തിരക്ക് നിയന്ത്രിക്കാന്‍ പൊലീസിന്റെ പുതിയ ബാച്ചില്‍ 1409 പേര്‍

Spread the love

ശബരിമല:   മകരവിളക്ക് മഹോത്സവ കാലത്തെ ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാന്‍ കേരള പൊലീസിന്റെ അഞ്ചാം ബാച്ച് ചുമതലയേറ്റു. സ്പെഷ്യല്‍ ഓഫീസര്‍ വി എസ് അജിയുടെ നേതൃത്വത്തില്‍ 1409 പേരാണ് പുതിയ സംഘത്തിലുള്ളത്. ഇവര്‍ക്കുള്ള ഡ്യൂട്ടി വിശദീകരണ യോഗം സന്നിധാനം ഓഡിറ്റോറിയത്തില്‍ നടന്നു.
ഒരു എ എസ് പി, 12 ഡി വൈ എസ് പി, 33 സി ഐ, 109 എ എസ് ഐ-എസ് ഐ, 1254 സിവില്‍ പൊലീസ് ഓഫീസര്‍മാര്‍ എന്നിവരാണ് സംഘത്തിലുള്ളത്. കൊടിമരം, സോപാനം, പതിനെട്ടാംപടി, മാളികപ്പുറം, കെ എസ് ഇ ബി, ശരംകുത്തി, സന്നിധാനം 1, സന്നിധാനം 2, മരക്കൂട്ടം, പാണ്ടിത്താവളം, സ്ട്രൈക്കര്‍, പുണ്യം പൂങ്കാവനം എന്നീ 12 സെക്ടറുകളായാണ് സേനയെ വിന്യസിച്ചത്. ഡി വൈ എസ് പിമാര്‍ക്കാണ് സെക്ടറുകളുടെ ചുമതല.ഓരോ സെക്ടറിലും സി ഐ മാരുടെ നേതൃത്വത്തില്‍ ഡ്യൂട്ടി പോയിന്റുകളുണ്ടാകും. ഈ പോയിന്റുകളെ കൃത്യമായി ഏകോപിപ്പിച്ച് തിരക്ക് നിയന്ത്രിക്കുകയാണ് പൊലീസിന്റെ ലക്ഷ്യം.ജനുവരി 9 വരെയാണ് ഈ സംഘത്തിന്റെ ചുമതല. ഇതിന് ശേഷം ആറാം ബാച്ച് സന്നിധാനത്തെത്തും. പൊതു സുരക്ഷ, ഭണ്ഡാര സുരക്ഷ, ഇന്റലിജന്‍സ്, ടെലി കമ്മ്യൂണിക്കേഷന്‍ തുടങ്ങിയവക്കായി പ്രത്യേക സംഘങ്ങളുണ്ട്. ഇതിന് പുറമെ എന്‍ ഡി ആര്‍ എഫ്, ആര്‍ എ എഫ്, ഇതര സംസ്ഥാന പൊലീസുകാര്‍, വിവിധ സുരക്ഷാ സേനയിലെ ഉദ്യോഗസ്ഥര്‍ എന്നിവരും സേവനത്തിനുണ്ട്.യോഗത്തില്‍ പൊലീസിനുള്ള 57 ഇന നിര്‍ദേശങ്ങള്‍ കൈമാറി. അസി. സ്പെഷ്യല്‍ ഓഫീസര്‍ തപോഷ് ബസ്മത്ത്, മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് ഡി വൈ എസ് പിമാരുടെ നേതൃത്വത്തില്‍ സെക്ടറുകളുടെ പ്രത്യേക യോഗങ്ങളും നടന്നു.ഏകോപനത്തിലൂടെ തിരക്ക് നിയന്ത്രിക്കും: എ ഐ ജി

ശബരിമല: കൃത്യമായ ഏകോപനത്തിലൂടെ ശബരിമലയിലെ തിരക്ക് നിയന്ത്രിക്കുമെന്ന് സന്നിധാനം സെപെഷ്യല്‍ ഓഫീസറും എ ഐ ജിയുമായ വി എസ് അജി പറഞ്ഞു. കൊവിഡിന് ശേഷമുള്ള തീര്‍ഥാടന കാലമായതിനാല്‍ മകരവിളക്ക് മഹോത്സവത്തിന് കൂടുതല്‍ തിരക്ക് പ്രതീക്ഷിക്കുന്നുണ്ട്. ഒരു മിനുട്ടില്‍ ശരാശരി 75 മുതല്‍ 80 പേരെ വരെ പതിനെട്ടാംപടി കയറ്റിവിടും. തിരക്ക് വര്‍ധിക്കുമ്പോള്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും. അയ്യപ്പന്‍മാര്‍ക്ക് മികച്ച രീതിയില്‍ ദര്‍ശനം നടത്താനുള്ള സൗകര്യം ഒരുക്കും. പരമാവധി എല്ലാവരും വെര്‍ച്ചല്‍ ക്യൂ വഴി ബുക്ക് ചെയ്യാന്‍ ശ്രദ്ധിക്കണം. സുഗമവും സുരക്ഷിതവുമായ തീര്‍ഥാടനത്തിന് ഭക്തര്‍ സഹകരിക്കണമെന്നും വി എസ് അജി പറഞ്ഞു

Author