ഐഡഹോ യൂണിവേഴ്‌സിറ്റിക്ക് സമീപം നാല് വിദ്യാര്‍ത്ഥികള്‍ മരിച്ചനിലയില്‍ – പി.പി ചെറിയാന്‍

മോസ്‌ക്കൊസിറ്റി(ഐഡഹൊ): യൂണിവേഴ്‌സിറ്റി ഓഫ് ഐഡഹൊയിലെ നാലു വിദ്യാര്‍ത്ഥികളെ സമീപത്തുള്ള അപ്പാര്‍ട്ട്‌മെന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതായി മോസ്‌ക്കൊ സിറ്റി പോലീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

നവംബര്‍ 13 ഞായറാഴ്ച രാവിലെ 11.48നാണ് പോലീസ് സംഭവസ്ഥലത്ത് എത്തിയത്. വീട് അപ്പാര്‍ട്ട്‌മെന്റാക്കി മാറ്റിയ ഒരു മുറിയില്‍ നിന്നാണ് നാലു പേരുടേയും മൃതദ്ദേഹങ്ങള്‍ കണ്ടെടുത്തതെന്ന് മോസ്‌ക്കൊ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് ക്യാപ്റ്റന്‍ ടൈസല്‍ ബെരറ്റ് പറഞ്ഞു. വിദ്യാര്‍ത്ഥികളുടെ പേരു വിവരവും, മരണകാരണവും തിങ്കളാഴ്ച വെളിപ്പെടുത്തുമെന്നും ക്യാപ്റ്റന്‍ അറിയിച്ചു.

കൊലപാതകമാണെന്നാണ് പ്രാഥമിക പരിശോധനയില്‍ കാണുന്നതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. വൈകീട്ടു മൂന്ന് മണിക്ക് യൂണിവേഴ്‌സിറ്റി അധികൃതര്‍ പുറത്തിറക്കിയ വാണ്ടല്‍ അലര്‍ട്ടില്‍'(VANDAL AlERT) വിദ്യാര്‍ത്ഥികളോട് ആ പ്രദേശത്തു നിന്നും മാറി ഷെല്‍ട്ടറില്‍ അഭയം തേടണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. മരിച്ച വിദ്യാര്‍ത്ഥികളുടെ കുടുംബങ്ങളോടും, മോസ്‌കൊ കമ്മ്യൂണിറ്റി അംഗങ്ങളോടും മോസ്‌ക്കൊ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് അനുശോചനം അറിയിച്ചു.

സംഭവത്തെ കുറിച്ചു വിവരം ലഭിക്കുന്നവര്‍ 2088822677 നമ്പറില്‍ വിളിച്ചു അറിയിക്കണമെന്നും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

Leave Comment