കെ.റെയില്‍ പോലെ ബഫര്‍ സോണ്‍ പ്രക്ഷോഭം കോണ്‍ഗ്രസ് ഏറ്റെടുക്കും

Spread the love

ബഫര്‍ സോണ്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കാട്ടുന്ന അലംഭാവം ഉപേക്ഷിച്ച് ജനങ്ങളുടെ ആശങ്ക അകറ്റാന്‍ തയ്യാറായില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാന്‍ കെപിസിസി ഭാരവാഹികളുടെയും ഡിസിസി പ്രസിഡന്‍റുമാരുടെയും സംയ്കുത യോഗം തീരുമാനിച്ചതായി സംഘടനാ ജനറല്‍ സെക്രട്ടറി ടി.യു.രാധാകൃഷ്ണന്‍ അറിയിച്ചു.


സംസ്ഥാന റിമോട്ട് സെൻസിങ് ആൻഡ് എൻവയോൺമെന്റ് സെന്‍റർ നടത്തിയ ഉപഗ്രഹ സർവ്വേ സാധാരണ ജനങ്ങള്‍ക്ക് കടുത്ത ആശങ്ക സൃഷ്ടിക്കുന്നതാണ്. അശാസ്ത്രീയവും അപൂര്‍ണ്ണവുമായ ഉപഗ്രഹ സര്‍വെ ആരെ തൃപ്തിപ്പെടുത്താനാണെന്നത് സര്‍ക്കാര്‍ വ്യക്തമാക്കണം. ഗ്രൗണ്ട്‌ സര്‍വേയും പഠനവും നടത്തി ബഫര്‍ സോണ്‍ പരിധി നിശ്ചയിക്കണമെന്നും അതിന് കൂടുതല്‍ സമയം അനുവദിക്കണമെന്ന കരുതല്‍ മേഖലയിലെ ജനങ്ങളുടെ പരാതിയും ന്യായമാണ്. ജനങ്ങളുടെ ജീവല്‍ പ്രശ്നമാണിത്. അത് കെെകാര്യം ചെയ്യുന്നതില്‍ സര്‍ക്കാര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം.തട്ടിക്കൂട്ട് സര്‍വെ നടത്തി ജനങ്ങളുടെ കണ്ണില്‍ പൊടിയിട്ട് രക്ഷപെടാനാണ് പിണറായി സര്‍ക്കാര്‍ ശ്രമിക്കുന്നതെങ്കില്‍ കേരളീയ സമൂഹത്തെ വെല്ലുവിളിച്ച് നടപ്പാക്കാന്‍ ശ്രമിച്ച സില്‍വര്‍ ലെെന്‍ പദ്ധതിയില്‍ നേരിട്ട അനുഭവമായിരിക്കും ബഫര്‍ സോണ്‍ വിഷയത്തിലും ജനവിരുദ്ധ സര്‍ക്കാരിനെ കാത്തിരിക്കുന്നതെന്ന് കെപിസിസി നേതൃയോഗം ഓര്‍മ്മിപ്പിച്ചു. ബഫര്‍ സോണ്‍ മേഖലകളിലെ ജനങ്ങളെ സംഘടിപ്പിച്ച് ആദ്യഘട്ട പ്രക്ഷോഭ പരിപാടികള്‍ക്ക് കെപിസിസി നേതൃയോഗം രൂപം നല്‍കി.

വിലക്കയ്യറ്റം, അഴിമതി,സ്വജനപക്ഷപാതം,പോലീസ് രാജ് തുടങ്ങി ജനദ്രോഹ ഭരണത്താല്‍ അനുദിനം ജീര്‍ണ്ണമായിക്കൊണ്ടിരിക്കുന്ന പിണറായി സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് നടത്തിവരുന്ന പൗരവിചാരണയുടെ മൂന്നാംഘട്ടമായി അരലക്ഷംപേര്‍ പങ്കെടുക്കുന്ന സെക്രട്ടറിയേറ്റ് വളയല്‍ സമരം 2023 ജനുവരി അവസാനവാരം സംഘടിപ്പിക്കും. പിണറായി സര്‍ക്കാരിന്‍റെ ജനവിരുദ്ധ ഭരണത്തിനെതിരായ ഏറ്റവും ശക്തമായ പ്രതിഷേധത്തിന്‍റെ തീവ്രമുഖമായിരിക്കും സെക്രട്ടറിയേറ്റ് വളയല്‍ സമരമെന്ന് യോഗം വിലയിരുത്തി.

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ 138 -ാം ജന്മവാര്‍ഷികത്തിന്‍റെ ഭാഗമായി ഡിസംബര്‍ 28ന് വിപുലമായ ആഘോഷ പരിപാടികള്‍ക്ക് യോഗം രൂപം നല്‍കി. മണ്ഡലം തലത്തില്‍ വിപുലമായ മതേതര സദസ്സുകളും ജന്മദിന റാലികളും നടത്തും. ഭാരത് ജോഡോ യാത്രയുടെ തുടര്‍ച്ചയായി എെഎസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടെ നേതൃത്വത്തില്‍ സംസ്ഥാന തലസ്ഥാനത്ത് നടക്കുന്ന മഹിളാമാര്‍ച്ച് വന്‍ വിജയമാക്കാനും യോഗം തീരുമാനിച്ചു.കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കേരളത്തില്‍ ചരിത്രവിജയമാക്കാന്‍ പ്രയത്നിച്ച എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും കേരളത്തിലെ ജനാധിപത്യബോധമുള്ള ജനങ്ങളെയും യോഗം അഭിവാദ്യം ചെയ്തു. ജോഡോ യാത്രയുടെ സന്ദേശം താഴെത്തട്ടില്‍ ജനങ്ങളിലെത്തിക്കുന്നതിനായി ഹാത് സെ ഹാത് ജോഡോ അഭിയാന്‍ എന്ന പേരില്‍ ബ്ലോക്ക്-മണ്ഡലം- ബൂത്ത് തലങ്ങളില്‍ പദയാത്രകള്‍ സംഘടിപ്പിക്കും. ഭാരത് ജോഡോ യാത്രയുടെ സംസ്ഥാനത്തെ അഭൂതപൂര്‍വ്വമായ ജനസഞ്ചയത്തിന്‍റെയും മുന്നേറ്റത്തിന്‍റെയും ദൃശ്യാനുഭവങ്ങളുടെയും നേര്‍ചിത്രം രേഖപ്പെടുത്തുന്ന ഫോട്ടോപ്രദര്‍ശനം സംഘടിപ്പിക്കും. പിണറായി സര്‍ക്കാരിനെതിരായ പൗരവിചാരണ സമരത്തിന്‍റെ ഭാഗമായി ബ്ലോക്ക് തലത്തില്‍ സംഘടിപ്പിക്കുന്ന വാഹനജാഥകള്‍ വലിയ വിജയമാണെന്നും ശേഷിക്കുന്നവ ഡിസംബര്‍ 30നകം പൂര്‍ത്തിയാക്കാനും യോഗം തീരുമാനിച്ചു.എല്‍ഡിഎഫ് സര്‍ക്കാരിനെതിരായ സമരപരമ്പരകളുടെ തുടര്‍ച്ചയായി സംസ്ഥാനത്ത് ആയിരം കേന്ദ്രങ്ങളില്‍ വിശദീകരണ പൊതുയോഗങ്ങള്‍ ജനുവരി 15നകം പൂര്‍ത്തീകരിക്കും.

കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ എംപി,പ്രതിപക്ഷ നേതാവ് വിഡി സതീശന്‍,വര്‍ക്കിംഗ് പ്രസിഡന്‍റുമാരായ കൊടിക്കുന്നില്‍ സുരേഷ് എംപി,ടി.സിദ്ധിഖ്, ജനറല്‍ സെക്രട്ടറി ടി.യു.രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

 

 

Author