ഗോത്ര സംരംഭകര്‍ക്ക് വഴികാട്ടിയായി ബണ്‍സ ക്യാമ്പയിന്‍

Spread the love

വയനാട്: പട്ടിക വര്‍ഗ്ഗ സുസ്ഥിര വികസന പദ്ധതിയുടെ ഭാഗമായി ജില്ലയിലെ ഗോത്ര മേഖലയില്‍ പുതിയ സംരംഭങ്ങള്‍ക്ക് കൈത്താങ്ങാവുകയാണ് കുടുംബശ്രീ. പ്രത്യേക സംരംഭക ക്യാമ്പയിനിലൂടെ ജില്ലയില്‍ വ്യത്യസ്ത സംരംഭങ്ങള്‍ രൂപീകരിക്കുന്ന പരിശീലനങ്ങളും പ്രവര്‍ത്തനങ്ങളുമാണ് കുടുംബശ്രീ ജില്ലാ മിഷന്‍ നടപ്പാക്കുന്നത്. ഗോത്ര മേഖലയില്‍ ഈ വര്‍ഷം 500 സംരംഭങ്ങള്‍ ആരംഭിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ”ബണ്‍സ” (കാട്ടുനായ്ക്ക ഭാഷയില്‍ വെളിച്ചം) എന്ന ക്യാമ്പയിന് മികച്ച പ്രതികരണമാണ് ഊരുകളില്‍ നിന്നും ലഭിക്കുന്നത്. കുടുംബശ്രീയുടെ വിവിധ ഫണ്ടുകള്‍ ഗോത്ര മേഖലയില്‍ ലഭ്യമാക്കി വരുമാനദായക പ്രവര്‍ത്തനങ്ങളില്‍ പങ്കാളിത്തമുറപ്പാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
”ബണ്‍സ” ക്യാമ്പയിനിലൂടെ പനമരം ബ്ലോക്കില്‍ 8, കല്‍പ്പറ്റ ബ്ലോക്കില്‍ 20, മാനന്തവാടി ബ്ലോക്കില്‍ 22 സംരഭങ്ങള്‍ ഇള്‍പ്പെടെ ജില്ലയില്‍ 50 പുതിയ സംരംഭങ്ങള്‍ ആരംഭിച്ചു. പുതിയ സംരഭങ്ങള്‍ക്കായി ലോണ്‍ വ്യവസ്ഥയില്‍ കുടുംബശ്രീയിലൂടെ 23,70,000 രൂപ നല്‍കി.സൂക്ഷ്മ സംരംഭ പ്രവര്‍ത്തനത്തിന്റെയും എസ്.വി.ഇ.പി, ആര്‍.കെ.ഐ.ഇ.ഡി.പി പദ്ധതിയുടെയും ഭാഗമായി കുടുംബശ്രീയുടെ എം.ഇ.സിമാര്‍, അനിമേറ്റര്‍മാര്‍ എന്നിവര്‍ ചേര്‍ന്നാണ് വിവിധ സി.ഡി.എസുകളുടെ നേതൃത്വത്തില്‍ സംരംഭ രൂപീകരണ പ്രവര്‍ത്തനം ആസൂത്രണം ചെയ്ത് നടപ്പാക്കുന്നത്. നിലവില്‍ ഗോത്ര മേഖലയില്‍ നിന്നും ടൈലറിംഗ്, ബാര്‍ബര്‍ ഷോപ്പ്, ഹോട്ടല്‍, സ്റ്റേഷനറി സ്റ്റോര്‍, ഫര്‍ണിച്ചര്‍ ഷോപ്പ്, ബേക്കറി യൂണിറ്റ്, വിവിധ മസാലപ്പൊടി യൂണിറ്റുകള്‍, കൂണ്‍ കൃഷി യൂണിറ്റ് തുടങ്ങി വൈവിധ്യങ്ങളായ സംരംഭങ്ങള്‍ ആരംഭിച്ചു. പട്ടിക വര്‍ഗ്ഗ മേഖലയിലെ സംരംഭങ്ങള്‍ക്ക് കരുത്താകുന്ന കുടുംബശ്രീയുടെ മാതൃകാപരമായ പ്രവര്‍ത്തനമാണ് ”ബണ്‍സ” ക്യാമ്പയിനിലൂടെ ജില്ലയില്‍ നടപ്പാക്കുന്നത്.

Author