ഒരു വയസ്സുള്ള കുഞ്ഞിനെ മടിയിലിരുത്തി യുവതി സ്വയം വെടിവച്ചു മരിച്ചു

Spread the love

ബ്രൂക്‌ലിൻ (ന്യൂയോർക്ക്)∙ ഒരു വയസ്സുള്ള കുട്ടിയെ മടിയിലിരുത്തി 36കാരിയായ മാതാവ് സ്വയം തലയിൽ നിറയൊഴിച്ച് ആത്മഹത്യ ചെയ്തു. വിൻഗേറ്റ് (36) എന്ന യുവതി ഭർത്താവുമായുണ്ടായ തർക്കത്തെ തുടർന്നാണ് ആത്മഹത്യ ചെയ്തത്.

സ്റ്റുവർട്ട് അവന്യുവിലെ മറിൻ പാർക്ക് മിഡിൽ സ്കൂൾ പരിസരത്തു വച്ച് സെപ്റ്റംബർ 20 ചൊവ്വാഴ്ച ഉച്ചതിരിഞ്ഞായിരുന്നു സംഭവം. കുട്ടിയുമായി സ്കൂൾ യാർഡിൽ ഇരുന്ന യുവതി കുട്ടിയുടെ പിതാവിനെ ഫോണിൽ വിളിച്ചു താൻ ആത്മഹത്യ ചെയ്യുവാൻ പോകുകയാണെന്ന് അറിയിച്ചു. അയാൾ സംഭവ സ്ഥലത്ത് ഓടിയെത്തുന്നതിനു മുമ്പു തന്നെ ഇവർ വെടിയുതിർത്തിരുന്നു.

സംഭവ സ്ഥലത്തെത്തിയ ഭർത്താവ് കുട്ടിയേയും കൂട്ടി അവിടെ നിന്ന് അപ്രത്യക്ഷനായി. അവിടെ സ്ഥാപിച്ചിരുന്ന ക്യാമറകളിൽ ഇയാളുടെ ദൃശ്യം പതിഞ്ഞിരുന്നു. വെടിവയ്ക്കാൻ ഉപയോഗിച്ചെന്നു കരുതപ്പെടുന്ന തോക്ക് സംഭവ സ്ഥലത്തു നിന്നു പൊലീസിന് കണ്ടെടുക്കാനായില്ല. തോക്കെടുത്ത് എവിടെയോ ഒളിപ്പിച്ചിരിക്കാം എന്നാണു പൊലീസിന്റെ നിഗമനം. ഇയാളെ പിന്നീട് പൊലിസ് പിടികൂടി ചോദ്യം ചെയ്തുവരികയാണ്. ചൊവ്വാഴ്ച നാലു മണിക്കു ദമ്പതികൾ തമ്മിൽ തർക്കം ഉണ്ടായതായി പൊലീസ് പറയുന്നു. ഇവർ താമസിച്ചിരുന്ന വീട്ടിൽ നിന്ന് ഒരു മൈൽ അകലെയായിരുന്നു സംഭവം. യുവതി ആത്മഹത്യ കുറിപ്പും എഴുതിവച്ചിരുന്നു.