ഒരു വര്‍ഷത്തിനകം കേരളം സമ്പൂര്‍ണ സാന്ത്വന പരിചരണ സംസ്ഥാനമാകും: മന്ത്രി വീണാ ജോര്‍ജ്

Spread the love

എല്ലാ കിടപ്പ് രോഗികള്‍ക്കും സാന്ത്വന പരിചരണ പ്രവര്‍ത്തകരുടെ സേവനം ഉറപ്പാക്കും.

തിരുവനന്തപുരം :  ഒരു വര്‍ഷത്തിനകം കേരളം സമ്പൂര്‍ണ സാന്ത്വന പരിചരണ സംസ്ഥാനമാകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. നവകേരളം കര്‍മ്മ പദ്ധതി, ആര്‍ദ്രം മിഷന്‍ രണ്ടിന്റെ പ്രധാന പരിപാടികളില്‍ ഒന്നാണ് വയോജന പരിപാലനവും സാന്ത്വന പരിചരണവും. സംസ്ഥാനത്തെ എല്ലാ കിടപ്പ് രോഗികള്‍ക്കും കൃത്യമായ ഇടവേളകളില്‍ സാന്ത്വന പരിചരണ പ്രവര്‍ത്തകരുടെ സേവനം ഉറപ്പ് വരുത്തും. വീടുകളില്‍ മെഡിക്കല്‍ നഴ്‌സിങ് പരിചരണം നല്‍കുന്ന പാലിയേറ്റീവ് കെയര്‍ സന്നദ്ധ സംഘടനകള്‍ക്ക് സംസ്ഥാന തലത്തില്‍ രജിസ്‌ട്രേഷന്‍ ഏര്‍പ്പെടുത്തും. നിലവിലെ മുഴുവന്‍ കിടപ്പ് രോഗികളുടെ വിവരങ്ങള്‍ സമയബന്ധിതമായി ശേഖരിക്കാനും അവര്‍ക്ക് പരിചരണം ഉറപ്പാക്കാനും മന്ത്രി നിര്‍ദേശം നല്‍കി. സംസ്ഥാന പാലിയേറ്റീവ് കെയര്‍ വിദഗ്ധ സമിതി യോഗത്തിലാണ് മന്ത്രി നിര്‍ദേശം നല്‍കിയത്.

വിവിധ ഏജന്‍സികള്‍ക്കും രോഗികള്‍ക്കും പൊതുജനത്തിനും ഉപയോഗിക്കാന്‍ കഴിയുന്ന രീതിയില്‍ പാലിയേറ്റീവ് കെയര്‍ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ആരംഭിക്കും. രജിസ്റ്റര്‍ ചെയ്യുന്ന പാലിയേറ്റീവ് പരിചരണ യൂണിറ്റുകള്‍ക്ക് വേണ്ടി ക്വാളിറ്റി കണ്‍ട്രോള്‍ സംവിധാനം ആരംഭിക്കുന്നതാണ്. തൊഴില്‍പരമായി പുനരധിവസിപ്പിക്കാന്‍ കഴിയുന്ന പാലിയേറ്റീവ് കെയര്‍ രോഗികള്‍ക്ക് വേണ്ടി സംസ്ഥാനതല പ്ലാറ്റ്‌ഫോം ആരംഭിക്കുന്നതിനെപ്പറ്റി ആലോചിക്കുന്നതാണ്. ആശ വര്‍ക്കര്‍മാര്‍ വീടുകളില്‍ ചെന്ന് ശൈലി ആപ്പ് മുഖേന ശേഖരിക്കുന്ന ജീവിതശൈലീ രോഗ നിര്‍ണയത്തില്‍ കിടപ്പിലായവര്‍ക്കും വീടുകളില്‍ നിന്ന് പുറത്തിറങ്ങാന്‍ കഴിയാത്തവര്‍ക്കും സമഗ്ര പാലിയേറ്റീവ് പരിചരണം ലഭിക്കുന്നു എന്ന് ഉറപ്പാക്കണം. വിദ്യാര്‍ത്ഥികളില്‍ അവബോധം വളര്‍ത്തുന്നതിന് സ്‌കൂള്‍, കോളേജ് തലങ്ങളില്‍ പരിശീലനം നല്‍കും. മെഡിക്കല്‍ കോളേജുകളില്‍ പാലിയേറ്റീവ് കെയര്‍ യൂണിറ്റും പാലിയേറ്റീവ് കോഴ്‌സുകളും ആരംഭിക്കാന്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് മന്ത്രി നിര്‍ദേശം നല്‍കി. നഴ്‌സിംഗ് വിദ്യാഭ്യാസത്തിലും പാലിയേറ്റീവ് കെയറിന് പ്രാധാന്യം നല്‍കണം. ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ എന്നിവര്‍ക്ക് വിദഗ്ധ പരിശീലനം നല്‍കും.

സംസ്ഥാനത്ത് പാലിയേറ്റീവ് കെയര്‍ പോളിസി നടപ്പിലാക്കുന്നതിന് വേണ്ടി അരികെ എന്ന പേരില്‍ സമഗ്ര പാലിയേറ്റീവ് വയോജന പരിചരണ പദ്ധതി നടപ്പിലാക്കി വരുന്നു. കേരളത്തിലെ എല്ലാ ഗ്രാമ പഞ്ചായത്തുകളിലും മുന്‍സിപ്പാലിറ്റികളിലും ആരോഗ്യ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് പ്രാഥമിക പാലിയേറ്റീവ് പരിചരണ യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സാമൂഹികാരോഗ്യ കേന്ദ്രങ്ങളും താലൂക്ക് ആശുപത്രികളും കേന്ദ്രീകരിച്ച് വിദഗ്ധ പാലിയേറ്റീവ് പരിചരണ യൂണിറ്റുകളും പ്രവര്‍ത്തിക്കുന്നു. ആരോഗ്യ വകുപ്പ്, തദ്ദേശസ്വയംഭരണ വകുപ്പ്, മോഡേണ്‍ മെഡിസിന്‍, ഐഎസ്എം, ഹോമിയോ വിഭാഗങ്ങള്‍, സന്നദ്ധ സംഘടനകള്‍ തുടങ്ങിയവ വിവിധ തലങ്ങളിലുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നത്. സര്‍ക്കാര്‍ ഏജന്‍സികള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളും സന്നദ്ധ പ്രവര്‍ത്തനങ്ങളും ഏകോപിപ്പിച്ചു കൊണ്ട് പാലിയേറ്റീവ് കെയര്‍ ആവശ്യമുള്ളവര്‍ക്ക് ഏറ്റവും മെച്ചപ്പെട്ട പരിചരണം ലഭ്യമാക്കുവാന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നു.

ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, എന്‍.എച്ച്.എം. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍, ഐ.എസ്.എം. ഡയറക്ടര്‍, ഹോമിയോപ്പതി ഡയറക്ടര്‍, വിവിധ പാലിയേറ്റീവ് കെയര്‍ സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

 

Author