മീറ്റ് ദി മിനിസ്റ്റർ; പരാതിപരിഹാരമായി അദാലത്ത്

Spread the love

ജില്ലയില്‍ നടന്ന മീറ്റ് ദി മിനിസ്റ്റര്‍ പരിപാടി നിരവധി സംരംഭകർക്ക് തുണയായി. പി.എം.ഇ.ജി.പി പദ്ധതി പ്രകാരം ആരംഭിച്ച വ്യവസായ യൂണിറ്റ് വിപുലീകരണത്തിനായി ബാങ്ക് ലോൺ ലഭിക്കാത്ത സാഹചര്യത്തിലാണ് മാനന്തവാടി കമ്മന സ്വദേശിനിയായ ഷൈല ജീസസ് പരാതിയുമായി അദാലത്തിൽ എത്തിയത്. ഇന്റർലോക്കുകളും ഹോളോബ്രിക്സുകളും നിർമ്മിക്കുന്ന യുണിറ്റാണ് ഷൈല നടത്തിയിരുന്നത്.കോവിഡും രണ്ട് പ്രളയവും ഷൈല യുടെ വ്യവസായത്തെ പ്രതിസന്ധിയിലാക്കി. ഇന്റർലോക്കുകളും ഹോളോബ്രിക്സുകളും നിർമ്മിക്കുന്ന മെഷീനുകൾ വാടകയ്ക്കെടുക്കേണ്ടി വന്നതു മൂലം കട ബാധ്യതയിലായ ഷൈലക്ക് അദാലത്തിൽ പരാതി പരിഹാരമായി . ബാങ്ക് ലോൺ ഉടനടി പാസ്സാക്കാമെന്ന് അറിയിക്കുകയും ബാങ്കിന്റെ മാനന്തവാടി ശാഖയ്ക്ക് അപേക്ഷ കൈമാറുകയും ചെയ്തു. ഒരു മാസത്തിനുള്ളിൽ വായ്പ അനുവദിച്ച് നല്കുന്നതും റിവൈവൽ & റീ ഹാബിലിറ്റേഷൻ ഫോർ എം.എസ്.എം.ഇ പദ്ധതിയിൽ ഉൾപ്പെടുത്തി സബ്സിഡി അനുവദിക്കാനും അദാലത്തിൽ തീരുമാനമായി.ചകിരിയിൽ നിന്നും നാര് ഉൾപ്പടെയുള്ള വസ്തുക്കൾ നിർമ്മിക്കുന്ന സംരംഭം തുടങ്ങുന്ന പുല്പ്പള്ളി ശശിമല സ്വദേശിനിയായ കവളക്കാട്ട് അമ്പിളി ജോസിനും അദാലത്ത് ആശ്വാസമായി. ലോൺ സൗകര്യത്തിനായി 2019 മുതൽ കെ.എഫ്.സിയെ സമീപിച്ചെങ്കിലും ചില ബുദ്ധിമുട്ടുകൾ നേരിട്ടതിനെ തുടർന്ന് അമ്പിളി ജോസ് വ്യവസായ വകുപ്പുമായ് ബന്ധപ്പെടുകയും ലോൺ സൗകര്യത്തിനായി കെ.എസ്.ഐ.ഡി.സി യെ സമീപിക്കുകയും ചെയ്തു.തുടർന്ന് കഴിഞ്ഞ മാർച്ചിൽ 60 ലക്ഷം രൂപ ലോണായി അമ്പിളി ജോസിന് അനുവദിക്കുകയും ചെയ്തു. പുലപ്പള്ളിയിൽ ശശിമലയിൽ ചകിരിയിൽ നിന്നും ചകിരി നാര്, ചകിരി ചോറ് തുടങ്ങിയ ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന സംരംഭമാണ് അമ്പിളി ജോസ് തുടങ്ങുന്നത്. വയനാട്ടിൽ തന്നെ ആദ്യമായിട്ടാണ് ഇത്തരത്തിലുള്ള സംരംഭം തുടങ്ങുന്നത്. കൽപ്പറ്റയിൽ നടന്ന മീറ്റ് ദി മിനിസ്റ്റർ പരിപാടിയിൽ വ്യവസായ മന്ത്രിയെ നേരിൽ കണ്ട് സംരംഭത്തിൻ്റെ വിവരങ്ങൾ പങ്കുവെച്ചപ്പോൾ പൂർണ്ണ പിന്തുണയാണ് മന്ത്രി അമ്പിളി ജോസിന് നൽകിയത്.
കരകൗശല നിർമ്മാണ വിദഗ്ധനായ കൃഷ്ണൻകുട്ടിക്കും അദാലത്തിലൂടെ സംരംഭം തുടങ്ങാനുള്ള വാതിൽ തുറന്നു.17 മാസം മുൻപ് തൻ്റെ കരകൗശല നിർമ്മാണം തുടങ്ങുന്നതിനായി കേന്ദ്രസർക്കാരിൻ്റെ പി.എം.ഇ.ജി.പി പദ്ധതിയിലൂടെ 9 ലക്ഷം രൂപ ലോണിന് വേണ്ടി സ്വകാര്യ ബാങ്കിനെ ആശ്രയിച്ചു. എന്നാൽ ചില കാരണങ്ങൾ പറഞ്ഞ് ബാങ്ക് ലോൺ അനുവദിച്ചില്ല.തുടർന്ന് കൃഷ്ണൻ കുട്ടി ജില്ലാ വ്യവസായ കേന്ദ്രത്തെ സമീപിക്കുകയും കൃഷ്ണൻ കുട്ടിയുടെ പ്രൊജക്ടിന് ജില്ലാ വ്യവസായ കേന്ദ്രം അനുമതി നൽക്കുകയും അദാലത്തിലൂടെ ലോൺ നൽകാമെന്ന അധികൃതരുടെ ഉറപ്പ് കൃഷ്ണൻകുട്ടിക്ക് ലഭിക്കുകയും ചെയ്തു. ജില്ലാ വ്യവസായ കേന്ദ്രത്തിൻ്റെ ഇടപെടലിലൂടെ ലോൺ ലഭിച്ച് നിർമ്മാണ പ്രവർത്തനം തുടങ്ങാനാകുമെന്നും അതുവഴി അഭ്യസ്ത വിദ്യരായ യുവാക്കൾക്ക് തൻ്റെ നിർമ്മാണ സ്ഥാപനം വഴി പരിശീലനം നൽകാൻ സാധിക്കുമെന്ന പ്രതീക്ഷയിലുമാണ് കൃഷ്ണൻകുട്ടി എന്ന ശിൽപ്പി. ജില്ലയിൽ സംരംഭം നടത്തുന്നവർക്കും തുടങ്ങാൻ പോകുന്നവർക്കും പുത്തൻ പ്രതീക്ഷ നൽകുന്നതായിരുന്നു കൽപ്പറ്റയിൽ നടന്ന മീറ്റ് ദി മിനിസ്റ്റർ അദാലത്ത്.

Author