തുടർഭരണം കിട്ടിയശേഷം അഴിമതിക്ക് മാർക്സിസ്റ്റ് പാർട്ടി ഏത് വഴിയും സ്വീകരിക്കുന്നു : രമേശ് ചെന്നിത്തല

Spread the love

പാർട്ടി പുറത്താക്കിയ നേതാവിനെ അറസ്റ്റ് ചെയ്യണം.

തിരു: തുടർഭരണം കിട്ടിയശേഷം അടിമുടി മാർക്സിസ്റ്റ് പാർട്ടി അഴിമതി ഉൾപ്പെടെ ഏത് വഴിയും സ്വീകരിക്കുന്ന അവസ്ഥയിലേക്ക് തരം താഴ്ന്നുവെന്നു
കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു .

പാർട്ടി നേതാക്കളും പ്രവർത്തകരും പ്രതികളായ കേസുകൾ അന്വേഷിക്കുന്നത് പാർട്ടിക്കോടതികളാണ് എന്നതാണ് ഏറെ വിചിത്രം. കഴിഞ്ഞ ദിവസം ആലപ്പുഴയിൽ ഒരുഏര്യാക്കമ്മിറ്റി അംഗവും സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാനുമായ അംഗത്തിൻ്റെ ലോറിയിൽ നിന്ന് ഒരു കോടി രൂപയുടെ നിരോധിതലഹരി ഉൽപ്പന്നം പിടിച്ചിട്ട് അയാളെ പോലീസ് പ്രതിയാക്കുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്തിട്ടില്ല. പ്രഥമദൃഷ്ട്യാ കുറ്റം ചെയ്തതുകൊണ്ടാണല്ലോ പാർട്ടി പുറത്താക്കിയത്. എന്നിട്ടും സംരക്ഷിക്കുന്നതിനു പിന്നിൽ ദുരൂഹത ഏറുകയാണ്.

പല ഉന്നതനേതാക്കൾക്കും പങ്കുണ്ടെന്ന വാർത്തയും പുറത്തുവരുന്നു. ഷാനവാസിനെ പുറത്താക്കിയ യോഗത്തിൽ പങ്കെടുത്ത മന്ത്രിതന്നെ ആരോപണ വിധേയനെ സംരക്ഷിക്കുന്ന പ്രസ്താവന നടത്തുന്നു. ഇതെല്ലാo കള്ളക്കളിയാണ്. ദിനംപ്രതി പുറത്തുവരുന്ന ലഹരിക്കേസുകളിൽ പ്രതിസ്ഥാനത്ത് പലപ്പോഴും സ്വന്തം പാർട്ടിക്കാരാണ്. അതുകൊണ്ട് ഇത്തരം കേസുകൾ പിന്നീട് ആവിയാകുന്നു. ഇത്തരക്കാർക്ക് സർക്കാരും പോലീസും സംരക്ഷണം നൽകുന്നതാണ് കണ്ടുവരുന്നത്. ഇത് കൂടുതൽ പേർക്ക് ലഹരികടത്തു നടത്താൻ പ്രോത്സാഹനം നൽകുന്നു. ഇത് വളരെ അപകടകരമായ പ്രവണതയാണ്. മുളയിലേ നുളളിയില്ലെങ്കിൽ വലിയ വിലനൽകേണ്ടിവരും.

കുട്ടികളെപ്പോലും കാരിയർ ആക്കുന്ന മാഫിയാസംഘങ്ങൾ പടർന്നു പന്തലിച്ചിട്ടും പോലീസ് നോക്കുകുത്തിയായി നിൽക്കുന്ന കാഴ്ചയാണ് കാണുന്നത്.

താൻ ആഭ്യന്തര മന്ത്രിയായിരിക്കുമ്പോൾ ലഹരിമാഫിയയ്ക്കെതിരെ നടപ്പിലാക്കിയ ക്ളീൻ കാമ്പസ് സേഫ് കാമ്പസ് പദ്ധതി പിന്നീടു വന്ന പിണറായി സർക്കാർ അട്ടിമറിച്ചു. മാഫിയയ്ക്കെതിരെ 24 മണിക്കൂറും പ്രവർത്തിച്ചിരുന്ന പോലീസ് ആസ്ഥാനത്തെ നിരീക്ഷണ സംവിധാനമായിരുന്നു ക്ലീൻ ക്യാമ്പസ് സേഫ് ക്യാമ്പസ് പദ്ധതി. അതിലൂടെ ഇത്തരം മാഫിയാസംഘങ്ങളെ അമർച്ച ചെയ്യാൻ സാധിച്ചു.

ഇത്തരം കേസുകളിൽ ഇനിയെങ്കിലും സർക്കാർ മുഖംനോക്കാതെ നടപടിയെടുക്കണം. പ്രഥമദൃഷ്ട്യാ കുറ്റക്കാരനെന്നു കണ്ട് പാർട്ടി പുറത്താക്കിയ ഷാനവാസിനെ പ്രതി ചേർത്ത് അയാളെ അറസ്റ്റ് ചെയ്യണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

Author