വയനാട് ജില്ലയിലുള്ള എബിസിഡി പദ്ധതി’ക്ക് തുടക്കം കുറിച്ചു – മുഖ്യമന്ത്രി

Spread the love

വയനാട് ജില്ലയിലുള്ള എല്ലാ പട്ടികവർഗക്കാർക്കും ആറ് അടിസ്ഥാന സർക്കാർ രേഖകളെങ്കിലും ഉണ്ടെന്ന് ഉറപ്പുവരുത്തുന്ന ‘എബിസിഡി പദ്ധതി’ക്ക് തുടക്കം കുറിച്ചു. ഐടി മിഷന്റെയും പട്ടികവർഗ വികസന വകുപ്പിന്റെയും തദ്ദേശ സ്വയംഭരണവകുപ്പിന്റെയും പിന്തുണയോടെ വയനാട് ജില്ലാ സംവിധാനം നടപ്പാക്കുന്ന പദ്ധതിയാണ് എബിസിഡി.

ഓരോ പഞ്ചായത്തിലെയും പട്ടികവർഗക്കാർക്ക് ആറ് അടിസ്ഥാന രേഖകൾ (ആധാർ, റേഷൻ കാർഡ്, ബാങ്ക് അക്കൗണ്ട്, ജനന/മരണ സർട്ടിഫിക്കറ്റുകൾ, ആരോഗ്യ ഇൻഷുറൻസ്, ഇലക്ഷൻ ഐഡി) ഉണ്ടോയെന്ന് പരിശോധിക്കാനും ഇല്ലെങ്കിൽ പ്രത്യേക ക്യാമ്പുകൾ വഴി അവ നൽകാനും ഈ പദ്ധതി ലക്ഷ്യമിടുന്നു. രേഖകളുടെ പരിശോധനക്കും മറ്റുമായി എല്ലാ അനുബന്ധ വകുപ്പുകളെയും ഒരു ക്യാമ്പിൽ ഉൾപ്പെടുത്തുന്നത് ഓരോ ഗുണഭോക്താവിനും ആവശ്യമായ സേവനങ്ങളെല്ലാം ലഭിക്കുന്നതിനുള്ള സാഹചര്യമുണ്ടാക്കും. അതുവഴി ഓരോ രേഖകൾക്കുമായി നിരവധി ഓഫീസുകൾ കയറിയിറങ്ങുന്നതിനുള്ള സമയവും ആയാസവും കുറയ്ക്കാം.
ക്യാമ്പുകളിൽ പങ്കെടുക്കാൻ കഴിയാത്തവർക്ക് ഓരോ അക്ഷയ കേന്ദ്രത്തിലും പ്രത്യേകം ഗോത്ര സൗഹൃദ കൗണ്ടറുകൾ മുഖേന സേവനം നൽകാനും ആലോചിക്കുന്നുണ്ട്. സർവ്വതലസ്പർശിയായ ജനകീയ വികസന ബദലുമായി മുന്നോട്ടു പോകുന്ന എൽഡിഎഫ് സർക്കാരിന്റെ പദ്ധതികളും നൽകുന്ന ആനുകൂല്യങ്ങളും അർഹരായ എല്ലാ പട്ടികവർഗക്കാരിലേക്കുമെത്തുന്നുവെന്ന് ‘എബിസിഡി’ പദ്ധതി വഴി ഉറപ്പാക്കാൻ സാധിക്കും.

Author