ലോക നിലവാരമുള്ള സ്‌കൂളുകളുടെ ഗണത്തിലേക്ക് സംസ്ഥാനം എത്തിയത് അഭിമാനാര്‍ഹം

Spread the love

ലോകനിലവാരമുള്ള സ്‌കൂളുകളുടെ ഗണത്തിലേക്ക് സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങള്‍ എത്തിയത് അഭിമാനാര്‍ഹമാണെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍ ബാലഗോപാല്‍ പറഞ്ഞു. സംസ്ഥാനത്തെ സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെട്ടു. സ്‌കൂള്‍ കുട്ടികളുടെ പൊതുകാഴ്ചപ്പാടുകളെ മാറ്റാന്‍ സഹായിക്കുന്ന തരത്തിലുള്ള വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നതെന്നും മന്ത്രി പറഞ്ഞു. കിഴക്കഞ്ചേരി ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ കെട്ടിടോദ്ഘാടനവും സ്റ്റേഡിയം നിര്‍മ്മാണോദ്ഘാടനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
ഇ.എം.എസ് മന്ത്രിസഭാ കാലത്ത് ആരംഭിച്ച് തുടര്‍ച്ചയായ മാറ്റങ്ങളാണ് വിദ്യാഭ്യാസ രംഗത്ത് സംസ്ഥാനത്ത് നടപ്പാക്കി വരുന്നത്. അടിസ്ഥാന നിലവാരം ഉയര്‍ന്ന 13,400-ഓളം സര്‍ക്കാര്‍-എയ്ഡഡ് വിദ്യാലയങ്ങള്‍ ഇന്ന് പ്രവര്‍ത്തിക്കുന്നു. കേരളത്തിന്റെ ജനസംഖ്യയേക്കാള്‍ കൂടുതലുള്ള സംസ്ഥാനങ്ങളില്‍ പോലും ഇത്രയധികം പൊതുവിദ്യാലയങ്ങള്‍ പ്രവര്‍ത്തിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ സ്‌കൂളുകള്‍, സര്‍വകലാശാലകള്‍ എന്നിവിടങ്ങളില്‍ ചുരുങ്ങിയ കാലയളവില്‍ വലിയ മാറ്റങ്ങള്‍ സംഭവിച്ചു.

വിദ്യാര്‍ത്ഥികള്‍ക്ക് ഉത്പാദനവുമായി ബന്ധപ്പെട്ട മേഖലകളിലേക്ക് എത്തുന്നതിന് വേണ്ട വിദ്യാഭ്യാസം നല്‍കുകയും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും വേണമെന്ന് മന്ത്രി പറഞ്ഞു.
സ്‌കൂളില്‍ 2.13 കോടി രൂപ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന കളിസ്ഥലത്തിന്റെയും ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെയും നിര്‍മ്മാണോദ്ഘാടനവും ഇതോടനുബന്ധിച്ച് നടക്കും. ജില്ലാ പഞ്ചായത്തിന്റെ 10 ലക്ഷം രൂപ ഉപയോഗിച്ചുള്ള ചുറ്റുമതിലിന്റെ നിര്‍മ്മാണവും പൂര്‍ത്തീകരിച്ചിട്ടുണ്ട്. ജില്ലാ പഞ്ചായത്തിന്റെ 25 ലക്ഷം രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന ഓഡിറ്റോറിയത്തിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ പുരോഗമിക്കുകയാണ്.

Author