സ്ത്രീകൾക്കായി ‘തൊഴിലരങ്ങത്തേക്ക്’ പ്രത്യേക ക്യാമ്പയിൻ വനിതാദിനത്തിൽ ആയിരം പേർക്ക് തൊഴിൽ

Spread the love

സ്ത്രീകൾക്ക് തൊഴിൽ ലഭ്യമാക്കുന്നതിനും അതിനാവശ്യമായ പരിശീലനം നൽകുന്നതിനുമായി സംഘടിപ്പിക്കുന്ന തൊഴിലരങ്ങത്തേക്ക് ക്യാമ്പയിൻ തൊഴിൽ അന്വേഷകർക്ക് ഏറെ പ്രയോജനകരമാകുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഉല്ലാസ് തോമസ്. തൊഴിൽ അന്വേഷകരായ സ്ത്രീകൾക്ക് വേണ്ടി സംഘടിപ്പിക്കുന്ന തൊഴിലരങ്ങത്തേക്ക് പ്രത്യേക പദ്ധതിയുടെ ജില്ലാതല ആലോചനയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

2018-19 ലെ കണക്ക് പ്രകാരം കേരളത്തിലെ സ്ത്രീകളുടെ തൊഴിൽ പങ്കാളിത്ത നിരക്ക് 20.4 ശതമാനമാണ്. തൊഴിൽ അന്വേഷകരെ കണ്ടെത്തുന്നതിനും പരിശീലനം നൽകുന്നതിനുമായി പഞ്ചായത്തുകളിൽ തൊഴിൽ സഭകൾ ആരംഭിച്ചിട്ടുണ്ട്. അഭ്യസ്തവിദ്യരായ തൊഴിൽ അന്വേഷകർക്ക് വിദ്യാഭ്യാസ യോഗ്യതയും നൈപുണ്യവും അനുസരിച്ച് തൊഴിൽ ലഭ്യമാക്കുന്നതിന് എല്ലാ സഹായങ്ങളും ജില്ലാ പഞ്ചായത്ത്
നൽകുമെന്നും പ്രസിഡൻ്റ് പറഞ്ഞു.

വിദ്യാഭ്യാസ യോഗ്യതയുണ്ടായിട്ടും തൊഴിലെടുക്കാന്‍ അനുകൂല സാഹചര്യം ലഭിക്കാത്ത സ്ത്രീകള്‍ക്കായാണ് തൊഴിലരങ്ങത്തേക്ക് പ്രത്യേക ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്. 2026 നുള്ളിൽ 20 ലക്ഷം പേർക്ക് സ്വകാര്യമേഖലയിൽ അവരുടെ വിദ്യാഭ്യാസ യോഗ്യതയ്ക്കും നൈപുണ്യത്തിനും അനുസരിച്ച് തൊഴിൽ നൽകുക എന്ന ലക്ഷ്യത്തോടെ കെ – ഡിസ്ക്, കേരള നോളജ് എക്കോണമി മിഷൻ, കുടുംബശ്രീ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

പദ്ധതിയുടെ ആദ്യഘട്ടത്തിൽ അറുപത് ദിവസം കൊണ്ട് ആയിരം സ്ത്രീകൾക്ക് തൊഴിലുറപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. വനിതാ ദിനമായ മാർച്ച് 8 ന് ആയിരം പേർക്കുള്ള ഓഫർ ലെറ്റർ കൈമാറും.

നോളജ് എക്കോണമി മിഷൻ കുടുംബശ്രീയുടെ സഹകരണത്തോടെ നടത്തിയ സർവ്വേയിൽ പ്ലസ് ടു അടിസ്ഥാന യോഗ്യതയുള്ളവരും 59 വയസിൽ താഴെ പ്രായമുള്ളവരുമായ 53 ലക്ഷം തൊഴിൽ അന്വേഷകർ ഉണ്ടെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ഇതിൽ 58 ശതമാനം സ്ത്രീകളാണ്. ഇവർക്ക് അനുയോജ്യമായ തൊഴിൽ മേഖലകൾ പദ്ധതി വഴി കണ്ടെത്തും.

തൊഴില്‍ അന്വേഷകര്‍ക്കായി നോളജ് എക്കോണമി മിഷന്‍ തയ്യാറാക്കിയ ഡിജിറ്റല്‍ മാനേജ്മെന്റ് വര്‍ക്ക്ഫോഴ്സ് സിസ്റ്റം (ഡി.ഡബ്ല്യൂ.എം.എസ്) എന്ന വെബ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തവര്‍, രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്ത തൊഴില്‍ അന്വേഷകരായ സ്ത്രീകള്‍, പട്ടികജാതി-പട്ടിക വര്‍ഗ വിഭാഗങ്ങളിലെയും മത്സ്യബന്ധന സമൂഹങ്ങളിലെയും ഭിന്നശേഷി വിഭാഗത്തിലെയും സ്ത്രീകള്‍, ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗങ്ങള്‍ എന്നിവര്‍ പദ്ധതിയുടെ ഗുണഭോക്താക്കളാകും. ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും നഗരസഭകളിലും പദ്ധതി നടപ്പാക്കും. ഇതിനായി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍, വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, തൊഴില്‍ ദാതാക്കളായ സ്വകാര്യ സ്ഥാപനങ്ങള്‍/വ്യക്തികള്‍ എന്നിവയെ പദ്ധതിയുമായി ബന്ധപ്പെടുത്തും.

ജില്ലാ ആസൂത്രണ സമിതി ഹാളിൽ നടന്ന പരിപാടിയിൽ കേരള നോളജ് മിഷൻ റീജിയണൽ പ്രോഗ്രാം മാനേജർ നീതു സത്യൻ, കേരള യൂണിവേഴ്സിറ്റി റീജിയണൽ പ്രോഗ്രാം മാനേജർ എ. ബി. അനൂപ് പ്രകാശ് എന്നിവർ പദ്ധതി വിശദീകരണം നടത്തി. ജില്ലാ പ്ലാനിങ് ഓഫീസർ പി. എ. ഫാത്തിമ, കൊച്ചി കോർപ്പറേഷൻ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി. ആർ. റെനീഷ്, നാഷണൽ ഇൻഫോമാറ്റിക്സ് സെൻ്റർ അഡീഷണൽ ഡിസ്ട്രിക്ട് ഇൻഫർമേഷൻ ഓഫീസർ ജോർജ് ഈപ്പൻ, ബ്ലോക്ക് പ്രസിഡൻ്റുമാർ, ജില്ലയിലെ തദ്ദേശ സ്ഥാപന അധ്യക്ഷന്മാർ, സെക്രട്ടറിമാർ, ആസൂത്രണ സമിതി അംഗങ്ങൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

Author