സംസ്ഥാനത്തെ മുഴുവൻ പോലീസ് സ്റ്റേഷനുകളിലും സി സി ടി വി ക്യാമറകൾ സ്ഥാപിക്കും : മുഖ്യമന്ത്രി

Spread the love

കണ്ണൂര്‍: മൂന്നാംമുറ ഉൾപ്പെടെ സമൂഹത്തിന് ചേരാത്ത പ്രവണതകൾ ഒന്നും നടക്കുന്നില്ലെന്ന് ഉറപ്പുവരുത്താൻ സംസ്ഥാനത്തെ മുഴുവൻ പോലീസ് സ്റ്റേഷനുകളിലും സുപ്രീംകോടതി നിർദേശപ്രകാരമുള്ള സി സി ടി വി ക്യാമറകൾ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കണ്ണവം പൊലീസ് സ്റ്റേഷന് പുതുതായി നിർമ്മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനം ഓൺലൈനായി നിർവഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പുതിയ കാലത്തിന്റെ പ്രത്യേകതക്കനുസരിച്ച് പൊലീസ് സംവിധാനം നവീകരിക്കേണ്ടതുണ്ട്.പൊലീസിന്റെ പ്രവർത്തനങ്ങൾ കൂടുതൽ സുതാര്യമാകുക എന്നത് കാലത്തിന്റെ ആവശ്യമാണ്. കേരള പോലീസിന്റെ യശ്ശസ് ഉയർത്തിയ നിരവധി മാതൃകാപരമായ പ്രവർത്തനങ്ങളും സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. എന്നാൽ, പൊലീസ് സേനക്ക് കളങ്കം വരുത്തുന്ന ചില പ്രവൃത്തികൾ ചിലരുടെ ഭാഗത്തു നിന്നും ഉണ്ടായി. അത് നാം ഗൗരവമായി കാണേണ്ടതുണ്ട്. സമൂഹത്തിനും പൊലീസ് സേനക്കും ചേരാത്ത പ്രവൃത്തി കാട്ടുന്നവരോട് ഒരു ദയയും കാണിക്കാൻ കഴിയില്ല. അത്തരം വ്യക്തികളെ സംരക്ഷിക്കേണ്ട ബാധ്യത പൊലീസ് സേനക്കില്ല. പൊലീസ് ഒരു ജനസേവന സേനയാണ്. അതിനനുസൃതമായ പ്രവൃത്തികളാണ് ഉണ്ടാകേണ്ടത്.പലതരത്തിലുള്ള പ്രശ്നങ്ങൾ, മാനസിക സമ്മർദ്ദങ്ങൾ തുടങ്ങിയവ വ്യക്തിപരമായും, സാമൂഹിക ജീവിതത്തിന്റെ ഭാഗമായും സേവനത്തിന്റെ ഭാഗമായും ഉദ്യോഗസ്ഥർക്ക് ഉണ്ടാകും. അത്തരക്കാരിൽ സാധാരണഗതിയിൽ പരുഷമായി പെരുമാറ്റം കടന്നുവന്നു എന്ന് വരാം. എന്നാൽ തനിക്കു മുന്നിൽ എത്തുന്ന പൊതുജനങ്ങളെ തന്നെക്കാൾ പ്രാധാന്യത്തോടെ കാണുകയാണ് പ്രാഥമിക കർത്തവ്യം എന്ന് പൊലീസ് സേനയിലുള്ള ഓരോരുത്തർക്കും ബോധ്യം ഉണ്ടാവണം.പൊലീസ് സേനയുടെ അടിസ്ഥാന സൗകര്യ വികസനത്തിൽ നല്ല മാറ്റമാണ് ഉണ്ടായിട്ടുള്ളത്. രാജ്യത്തെ പൊലീസ് സേനക്ക് തന്നെ മാതൃകയാകുന്ന തരത്തിൽ ക്രമസമാധാന പരിപാലനത്തിലും ശാസ്ത്രീയമായ കുറ്റാന്വേഷണത്തിലും സൈബർ കേസന്വേഷണത്തിലും മറ്റ് മേഖലകളിലും കേരളം ഒന്നാം സ്ഥാനത്താണ്. നമ്മുടെ നാട്ടിൽ പൊലീസിന് ലഭിച്ചിട്ടുള്ള സ്വീകാര്യത പല സന്ദർഭങ്ങളിലും വ്യക്തമാണ്. കേവലമായ ക്രമസമാധാന ചുമതല മാത്രമല്ല ദുരന്തഘട്ടങ്ങളിലും ജനങ്ങളുടെ സന്തതസഹചാരിയായി പൊലീസ് രംഗത്തുണ്ടായി. അതിലൂടെ പൊലീസ് സേനയുടെ പുതിയ മുഖം കേരള ജനതക്ക് കാണാൻ കഴിഞ്ഞു.ജനമൈത്രിയിലൂടെ പൊലീസിന് ലഭിച്ച സ്വീകാര്യതയും അഭിമാനിക്കാവുന്ന നേട്ടമാണ്. ജനകീയ പൊലീസാകുന്നതിന് നിരവധി പുതിയ പദ്ധതികളാണ് കൊണ്ടു വന്നിട്ടുള്ളത്- മുഖ്യമന്ത്രി പറഞ്ഞു. 20 വർഷമായി വാടക കെട്ടിടത്തിലാണ് കണ്ണവം പോലീസ് സ്റ്റേഷൻ പ്രവർത്തിക്കുന്നത്. പുതിയ കെട്ടിടം നിർമ്മിക്കുന്നതിനായി 2.49 കോടി രൂപയാണ് സർക്കാർ അനുവദിച്ചിട്ടുള്ളത്. കെ കെ ശൈലജ ടീച്ചർ എം എൽ എ ഓൺലൈനായി അധ്യക്ഷത വഹിച്ചു.

Author