സർവെയും ഭൂരേഖയും വകുപ്പിലെ ഓൺലൈൻ സ്ഥലംമാറ്റം: സർവീസ് സംഘടനാ അംഗത്വം സംബന്ധിച്ച വാർത്ത തെറ്റിദ്ധാരണ പടർത്തുന്നത്

സർവെയും ഭൂരേഖയും വകുപ്പിലെ ഓൺലൈൻ സ്ഥലംമാറ്റം നടപ്പാക്കുന്നതിനു മുന്നോടിയായി നടത്തുന്ന ജീവനക്കാരുടെ അഭിപ്രായ സർവേയിൽ സർവീസ് സംഘടനാ അംഗത്വം വ്യക്തമാക്കണമെന്നു നിർദേശം നൽകിയെന്ന വാർത്ത തെറ്റിധാരണ പടർത്തുന്നതാണെന്ന് സർവെ ഡയറക്ടർ അറിയിച്ചു. ഓൺലൈൻ സ്ഥലംമാറ്റം നടപ്പാക്കുന്നതിനു മാനദണ്ഡങ്ങൾ തയാറാക്കുന്നതിന് ജീവനക്കാരിൽ നിന്നും അംഗീകൃത സർവീസ് സംഘടനകളിൽ നിന്നും അഭിപ്രായം സ്വരൂപിക്കുന്നതിനാണ് വകുപ്പിന്റെ വെബ്‌സൈറ്റിൽ ഗൂഗിൾ ഫോം മുഖേന അഭിപ്രായം ക്ഷണിച്ചിട്ടുള്ളത്.ജീവനക്കാരുടെ വ്യക്തിപരമായ അഭിപ്രായങ്ങളും അംഗീകത സർവീസ് സംഘടനകളുടെ അഭിപ്രായങ്ങളും രേഖപ്പെടുത്തുന്നതിനാണ് ഗൂഗിൾ ഫോം തയാറാക്കിയിട്ടുള്ളത്. അംഗീകൃത സർവീസ് സംഘടനകളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും രേഖപ്പെടുത്താൻ ചുമതലപ്പെടുത്തിയിട്ടുള്ളവർ മാത്രം അവർ പ്രതിനിധീകരിക്കുന്ന സംഘടന വ്യക്തമാക്കണമെന്നാണ് ഉദ്ദേശിച്ചിട്ടുള്ളത്.വ്യക്തിപരമായ അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്ന ജീവനക്കാർ അവരുടെ സംഘടന വ്യക്തമാക്കേണ്ടതില്ല. തികച്ചും സുതാര്യമായ രീതിയിൽ ഓൺലൈൻ സ്ഥലംമാറ്റം നടപ്പിൽ വരുത്തുന്നതിന് എല്ലാ വിഭാഗങ്ങളിൽ നിന്നും അഭിപ്രായം സ്വരൂപിക്കുന്നതിനാണ് വകുപ്പ് നടപടികൾ സ്വീകരിച്ചു വരുന്നതെന്നും ഡയറക്ടർ അറിയിച്ചു.

Leave Comment