ഥാനങ്ങൾക്കിടയിലുമുണ്ടാകുന്ന തർക്കങ്ങളും പ്രശ്‌നങ്ങളും പരിഹരിക്കുന്നതിനും ഭരണഘടനയിൽ വ്യക്തമായ വ്യവസ്ഥകളുമുണ്ട്. ഇതിന്റെ ഭാഗമായാണ് 1956ലെ സംസ്ഥാന പുനഃസംഘടനാ നിയമത്തിന്റെ ഭാഗമായി സോണൽ കൗൺസിലുകൾ രൂപീകരിച്ചത്. ഭരണഘടനയുടെ ആർട്ടിക്കിൾ 263 പ്രകാരം ഇന്റർ സ്റ്റേറ്റ് കൗൺസിലുകൾ രൂപീകരിക്കാൻ വ്യവസ്ഥ ചെയ്‌തെങ്കിലും ഒരു വിജ്ഞാപനത്തിലൂടെ അതു യാഥാർഥ്യമാക്കാൻ 40 വർഷമെടുത്തു.

കോവിഡ് മഹാമാരിയുടെ ഫലമായുണ്ടായ അഭൂതപൂർവമായ സാഹചര്യത്തെ നാം നേരിട്ടത് സഹകരണമനോഭാവംകൊണ്ടാണ്. ഭിന്നതകൾ മറന്ന്, ജനങ്ങളുടെ സംരക്ഷണമെന്ന കാലഘട്ടത്തിന്റെ ആവശ്യത്തിലേക്ക് എല്ലാവരും ഉയർന്നു. കോവിഡ് മഹാമാരി സമ്പദ് ഘടനയിൽ സൃഷ്ടിച്ച ആഘാതം മറികടക്കുന്നതിന് കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടേയും സാമ്പത്തിക ശാക്തീകരണം പ്രധാനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. തലശേരി-മൈസൂർ, നിലമ്പൂർ-നഞ്ചങ്കോട് റെയിൽപ്പാത വികസനവുമായി ബന്ധപ്പെട്ട് കർണാടക മുഖ്യമന്ത്രിയുമായി പ്രത്യേക ചർച്ച നടത്തുമെന്ന് മുഖ്യമന്ത്രി യോഗത്തിൽ പറഞ്ഞു.
കോവളം റാവിസ് ഹോട്ടലിൽ നടന്ന ചടങ്ങിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അധ്യക്ഷത വഹിച്ചു. തമിഴ്നാട് മുഖ്യന്ത്രി എം.കെ. സ്റ്റാലിൻ, കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ, ആന്ധ്ര പ്രദേശ് ധനമന്ത്രി ബഗ്ഗ്‌റ രാജേന്ദ്രനാഥ്, തെലങ്കാന ആഭ്യന്തര മന്ത്രി മുഹമ്മദ് മഹ്‌മൂദ്, പുതുച്ചേരി ലഫ്. ഗവർണർ തമിഴിസൈ സൗന്ദരരാജൻ, ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റർ പ്രഫുൽ പട്ടൽ, ആൻഡമാൻ നിക്കോബാർ ലഫ്. ഗവർണർ അഡ്മിറൽ ഡി.കെ. ജോഷി, കേന്ദ്ര സർക്കാരിലേയും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലേയും ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.

Author