ഇടതുസര്‍ക്കാരിന്റേത് വാഗ്ദാന ലംഘനത്തിന്റെ ഘോഷയാത്ര : കെ.സുധാകരന്‍ എംപി

Spread the love

വാഗ്ദാന ലംഘനത്തിന്റെ ഘോഷയാത്രയാണ് ഇടതുപക്ഷ സര്‍ക്കാര്‍ കേരളത്തില്‍ നടത്തുന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി പറഞ്ഞു. കേരളാ എന്‍.ജി.ഒ അസോസിയേഷന്റെ നേതൃത്വത്തില്‍ മുഖ്യമന്ത്രിയുടെ വസതിയിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ച് ഉദ്ഘാനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഉദ്യോഗസ്ഥ വൃന്ദത്തിന്റെ മൗലിക അവകാശങ്ങള്‍ പരിഗണിക്കാനുള്ള സന്മനസ് ഇടതുപക്ഷ സര്‍ക്കാര്‍ കാണിക്കുന്നില്ല. അണികള്‍ക്ക് പോലും സിപിഎം നേതൃത്വത്തില്‍ വിശ്വാസമില്ല. തെഴിലാളി വര്‍ഗ്ഗപാര്‍ട്ടിയെന്ന അവകാശവാദം ഉന്നയിക്കുന്ന സിപിഎം ജീവനക്കാരുടെ അവകാശങ്ങളെ കശാപ്പ് ചെയ്യുകയാണ്. ഈ ഭരണത്തില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നീതി ലഭിക്കുമെന്ന പ്രതീക്ഷ നഷ്ടപ്പെട്ടു. ജീവനക്കാരുടെ ന്യായമായ ആവശ്യങ്ങള്‍ക്ക് നേരെ മുഖം തിരിക്കുകയാണ്

സര്‍ക്കാര്‍. മെഡിസെപ്പ് പദ്ധതിപോലും തട്ടിപ്പാണ്. അഭ്യസ്തവിദ്യരായ ചെറുപ്പക്കാരെയും ഉദ്യോഗാര്‍ത്ഥികളെയും വഞ്ചിച്ചു. പിഎസ്സിയെയും സര്‍ക്കാര്‍-അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളെയും പൂര്‍ണ്ണമായും രാഷ്ട്രീയവത്കരിച്ചു. വഴിവിട്ട് സിപിഎം നേതാക്കളുടെ ബന്ധുക്കള്‍ക്ക് ജോലിനല്‍കുന്നു. പക്ഷപാതപരമായാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. പരസ്പരം കൊടുക്കല്‍ വാങ്ങല്‍ നടത്തിയ ശേഷം മുഖ്യമന്ത്രിയും ഗവര്‍ണ്ണറും ഇപ്പോള്‍ വ്യാജ ഏറ്റുമുട്ടല്‍ നടത്തുകയാണ്. ഗവര്‍ണ്ണര്‍ സര്‍ക്കാരിന്റെയും മുഖ്യമന്ത്രിയുടെയും ഉള്ളം കൈയിലെ കളിപ്പാവയായിരുന്നെന്നും സുധാകരന്‍ പറഞ്ഞു.

കേരളാ എന്‍.ജി.ഒ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ചവറ ജയകുമാര്‍ അധ്യക്ഷത വഹിച്ചു. കെപിസിസി ജനറല്‍ സെക്രട്ടറിമാരായ ടി.യു. രാധാകൃഷ്ണന്‍, ജി.എസ്. ബാബു, കെ..ജയന്ത്, മരിയാപുരം ശ്രീകുമാര്‍,
ജി സുബോധന്‍, കെപിസിസി ട്രഷറര്‍ വി.പ്രതാപചന്ദ്രന്‍, വി.എസ്. ശിവകുമാര്‍, ശരത് ചന്ദ്രപ്രസാദ്, എന്‍ജിഒ ഭാരവാഹികളായ ഉദയസൂര്യന്‍, കെ.എം. ജാഫര്‍ഖാന്‍, വിഎസ്. ഉമാശങ്കര്‍, കെപിഎസ്ടിഎ സംസ്ഥാന പ്രസിഡന്റ് പ്രദീപ് തുടങ്ങിയവര്‍ പങ്കെടുത്തു.

Author