പ്രക്ഷോഭങ്ങളിലെ അക്രമം നാടിന്റെ സ്വൈര്യവും സമാധാനവും തകർക്കാനുള്ള ഗൂഢോദ്ദേശ്യം : മുഖ്യമന്ത്രി

Spread the love

നാടിന്റെ സ്വൈര്യവും സമാധാനവും ശാന്ത ജീവിതവും തകർക്കുകയെന്ന ഹീനലക്ഷ്യത്തോടെയും വ്യക്തമായ ഗൂഢോദ്ദേശ്യത്തോടെയും ചില പ്രക്ഷോഭങ്ങൾ അക്രമ സമരത്തിലേക്കു മാറുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇത്തരം ആക്രമണത്തിലൂടെ അക്രമികൾ പ്രതീക്ഷിക്കുന്നതെന്താണെന്നു തിരിച്ചറിയാൻ വിവേകമുള്ള പൊലീസ് സേനയ്ക്കു കഴിഞ്ഞതുകൊണ്ടാണ് നാട് ഇന്നത്തെ അന്തരീക്ഷത്തിൽ നിൽക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തൃശൂർ കേരള പൊലീസ് അക്കാദമിയിൽ വനിതാ പൊലീസ് സേനാംഗങ്ങളുടെ പാസിങ് ഔട്ട് പരേഡിൽ ഓൺലൈനായി അഭിവാദ്യം സ്വീകരിച്ച ശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
വർത്തമാനകാലത്ത് വിവിധ രീതിയിലുള്ള പരീക്ഷണഘട്ടങ്ങൾ പൊലീസിനു നേരിടേണ്ടിവരുന്നുണ്ടെന്നു മുഖ്യമന്ത്രി പറഞ്ഞു. അക്രമ സമരങ്ങളുടെ ഭാഗമായി പൊലീസിനു നേർക്ക് വ്യാപകമായ ആക്രമണമുണ്ടാകുന്നു. പൊലീസ് സ്റ്റേഷനുകൾ ആക്രമിക്കുമെന്നു പരസ്യമായി ഭീഷണിമുഴക്കുന്നു. ഇതിന് ആഹ്വാനം ചെയ്തവരടക്കം അക്രമം സംഘടിപ്പിക്കാൻ തയാറാകുന്നു. പൊലീസ് സ്റ്റേഷൻ ആക്രമിക്കപ്പെടുകയും നിരവധി പൊലീസുകാർക്കു പരുക്കേൽക്കുകയും ചെയ്യുന്നു. ഗൂഢോദ്ദേശ്യത്തോടെയാണ് ഇതെല്ലാം ചെയ്യുന്നത്.

സ്ത്രീ സുരക്ഷയ്ക്കു വലിയ പ്രധാന്യം നൽകിയാണു സർക്കാർ മുന്നോട്ടുനീങ്ങുന്നത്. പൊലീസ് സേനയിൽ വനിതകളുടെ പങ്കാളിത്തം വർധിപ്പിക്കുന്നത് ഈ കാഴ്ചപ്പാടോടെയാണ്. 2016നു ശേഷം സംസ്ഥാനത്ത് 445 വനിതകൾ പരിശീലനം പൂർത്തിയാക്കി വനിതാ ബറ്റാലിയന്റെ ഭാഗമായിട്ടുണ്ട്. പുതുതായി 109 പേർകൂടി പാസിങ് ഔട്ട് പൂർത്തിയാക്കുമ്പോൾ ആകെ എണ്ണം 554 ആകുകയാണ്. ഇതോടൊപ്പം 23 വനിതാ സബ് ഇൻസ്പെക്ടർമാരും പരിശീലനം പൂർത്തിയാക്കിയിട്ടുണ്ട്. പൊലീസ് സേനയിൽ കൂടുതൽ വനിതകളെ റിക്രൂട്ട് ചെയ്യുകയും അവസരങ്ങൾ ലഭ്യമാക്കുകയും ചെയ്യുകയെന്നതാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന പൊലീസ് മേധാവി അനൽകാന്ത് ഉൾപ്പെടെയുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.

Author