ബാംബൂ ഫെസ്റ്റില്‍ ആകര്‍ഷകമായി ചൂരല്‍ വില്ല

കൊച്ചി : കലൂര്‍ ഇന്റര്‍ നാഷണല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ബാംബൂ ഫെസ്റ്റില്‍ എത്തുന്നവരുടെയെല്ലാം കണ്ണുകള്‍ ഒരു നിമിഷം ചൂരല്‍ വില്ലയില്‍ ഒന്നുടക്കമെന്നുറപ്പാണ്. ചൂരലുകള്‍ കൊണ്ടുള്ള ഫര്‍ണിച്ചറുകളും ലൈറ്റ് ഷെയ്ഡുകളും ബാംബൂ ഫെസ്റ്റില്‍ ആകര്‍ഷണനീയമാണ്. വൈറ്റില കണിയാമ്പുഴ സ്വദേശി വര്‍ഗീസ് ജോബും കുടുംബവുമാണ് ചൂരലുകള്‍ കൊണ്ടുള്ള വിസ്മയം തീര്‍ത്തിരിക്കുന്നത്. 48 തരം ചൂരലുകള്‍ കൊണ്ടുള്ള ഫര്‍ണിച്ചറുകളും അലങ്കാര വസ്തുക്കളുമാണ് പ്രദര്‍ശനത്തിനുള്ളത്. വ്യവസായ വാണിജ്യ വകുപ്പിന് വേണ്ടി കേരള സംസ്ഥാന ബാംബൂ മിഷന്‍ ആണ് 19 ാമത് ബാംബൂ ഫെസ്റ്റ് നടത്തുന്നത്.

50 വര്‍ഷത്തെ പാരമ്പര്യമുണ്ട് വര്‍ഗീസ് ജോബിനും കുടുംബത്തിനും ഈ മേഖലയില്‍. 18 വര്‍ഷമായി വൈറ്റിലയില്‍ ചൂരല്‍ വില്ലേജ് എന്ന പേരില്‍ ഇവര്‍ക്ക് ഷോപ്പും ഉണ്ട്. വിവിധ രൂപത്തിലും വലുപ്പത്തിലും ഉള്ള ലൈറ്റ് ഷെയ്ഡുകള്‍ പ്രദര്‍ശനത്തിന് ഭംഗിയേകുന്നുണ്ട്. വര്‍ഗീസ് ജോബും മക്കളും മരുമക്കളും എല്ലാം ഈ

മേഖലയില്‍ സജീവമായി തന്നെ നില്‍ക്കുന്നു. സോഫ സെറ്റുകള്‍, ഷെല്‍ഫ്, ബുക്ക് റാക്കുകള്‍, വിവിധ തരം കസേരകള്‍, കൊട്ടകള്‍, പൂക്കൂടകള്‍, സ്റ്റൂളുകള്‍, വാള്‍ മിററുകള്‍, ഫ്രൂട്‌സ് കൊട്ടകള്‍, പൂക്കൂടകള്‍, സൈക്കിള്‍ ഇങ്ങനെ പോകുന്നു ചൂരലുകള്‍ കൊണ്ടുള്ള ഉല്‍്പ്പന്നങ്ങളുടെ നിര. വര്‍ഗീസും കുടുംബവും കൂടാതെ 16 പണിക്കാരും കൂടി ചേര്‍ന്നാണ് ചൂരല്‍ വില്ലേജ് വിജയകരമാക്കുന്നത്. മെഷീന്‍ ഉപയോഗിക്കാതെ പരമ്പരാഗത രീതിയിലുള്ള നിര്‍മാണമാണെന്നതാണ് പ്രത്യേകത.

വലിയ ഹോട്ടലുകളില്‍ നിന്നും റിസോര്‍ട്ടുകളില്‍ നിന്നുമാണ് ഓര്‍ഡര്‍ കൂടുതല്‍ ലഭിക്കുന്നതെന്ന് ഇവര്‍ പറയുന്നു. കാശ്മീരി പുല്ല് കൊണ്ടുള്ള കൊട്ടയും ഈ കൂട്ടത്തിലുണ്ട്. ക്രിസ്മസ് വിപണിയെ ലക്ഷ്യം വെച്ച് ചൂരല്‍ സ്റ്റാറുകള്‍ തയ്യാറായിക്കൊണ്ടിരിക്കുന്നു. 250 മുതല്‍ 5000 വരെ വിലയുള്ള ലൈറ്റ് ഷെയ്ഡുകള്‍ പ്രദര്‍ശനത്തിലുണ്ട്. നെയ്ത്ത് സെറ്റികള്‍ ആണ് ഇതില്‍ ഏറ്റവും ആകര്‍ഷണീയം. 68000 രൂപയാണ് ഇതിന്റെ വില. യുപി സെറ്റിക്ക് 25000 രൂപയാണ് വില. പീകോക്ക്, സൂര്യ, ദീപം, ബോക്‌സ്, ഗോവ തുടങ്ങിയ പേരിലുള്ള വ്യത്യസ്ത കസേരകളും ഇവിടെ ഉണ്ട്. 3500 രൂപ മുതല്‍ 17000 രൂപ വരെയുള്ള ഊഞ്ഞാലുകളും ഉണ്ട്.

നവംബര്‍ 27 തുടങ്ങിയ ഫെസ്റ്റ് ഡിസംബര്‍ 4 ന് അവസാനിക്കും. മുള മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഗവേഷണ സ്ഥാപനങ്ങളും ഫെസ്റ്റില്‍ പങ്കെടുക്കുന്നുണ്ട്. രാവിലെ 11 മുതല്‍ രാത്രി 9 മണി വരെയുമാണ് മേളയുടെ പ്രവേശന സമയം. പ്രവേശനം സൗജന്യമാണ്. 180 സ്റ്റാളുകളിലായി കേരളത്തില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും 300 ഓളം കരകൗശല പ്രവര്‍ത്തകരും മുള അനുബന്ധ സ്ഥാപനങ്ങളും ബാംബൂ ഫെസ്റ്റില്‍ പങ്കെടുക്കുന്നുണ്ട്.

സംസ്ഥാന ബാംബൂ മിഷന്‍ മുഖേന സംഘടിപ്പിക്കുന്ന ഡിസൈന്‍ വര്‍ക്ക് ഷോപ്പിലും, പരിശീലന പരിപാടികളിലും രൂപകല്‍പ്പന ചെയ്ത പുതുമയുള്ളതും വ്യത്യസ്ഥവുമായ ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനായി പ്രത്യേക ബാംബൂ ഗ്യാലറി ഫെസ്റ്റിലുണ്ട്. എല്ലാ ദിവസവും വൈകുന്നേരം മുള വാദ്യോപകരണങ്ങള്‍ ഉപയോഗിച്ചുള്ള കലാ-സാംസ്‌കാരിക പരിപാടികള്‍ അരങ്ങേറും. മുളയരി, മുളകൂമ്പ് എന്നിവയില്‍ നിര്‍മ്മിച്ച വിവിധ ഭക്ഷ്യ ഉല്പന്നങ്ങളുടെ സ്റ്റാളുകളും മുള നഴ്‌സറികളും കുടുംബശ്രീയുടെ ഫുഡ് കോര്‍ട്ടും മേളയില്‍ ഉണ്ട്.

Report :  ATHIRA

Leave Comment