എഴുത്തച്ഛന്‍ പുരസ്കാരം സേതുവിന്

Spread the love

മലയാളസാഹിത്യത്തിന്നു നല്‍കിയ സമഗ്രസംഭാവന പരിഗണിച്ചു കേരള സര്‍ക്കാരിന്റെ ഏറ്റവും വലിയ സാഹിത്യബഹുമതിയായ എഴുത്തച്ഛന്‍ പുരസ്കാരം ( 2022) സേതുവിനു സമർപ്പിക്കുകയാണെന്ന് സാംസ്കാരികവകുപ്പ് മന്ത്രി വി.എൻ വാസവൻ പത്രസമ്മേളനത്തിൽ അറിയിച്ചു.
കേരളസാഹിത്യഅക്കാദമി പ്രസിഡന്റ് കെ സച്ചിദാനന്ദന്‍ ചെയര്‍മാനും പ്രൊഫസര്‍ എം കെ സാനു, വൈശാഖന്‍, കാലടി ശ്രീശങ്കരാചാര്യസര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ എം വി നാരായണന്‍, സാംസ്‌കാരികവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ്ജ് ഐ എ എസ് എന്നിവരംഗങ്ങളുമായ വിധിനിര്‍ണ്ണയസമിതി 2022 ലെ എഴുത്തച്ഛന്‍പുരസ്‌കാരം നോവലിസ്റ്റും കഥാകൃത്തുമായ സേതുവിന് സമര്‍പ്പിക്കാന്‍ ഏകകണ്ഠമായി ശുപാര്‍ശ ചെയ്തത്.മലയാളകഥയിലും നോവലിലും സ്വന്തമായ ഒരിടം കണ്ടെത്തിയ മുതിര്‍ന്ന എഴുത്തുകാരനാണ് സേതു. സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ചെയര്‍മാന്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ ബാങ്കിന്റെ ഡയറക്ടര്‍, നാഷണല്‍ ബുക്ക് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ ചെയര്‍മാന്‍ തുടങ്ങിയ വലിയ പദവികളില്‍ മഹത്തായ സംഭാവനകള്‍ നല്‍കിയ ശ്രേഷ്ഠവ്യക്തിത്വമാണ് അദ്ദേഹം.ആലുവയില്‍ കടുങ്ങല്ലൂരിലെ പ്രശാന്തസുന്ദരമായ അന്തരീക്ഷമുള്ള വീട്ടില്‍ സേതു അക്ഷരത്തെ ഉപാസിച്ചുകൊണ്ട് എണ്‍പത് വയസ്സ് പിന്നീടുകയാണ്. അദ്ദേഹത്തെ മലയാളത്തിലെ മിക്കവാറും പ്രധാനപ്പെട്ട എല്ലാ അവാര്‍ഡുകളും തേടിവന്നിട്ടുണ്ട്. പാണ്ഡവപുരം, കൈമുദ്രകള്‍, അടയാളങ്ങള്‍, കിരാതം, ആറാമത്തെ പെണ്‍കുട്ടി, കിളിമൊഴികള്‍ക്കപ്പുറം തുടങ്ങിയ നോവലുകള്‍ മലയാളത്തില്‍ ബെസ്റ്റ് സെല്ലറുകളാണ്. നോവലിനും കഥയ്ക്കുമീിടയില്‍ വിവിധ ഇന്ത്യന്‍ ഭാഷകളിലും വിദേശഭാഷകളിലും അദ്ദേഹത്തിന്റെ കഥകളും നോവലുകളും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഒട്ടേറെ സിനിമകള്‍ക്കും അദ്ദേഹത്തിന്റെ കഥകള്‍ അടിസ്ഥാനമായി.
സേതു എന്ന എഴുത്തുകാരന്റെ ജീവിതാനുഭവങ്ങള്‍ പുതുതലമുറയെ പ്രചോദിപ്പിക്കുന്ന ഒരു പാഠപുസ്തകമാണ്. ജീവിതാനുഭവങ്ങളുടെ ഒരു വലിയ ബാങ്ക് നിക്ഷേപമുള്ള വലിയ എഴുത്തുകാരനാണ് അദ്ദേഹം. പ്രസ്ഥാനങ്ങളുടെയും പ്രവണതകളുടെയും നിര്‍വ്വചനങ്ങള്‍ക്ക് അപ്പുറം നിന്നുകൊണ്ട് എഴുത്തിനെ നവീകരിക്കാനും സമകാലികമാക്കാനും ശ്രദ്ധവെയ്ക്കുന്ന എഴുത്തുകാരനാണ് സേതു.പ്രമേയത്തിലും രചനാശൈലിയിലും പുതുമ കൊണ്ടുവരാന്‍ കാണിച്ച സൂക്ഷ്മജാഗ്രത സേതുവിനെ വ്യത്യസ്തനാക്കുന്നു. അതോടൊപ്പം തന്റെ രചനകളും ജീവിതവും വഴി ജനാധിപത്യ, മതനിരപേക്ഷ മൂല്യങ്ങള്‍ ഉയര്‍പ്പിപ്പിടിക്കുന്ന എഴുത്തുകാരനാണ് സേതു.

Author