കേരള സ്‌കിൽ അക്രഡിറ്റേഷൻ പ്ലാറ്റ്‌ഫോം (കെ-സാപ്) ന് തുടക്കമാകുന്നു; കേരളത്തിലെ സ്‌കിൽ ട്രെയിനിംഗ് ഏജൻസികൾക്ക് അക്രഡറ്റീഷൻ

Spread the love

കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നൈപുണ്യ പരിശീലനം നൽകി വരുന്ന പൊതു സ്വകാര്യ ഏജൻസികളുടെ കോഴ്സുകൾ ദേശീയ നിലവാരത്തിൽ ഉയർത്തി കേന്ദ്ര സർക്കാർ അംഗീകൃത കോഴ്‌സ് ആക്കി മാറ്റുക, വ്യവസായിക ആവശ്യങ്ങൾക്കനുസരിച്ചുള്ള നിലവാരത്തിലേക്ക് പരിശീലനത്തെ ഉയർത്തുക, കാലാനുസൃതമായി കരിക്കുലം പരിഷ്‌കരിക്കുക എന്നീ ലക്ഷ്യങ്ങളോടെ ആരംഭിക്കുന്ന കേരള സ്‌കിൽ അക്രഡിറ്റേഷൻ പ്ലാറ്റഫോമിന് തുടക്കമാകുന്നു. ഒക്ടോബർ ഒന്ന് മുതൽ ആരംഭിക്കുന്ന പദ്ധതിയിലൂടെ കേരളത്തിൽ വിവിധ ഏജൻസികൾ നടത്തി വരുന്ന തൊഴിലധിഷ്ഠിത കോഴ്സുകൾ ദേശീയ നിലവാരത്തിലേക്ക് ഉയർത്തുക എന്നതാണ് ലക്ഷ്യം.
കേന്ദ്ര സർക്കാരിന്റെ നാഷണൽ കൗൺസിൽ ഫോർ വൊക്കേഷണൽ ആൻഡ് എജുക്കേഷണൽ ട്രെയിനിംഗ് (എൻ.സി.വി.ഇ.ടി.) യുടെ അസസ്‌മെന്റ് ഏജൻസിയും അവാർഡിംഗ് ബോഡിയും ആയി അസാപ് കേരള തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇതിന്റെ ഭാഗമായി കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്ന നൈപുണ്യ പരിശീലന കോഴ്സുകൾ എൻ.എസ്.ക്യു.എഫ് നിലവാരത്തിൽ കൊണ്ടുവരിക എന്ന ദൗത്യമാണ് അസാപ് നിർവ്വഹിക്കുക. അക്രഡിറ്റേഷന്റെ ഭാഗമായി അസാപിലൂടെ പരീക്ഷ നടത്തിപ്പും കോഴ്സുകൾക്ക് അസാപ് സർട്ടിഫിക്കറ്റും നൽകാൻ സാധിക്കും.
കേരളത്തിൽ നൈപുണ്യ പരിശീലനം നൽകിക്കൊണ്ടിരിക്കുന്ന സ്ഥാപനങ്ങൾക്ക് അസാപിന്റെ അക്രഡിറ്റേഷൻ നേടാനുള്ള അവസരം കൂടിയാണ് കെ-സാപ്.