ഡമോക്രാറ്റിക് പാര്‍ട്ടി നയങ്ങള്‍ അപകടകരം; തുള്‍സി ഗബാര്‍ഡ് രാജി പ്രഖ്യാപിച്ചു

Spread the love

ഹവായി : ഡമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിയായി 2020 ല്‍ ബൈഡനോടൊപ്പം മത്സരിച്ച മുന്‍ കോണ്‍ഗ്രസ് അംഗം(ഹവായി) പാര്‍ട്ടിയുടെ അപകടകരമായ നയങ്ങളിലും നിലപാടുകളിലും പ്രതിഷേധിച്ചു രാജി വയ്ക്കുകയാണെന്നു പ്രഖ്യാപിച്ചത് രാഷ്ട്രീയ വൃത്തങ്ങളെ ഞെട്ടിപ്പിച്ചു.

നവംബറില്‍ നടക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പില്‍ ഡമോക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥിതി അത്രയും ആശാവഹമല്ലാതിരിക്കെ തുള്‍സിയെ പോലെ ജനസ്വാധീനമുള്ള നേതാക്കള്‍ പാര്‍ട്ടിയില്‍ നിന്നും പുറത്തുപോകുന്നത് വീണ്ടും ഡമോക്രാറ്റിക് പാര്‍ട്ടിയുടെ നില കൂടുതല്‍ പരുങ്ങലിലാക്കും.

യുദ്ധ കൊതിയന്മാര്‍, വര്‍ണ്ണവെറിയന്മാര്‍, ഏകാധിപത്യ പ്രവണത വച്ചു പുലര്‍ത്തുന്ന സ്വേച്ഛാധിപതികള്‍ എന്നീ ആരോപണങ്ങളാണ് ബൈഡന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കെതിരെ തുള്‍സി ആരോപിച്ചിരിക്കുന്നത്.

യുഎസ് കോണ്‍ഗ്രസിന്റെ ചരിത്രത്തില്‍ 2013 ല്‍ ഹവായില്‍ നിന്നും ആദ്യമായി തിരഞ്ഞെടുക്കപ്പെട്ട ഒരു ഹിന്ദു അംഗമാണ് തുള്‍സി ഗബാര്‍ഡ്, 8 വര്‍ഷം കോണ്‍ഗ്രസ് അംഗമായ ഇവര്‍ 2021 ലാണ് കോണ്‍ഗ്രസില്‍ നിന്നും പുറത്താകുന്നത്. ജാതിയുടേയും വര്‍ണ്ണത്തിന്റേയും പേരില്‍ അമേരിക്കന്‍ ജനതയെ വിഭജിക്കാന്‍ ഡമോക്രാറ്റിക് പാര്‍ട്ടി ശ്രമിക്കുന്നുവെന്ന ഗുരുതര ആരോപണം ഉന്നയിക്കുന്നതോടൊപ്പം മറ്റു പാര്‍ട്ടി നേതാക്കളോടും പാര്‍ട്ടി വിടണമെന്ന് ഇവര്‍ അഭ്യര്‍ഥിച്ചു. സ്വതന്ത്രമായി ചിന്തിക്കുന്നവര്‍ക്ക് പാര്‍ട്ടിയില്‍ തുടരാന്‍ കഴിയുകയില്ലെന്നും ഇവര്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ ചേരുമോ അതോ പുതിയ പാര്‍ട്ടി രൂപീകരിക്കുമോ എന്ന യാതൊരു സൂചനയും ഇതുവരെ നല്‍കിയിട്ടില്ല.

Author