വരുണ്‍ മാനിഷ് സഹപാഠിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

Spread the love

ഇന്ത്യാന : പര്‍ഡ്യു യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥി വരുണ്‍ മാനിഷ് ചെഡ്രാ (20) സഹപാഠിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു.

ഒക്ടോബര്‍ 5 ബുധനാഴ്ച രാവിലെ യൂണിവേഴ്‌സിറ്റി ക്യാംപസിലെ വെസ്റ്റ് ലെ ഫെയ്റ്റിയിലാണു വരുണിന്റെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിനുത്തരവാദിയായ വിദ്യാര്‍ഥി ജിമിന്‍ ജമ്മിഷായെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ബുധനാഴ്ച രാവിലെ ജിമ്മി തന്നെയാണു പൊലീസില്‍ വിളിച്ചു വിവരം അറിയിച്ചത്. സംഭവം നടക്കുമ്പോള്‍ താമസിച്ചിരുന്ന മുറിയില്‍ ഇവര്‍ രണ്ടു പേര്‍ മാത്രമാണുണ്ടായിരുന്നതെന്നു പൊലീസ് പറഞ്ഞു. നോര്‍ത്ത് കൊറിയയില്‍ നിന്നുള്ള ഇന്റര്‍നാഷനല്‍ വിദ്യാര്‍ഥിയാണ് പ്രതിയായ ജിമ്മി. സൈബര്‍ സെക്യൂരിറ്റി മെയ്ജര്‍ വിദ്യാര്‍ഥിയാണ്.

ശരീരത്തിലേറ്റ മാരകമായ മുറിവുകളാണ് മരണത്തിനു കാരണമെന്നു റ്റിപ്കാനോ കൗണ്ടി കൊറോനേഴ്‌സ് ഓഫിസ് അറിയിച്ചു. കൊലക്ക് പ്രേരിപ്പിച്ചതെന്തെന്നു വ്യക്തമല്ലെന്നും പൊലീസ് പറയുന്നു.വരുണിനെ കുറിച്ചു നല്ലതു മാത്രമേ പറയാനുള്ളൂവെന്നു ചെറുപ്പം മുതല്‍ ഒന്നിച്ചു കളിച്ചു വളര്‍ന്ന അരുണാബ സിന്‍ഹ പറഞ്ഞു.

2016 ല്‍ ഹൈസ്‌കൂള്‍ ഗ്രാജ്വേഷനില്‍ ഉയര്‍ന്ന നിലയില്‍ പാസ്സായ വരുണ്‍ ഗ്രാജ്വേഷന്‍ സ്പീച്ചു നടത്തിയത് സുഹൃത്തുക്കള്‍ സ്മരിച്ചു. നാഷണല്‍ മെറിറ്റ് സ്‌കോളര്‍ഷിപ്പ് സെമി ഫൈനലിസ്റ്റായിരുന്നു. 2020 യുഎസ് പ്രസിഡന്‍ഷ്യല്‍ സ്‌കോളേഴ്‌സ് പ്രോഗ്രാമിലെ അംഗമായിരുന്നു. പഠനത്തില്‍ അതിസമര്‍ഥനായിരുന്ന വരുണിന്റെ അപ്രതീഷിത വിയോഗം സഹപാഠികളേയും അധ്യാപകരേയും ഒരേ പോലെ ദുഃഖത്തിലാഴ്ത്തി.

 

Author