എം. ബി. രാജേഷ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

Spread the love

എം. ബി. രാജേഷ് പുതിയ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു ചുമതലയേറ്റു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുത്തു. സഗൗരവമാണ് എം. ബി. രാജേഷ് പ്രതിജ്ഞയെടുത്തത്. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ കെ. രാധാകൃഷ്ണൻ, കെ. എൻ. ബാലഗോപാൽ, വി. എൻ. വാസവൻ, ജി. ആർ. അനിൽ, ജെ. ചിഞ്ചുറാണി, വി. ശിവൻകുട്ടി, കെ. കൃഷ്ണൻകുട്ടി, പി. പ്രസാദ്, പി. എ. മുഹമ്മദ് റിയാസ്, എ. കെ. ശശീന്ദ്രൻ, ആന്റണിരാജു, വീണാജോർജ്, പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, എം. എൽ. എമാർ, ചീഫ് സെക്രട്ടറി ഡോ. വി. പി. ജോയ്, രാഷ്ട്രീയ, സാമൂഹ്യ, ആത്മീയ നേതാക്കൾ, മുഖ്യമന്ത്രിയുടെ പത്‌നി കമല, എം. ബി. രാജേഷിന്റെ കുടുംബാംഗങ്ങൾ, ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. സത്യപ്രതിജ്ഞ ചടങ്ങിനു ശേഷം ഗവർണർ, മുഖ്യമന്ത്രി, മറ്റു വിശിഷ്ട വ്യക്തികൾ തുടങ്ങിയവർ പൂച്ചെണ്ടു നൽകി മന്ത്രിയെ അഭിനന്ദിച്ചു.
രാജ്ഭവനിലെ ചടങ്ങിനു ശേഷം രാവിലെ 11.30 ഓടെ അദ്ദേഹം സെക്രട്ടേറിയറ്റ് ഓഫീസിലെത്തി. ലെജിസ്‌ലേച്ചറിൽ നിന്ന് എക്‌സിക്യൂട്ടീവിലേക്കുള്ള മാറ്റമായാണ് ഇതിനെ കാണുന്നതെന്നും അതിന്റെ വ്യത്യാസമനുസരിച്ച് പരുവപ്പെടുമെന്നും മന്ത്രി പറഞ്ഞു. സ്പീക്കർ എന്ന നിലയിലെ പ്രവർത്തനത്തെ പ്രതിപക്ഷവും എം. എൽ. എമാരും ജനങ്ങളുമാണ് വിലയിരുത്തേണ്ടത്. സ്പീക്കർ എന്ന നിലയിൽ പ്രതിപക്ഷം നെഗറ്റീവ് മാർക്ക് ഇട്ടിട്ടില്ല. ജനങ്ങൾ കാര്യങ്ങൾ ലൈവായി കാണുന്നവരാണ്. അവർ വിലയിരുത്തട്ടെയെന്ന് അദ്ദേഹം പറഞ്ഞു. മന്ത്രിയെന്ന നിലയിൽ കാര്യങ്ങൾ കൂടുതൽ ആഴത്തിൽ പഠിക്കുകയും മനസിലാക്കുകയും ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

Author