വയോജനങ്ങൾക്കായി പകൽ വീടൊരുക്കി ഇരട്ടയാർ ഗ്രാമപഞ്ചായത്ത്

Spread the love

വയോജനങ്ങൾക്ക് ഒന്നിച്ചിരിക്കാനും പരസ്പരം സന്തോഷം പങ്കുവയ്ക്കാനും പകൽവീടൊരുക്കി ഇരട്ടയാർ ഗ്രാമപഞ്ചായത്ത്. പഴയ ഗ്രാമപഞ്ചായത്ത് കാര്യാലയത്തിൽ സജ്ജമാക്കിയ പകൽവീടിന്റെ ഉദ്ഘാടന കർമ്മം വയോജന ദിനത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ജിൻസൺ വർക്കി നിർവ്വഹിച്ചു. രണ്ട് ലക്ഷം രൂപ വിനിയോഗിച്ചാണ് പകൽ വീട് ഒരുക്കിയത്.
പകൽ സമയങ്ങളിൽ വയോജനങ്ങൾക്ക് ഉപകരിക്കപ്പെടുന്ന തരത്തിൽ മാനസികോല്ലാസത്തിനായി ടെലിവിഷൻ, കാരംസ്, ചെസ് തുടങ്ങി കളികൾക്കുള്ള സൗകര്യങ്ങൾ, ചാരുകസേര, വിശ്രമത്തിനായി കട്ടിലും കിടക്കയും, മാറ്റുകൾ, ശൗചാലയം തുടങ്ങിയ സൗകര്യങ്ങളോടെയാണ് പകൽ വീട് സജ്ജമാക്കിയിരിക്കുന്നത്. സായംപ്രഭ പദ്ധതിയിലുൾപ്പെടുത്തി ഇവർക്ക് ഭക്ഷണം ലഭ്യമാക്കാനുള്ള ശ്രമത്തിലാണ് ഗ്രാമപഞ്ചായത്ത്.
രാവിലെ 9 മുതൽ വൈകിട്ട് 5 വരെയാണ് പകൽവീടിന്റെ പ്രവർത്തന സമയം. ഇവിടെയെത്തുന്ന വയോധികരുടെ ആരോഗ്യക്ഷേമത്തിനായി പഞ്ചായത്ത് കെയർടേക്കറെയും നിയമിക്കും.

Author